പരസ്യ ബോര്‍ഡ് നീക്കം ചെയ്യലില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇരട്ടത്താപ്പ്
ജംഷീര്‍ പള്ളിക്കുളം
പാലക്കാട്: പൊതുസ്ഥലത്തെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യലില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇരട്ടത്താപ്പ്. അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ഹൈക്കോടതി ഉത്തരവിട്ടിരിന്നു. ഒക്ടോബര്‍ 30നകം പൊതുസ്ഥലത്തെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നായിരിന്നു നിര്‍ദേശം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങിയത്. പരസ്യബോര്‍ഡുകള്‍ ഉടമകളോട് സ്വയം നീക്കം ചെയ്യാന്‍ നേരത്തെ തന്നെ അധികൃതര്‍ അറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സ്വയം ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനാലാണ് അധികൃതര്‍ക്ക് നേരിട്ട് രംഗത്തിറങ്ങിയത്. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ചെലവ് തുക ഉടമസ്ഥരില്‍ നിന്നും ഈടാക്കിയ ശേഷം മാത്രമേ ശേഖരിച്ച ബോര്‍ഡുകള്‍ തിരിച്ചു നല്‍കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടേയും പോഷക-തൊഴിലാളി സംഘടനകളുടെയും ബോര്‍ഡുകള്‍ നീക്കം ചെയ്യാതെ ഹൈക്കോടതിയുടെ ഉത്തരവില്‍ വെള്ളം ചേര്‍ക്കുകയാണ് ഇപ്പോള്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പരസ്യബോര്‍ഡുകള്‍ മാത്രം തെരഞ്ഞുപിടിച്ചുള്ള നീക്കം ചെയ്യല്‍ നാടകത്തിനെതിരേ പലകോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. പെട്ടന്നുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ നടപടി പരസ്യബോര്‍ഡ് കരാറുകാരെ വെട്ടിലാക്കിയിരിക്കുകയണ്. ലക്ഷങ്ങള്‍ നഗരസഭയിലും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിവെച്ചാണ് കരാറുകാര്‍ പരസ്യ ബോര്‍ഡുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്.
മാസങ്ങളോളം നീണ്ടുനില്‍ക്കേണ്ട ബോര്‍ഡുകളായതിനാല്‍ വിലകൂടിയ മെറ്റീരിയല്‍സാണ് പരസ്യബോര്‍ഡുകള്‍ക്ക് ഉപയോഗിച്ചിരുന്നത്. സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ ബോര്‍ഡുകള്‍ എടുത്തതോടെ വലിയ നഷ്ടമാണ് കരാറുകാര്‍ക്ക് സംഭവിച്ചിരിക്കുന്നത്. യാത്ര സൗകര്യങ്ങള്‍ സുഖമമാക്കുന്നതിനും റോഡരികിലെ അപകടങ്ങള്‍ കുറക്കുന്നതിനും വേണ്ടിയാണ് പൊതുസ്ഥലത്തെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ കാര്യക്ഷമമല്ലാത്ത തെരഞ്ഞ്പിടിച്ചുള്ള ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ നടപടികള്‍ ഉത്തരവിന്റെ ഉദ്ദേശഫലത്തെ ഇല്ലാതാക്കുന്നതാണ്. രാഷ്ട്രീയപാര്‍ട്ടികളുടേയും മറ്റു സംഘടനകളുടേയും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യാത്തതിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുനിരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച സംഘര്‍ഷങ്ങളും പൊതുപ്രശ്‌നമാണെന്നിരിക്കെ ഇവരുടെ ഫ്‌ളക്‌സുകളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യാത്തത് കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."