ഹൈക്കോടതി നിര്‍ദേശം പാലിക്കാതെ മുക്കം നഗരസഭ
മുക്കം: ഒക്ടോബര്‍ 30നകം തദ്ദേശസ്ഥാപന പരിധികളില്‍ അനധികൃതമായി സ്ഥാപിച്ച മുഴുവന്‍ പരസ്യബോര്‍ഡുകളും എടുത്തുമാറ്റണമെന്ന ഹൈക്കോടതി നിര്‍ദേശം അട്ടിമറിച്ച് മുക്കം നഗരസഭ.
ഇത് സംബന്ധിച്ച് സര്‍ക്കാരും കര്‍ശന നിര്‍ദേശം നല്‍കിയിട്ടും അഗസ്ത്യമുഴിയില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയില്‍ സ്ഥാപിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് ഇതുവരെ എടുത്തുമാറ്റിയില്ല. കാരശ്ശേരി പഞ്ചായത്ത് അടക്കമുള്ള സമീപ തദ്ദേശസ്ഥാപനങ്ങള്‍ അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴാണ് മുക്കം നഗരസഭ വീഴ്ച വരുത്തിയത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ പക്ഷപാതം കാണിക്കുന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അനധികൃത പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍, കൊടികള്‍ എന്നിവ 30നകം നീക്കം ചെയ്തില്ലെങ്കില്‍ വീഴ്ചവരുത്തിയ തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിക്കും ഫീല്‍ഡ് സ്റ്റാഫിനുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് തദ്ദേശ സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന ചെലവും ഇത് സ്ഥാപിച്ചവര്‍ക്കെതിരേ ചുമത്തേണ്ട പിഴയും അവരില്‍നിന്നും ഈടാക്കേണ്ട പരസ്യനികുതിയും വീഴ്ചവരുത്തുന്ന സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. നടപടികളില്‍ വീഴ്ച വരുത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കംചെയ്യണമെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതോടെയാണ് തുടര്‍ച്ചയായി ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."