മോട്ടോര്‍ വാഹന നിയമ ഭേദഗതി: ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഉയര്‍ത്തിയ പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
കേന്ദ്ര നിയമത്തില്‍ ഇളവുവരുത്തി എങ്ങനെ പിഴ കുറയ്ക്കാമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ഗതാഗത മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഇന്ന് കൈമാറും. നിയമം സംസ്ഥാനത്ത് നടപ്പാക്കി ഓര്‍ഡിനന്‍സ് ഇറക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടിക എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
അതിനിടെ, മോട്ടോര്‍വാഹന നിയമ ഭേദഗതി പുനഃപരിശോധിക്കുന്നതിന് പകരം കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടതെന്ന ആവശ്യവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. ഇതിനായി എം.പിമാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളത്തിന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."