എസ്.എഫ്.ഐ നേതാവിന്റെ വീട് ആക്രമണം; നാലുപേര്‍ അറസ്റ്റില്‍
കല്ലമ്പലം: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ നാലുപേരെ ആറ്റിങ്ങല്‍ പൊലിസ് അറസ്റ്റു ചെയ്തു. മേല്‍തോന്നയ്ക്കല്‍ പാട്ടത്തിന്‍കര കുടവൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം ഇടവേലിക്കല്‍ വീട്ടില്‍ നിധീഷ് (26), വേങ്ങോട് പുന്നശ്ശേരിക്കോണം ദ്വാരക വീട്ടില്‍ ഗോകുല്‍ ചന്ദ്രന്‍ (19), മേല്‍തോന്നക്കല്‍ ഇടയാവണം ക്ഷേത്രത്തിനു സമീപം പത്മവിലാസത്ത് വീട്ടില്‍ മീട്ടു ആര്‍. പ്രസന്നന്‍ (24), മേല്‍തോന്നക്കല്‍ തേരിക്കട ഷൈജാ ഭവനില്‍ മനീഷ് (19) എന്നിവരാണ് അറസ്റ്റിലായത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍കുമാറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ഒ.എ സുനില്‍, എസ്.ഐമാരായ തന്‍സീം, സനല്‍കുമാര്‍, ആര്‍.എസ് അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകരാണെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ 23ന് അര്‍ധരാത്രിയാണു കേസിനാസ്പദമായ സംഭവമുണ്ടായത്. തോന്നക്കല്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളാണ് എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കളുടെ വീടാക്രമണത്തില്‍ കലാശിച്ചത്. രാത്രി 11 മണിയോടെ അവനവഞ്ചേരി കൈപ്പറ്റി മുക്കില്‍ വിഷ്ണു നിവാസില്‍ ശ്യാം മോഹന്റെ വീട് അടിച്ചുതകര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ ശ്യാമോഹനും മാതാവ് രാഗിണിക്കും പരുക്കേറ്റു. ഇതിന്റെ പ്രതികാരമായിട്ടാണു രാത്രി രണ്ടരയോടെ കോരാണിയിലെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിനുനേരെ ആക്രമണമുണ്ടായത്.
ജനാലകള്‍ അടിച്ചുതകര്‍ത്തെങ്കിലും വീട്ടിനുള്ളിലേക്കു കടന്ന് ആക്രമണമുണ്ടായില്ല. രണ്ടു സംഭവങ്ങളിലുമായി പത്തുവീതം പ്രതികള്‍ ഉണ്ടാകുമെന്നാണ് പൊലിസിന്റെ നിഗമനം. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."