റേഷന്‍ പഞ്ചസാര കേന്ദ്രം നിര്‍ത്തലാക്കി; വെട്ടിലായത് ചില്ലറ റേഷന്‍ വിതരണക്കാര്‍
കിളിമാനൂര്‍ :കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കടവഴി സബ്സിഡിയുള്ള റേഷന്‍ പഞ്ചസാരയുടെ വിതരണം നിര്‍ത്തി വെച്ചതോടെ സംസ്ഥാനത്താകമാനമുള്ള നൂറു കണക്കിന് റേഷന്‍ ചില്ലറ വ്യാപാരികള്‍ വെട്ടിലായി. പലകടകളിലും ക്വിന്റലുകണക്കിന് പഞ്ചസാര കെട്ടിക്കിടന്ന് നശിക്കുന്നു . എന്ത് ചെയ്യണമെന്ന് സര്‍ക്കാരോ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോ വ്യക്തമായ ഒരു നിര്‍ദേശവും റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. രണ്ടു മാസത്തിലേറെയായി പഞ്ചസാര അംഗീകൃത ചില്ലറ ഡിപ്പോകളില്‍ (എ.ആര്.ഡി ) ഇറക്കി വെച്ചിട്ട് . പഞ്ചസാര ഇറക്കി വെച്ചതിനു ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ നിരോധനം വന്നത് . മഴ മൂലം അന്തരീക്ഷം തണുത്തതോടെ പഞ്ചസാര അലിഞ്ഞു വെള്ളമായി ഒഴുകി തുടങ്ങിയതായി പല ചില്ലറ വ്യാപാരികളും പറയുന്നു. സംസ്ഥാനത്ത് ബി.പി.എല്‍ കാര്‍ഡുകളിലെ ഓരോ അംഗങ്ങള്‍ക്കും 250 ഗ്രാം പഞ്ചസാരയാണ് സബ്സിഡി നിരക്കില്‍ പ്രതിമാസം നല്കി വന്നിരുന്നത്. 13രൂപ 50 പൈസ യായിരുന്നു ഒരു കിലോ പഞ്ചസാരയുടെ വില.
സംസ്ഥാനത്തു പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഇത് പൂര്‍ത്തിയാക്കാനും തുടര്‍ നടപടികള്‍ക്കും ഇനിയും മാസങ്ങള്‍ എടുക്കും അതിനു ശേഷമേ നിലവില്‍ അംഗീകൃത ചില്ലറ ഡിപ്പോകളില്‍ ഇരിക്കുന്ന പഞ്ചസാര എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം വരാന്‍ സാധ്യത ഉള്ളൂ. അതാണ് സ്ഥിതിയെങ്കില്‍ ഡിപ്പോകളില്‍ കെട്ടികിടക്കുന്ന പഞ്ചസാര ഉപയോഗ ശൂന്യമാകും .
സംസ്ഥാനത്താകമാനം ആയിരക്കണക്കിന് ക്വിന്റല്‍ പഞ്ചസാരയാണ് അംഗീകൃത ചില്ലറ ഡിപ്പോകളില്‍ കെട്ടികിടക്കുന്നത് . പൊതു വിപണിയില്‍ നിലവില്‍ ഒരു കിലോ പഞ്ചസാരക്ക് 42 രൂപ വിലയുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."