സാമ്പത്തിക പ്രതിന്ധിക്കും തൊഴിലില്ലായ്മക്കും വിചിത്ര വ്യാഖ്യാനങ്ങളുമായി കേന്ദ്രമന്ത്രിമാര്‍: യുവാക്കളെ അപമാനിച്ചതായി വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മയുടെ കാരണം ഉത്തരേന്ത്യയിലെ തൊഴിലന്വേഷകരായ യുവാക്കളില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തത് കൊണ്ടാണെന്ന് കേന്ദ്ര തൊഴില്‍സഹമന്ത്രി സന്തോഷ് ഗാംഗ്‌വരുടെ വിചിത്ര ന്യായീകരണം. രാജ്യത്ത് തൊഴിലവസരങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന തൊഴില്‍ റിക്രൂട്ട്‌മെന്റുകളിലേക്കു വരുന്ന ഉദ്യോഗാര്‍ഥികളില്‍ ആവശ്യമായ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് വിവിധ കമ്പനികള്‍ പലപ്പോഴും തന്നോട് പരാതിപ്പെടാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള കേന്ദ്രമന്ത്രിസഭയിലെ പ്രതിനിധിയായ സന്തോഷ് ഗാംഗ്‌വറിന്റെ പ്രസ്താവനക്കെതിരേ പ്രതിഷേധവും ഉയര്‍ന്നു. ബറേലി എം.പി ഉത്തരേന്ത്യയിലെ യുവാക്കളെയും യുവതികളെയും അപമാനിച്ചുവെന്നും സാമ്പത്തിക മാന്ദ്യത്തിന്റെ കുറ്റം അവരുടെമേല്‍ ചാര്‍ത്തുകയാണ് അദ്ദേഹം ചെയ്തതെന്നും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകളോട് ജീവിതം ഒരു ചക്രമാണെന്നും ചില സമയത്ത് സന്തോഷമുണ്ടാവുമെന്നും ചിലപ്പോള്‍ ദു:ഖവുമെന്നുമായിരുന്നു കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ തമാശ. നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ വ്യവസായികളെ ഉപദേശിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.
അതേസമയം, സാങ്കേതിക വിദ്യയുടെ പുരോഗതി കാരണമാണ് തൊഴിലില്ലായ്മ വര്‍ധിച്ചതെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രി രാംദാസ് അത്താവ്‌ലെയും പറഞ്ഞു. സാങ്കേതിക വിപ്ലവം കാരണമാണ് ആളുകള്‍ക്ക് ജോലി ഇല്ലാതാകുന്നത്. നേരത്തെ ഒരു ഫാക്ടറിയില്‍ 1000 തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 200 പേരെ കൊണ്ടു നടത്താന്‍ കഴിയുന്നുണ്ടെന്നും അത്താവ്‌ലെ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് മൂന്ന് കേന്ദ്രമന്ത്രിമാര്‍ നടത്തിയ പ്രതികരണമാണിത്. നേരത്തെ ഓട്ടോ മൊബൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന വലിയ തമാശപൊട്ടിച്ചത് ധനമന്ത്രി നിര്‍മല സീതാരാമനാണ്. യുവാക്കള്‍ ഓലയും യഊബറും അടക്കമുള്ള സര്‍വിസുകള്‍ ഉപയോഗിക്കുന്നത് കാരണം ആളുകള്‍ വാഹനങ്ങള്‍ വാങ്ങുന്നത് കുറച്ചെന്നും ഇതാണ് ഓട്ടോമൊബൈല്‍ വ്യവസായം തകരാന്‍ കാരണമെന്നുമായിരുന്നു ധനമന്ത്രി കണ്ടെത്തിയ ഗവേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."