കൊച്ചി കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കുമെന്ന ആശങ്ക അസ്ഥാനത്ത്: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
കൊച്ചി: കൊച്ചി കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈഡോക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികള്‍ നടപ്പാക്കാന്‍ മൂലധനം ആവശ്യമാണ്. വികസനമുണ്ടായില്ലെങ്കില്‍ തൊഴില്‍ അവസരങ്ങളുമുണ്ടാകില്ല. കപ്പല്‍ശാല ഓഹരി വില്‍പനയിലൂടെ നേടിയ തുക ഉപയോഗിച്ചാണു വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത്. കപ്പല്‍നിര്‍മാണ വ്യവസായത്തില്‍ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണു മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യക്ക് വെറും 0.4 ശതമാനം വിഹിതമേയുള്ളൂ. വിമാനവാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈഡോക് കൊച്ചിയില്‍ സജ്ജമാകുന്നതോടെ വിഹിതം രണ്ടുശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും.
പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ഇന്ത്യയിലെ കപ്പല്‍നിര്‍മാണ വ്യവസായത്തിനു കഴിയണം. സീ പ്ലെയ്ന്‍ ഉള്‍പ്പെടെയുള്ളവ രാജ്യത്ത് നിര്‍മിക്കണം. ഇന്ത്യക്കു വലിയ തോതിലുള്ള വളര്‍ച്ചാ സാധ്യതകളുണ്ടെങ്കിലും ഉയര്‍ന്ന ചരക്കു ഗതാഗതച്ചെലവ് തിരിച്ചടിയാണ്. ലിറ്ററിന് 22 രൂപ മാത്രം വിലയുള്ള മെഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ യാഥാര്‍ഥ്യമായാല്‍ ഇന്ധനച്ചെലവിലും കടത്തുകൂലിയിലും വലിയ ലാഭം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
1972ല്‍ കൊച്ചി കപ്പല്‍ശാലയുടെ നിര്‍മാണത്തിനായി സെമിത്തേരി പോലും മാറ്റി സ്ഥാപിച്ച ചരിത്രമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ വികസന കാര്യത്തില്‍ ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. കപ്പല്‍ശാലയുടേതു പോലൊരു ഭൂതകാലം എല്ലാവരും ഓര്‍ക്കേണ്ടതാണ്. ഉള്‍നാടന്‍ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സര്‍ക്കാര്‍ നല്‍കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ഷിപ്പിങ് മേഖലയില്‍ കേരളത്തിന് വലിയ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഭരണകൂടത്തിനായി കൊച്ചി കപ്പല്‍ശാല നിര്‍മിച്ച രണ്ട് യാത്രാക്കപ്പലുകളുടെ നീറ്റിലിറക്കല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന്‍ ഗഡ്കരി നിര്‍വഹിച്ചു. 500 പേര്‍ക്കുവീതം സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലുകളാണിവ.
കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍, കെ.വി തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മേയര്‍ സൗമിനി ജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."