എണ്ണവില 20 ശതമാനം വര്‍ധിച്ചു
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദി അരാംകോയുടെ ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക യൂനിറ്റിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ കനത്ത നാശ നഷ്ടം ആഗോള എണ്ണവിപണിയെ പിടിച്ചുലക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമായ സഊദിയുടെ പ്രതിദിന ഉല്‍പാദനത്തില്‍ അന്‍പത് ശതമാനത്തിലധികമുണ്ടായ ഇടിവാണ് ആഗോള എണ്ണ വിപണിയില്‍ വന്‍ കുതിപ്പ് ഉണ്ടാകാന്‍ കാരണം. ക്രൂഡ് ഓയില്‍ വില 20 ശതമാനമാണ് വര്‍ധിച്ചത്. തിങ്കളാഴ്ച മാത്രം 11 ഡോളറിലേറെ വര്‍ധിച്ചു എഴുപത് ഡോളര്‍ പിന്നിട്ടു. 80 ഡോളര്‍ വരെ വില വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്. ബ്രെന്റ് ക്രൂഡിന് 19.5 ശതമാനം വര്‍ധിച്ച് 71.95 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡ.ബ്‌ള്യു.ടി.ഐ) 15.5 ശതമാനമാണ് വര്‍ധിച്ചത്. 1998 ജനുവരി 22 ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. ആഗോള എണ്ണവിപണി ഉയര്‍ച്ചക്ക് പിന്നാലെ ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സഊദി അരാംകോയുടെ ലോകത്തെ തന്നെ ഏറ്റവും കൂടിയ ഉല്‍പാദന ശേഷിയുള്ള പ്ലാന്റിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അരാംകോയുടെ അബ്‌ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്.
പ്രതിദിനം ഏഴു മില്യണ്‍ ബാരല്‍ ഉല്‍പാദന ശേഷിയുള്ള അബ്‌ഖൈഖ് എണ്ണശുദ്ധീകരണ ശാലയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്ലാന്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചതോടെയാണ് സഊദി എണ്ണയുല്‍പാദനം പകുതിയായി കുറച്ചത്. സഊദിയുടെ പ്രതിദിന എണ്ണയുല്‍പാദനം 9.85 ദശലക്ഷമായിരുന്നു. പ്ലാന്റ് ഭാഗികമായും താല്‍ക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സഊദിയുടെ ഉല്‍പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരല്‍ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് സഊദി ഒഴുക്കിയിരുന്നു. ഇതാണ് 5.7 ദശ ലക്ഷമാക്കി കുറച്ചത്. ഇതോടെയാണ് ആഗോള എണ്ണവിലി കുത്തനെ കൂടിയത്.
അതേസമയം, എണ്ണ വിതരണം പുനഃസ്ഥാപിക്കുന്നത് നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇതിനായി യു.എസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങിയാതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. എങ്കിലും പ്ലാന്റ് പൂര്‍വ സ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും വില നിലനല്‍ക്കുക.
ആഗോള എണ്ണവിപണിയിലെ ഈ കുതിച്ചു ചാട്ടം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ എണ്ണ വില വര്‍ധനവ് കൂടി വന്നാല്‍ അത് ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഗുരുതര പ്രതിസന്ധിയാണുണ്ടാക്കുക. എണ്ണ വില വര്‍ധിക്കുന്നതോടൊപ്പം രൂക്ഷമായ വിലക്കയറ്റവുമുണ്ടാകും. അത് മൂലം സാമ്പത്തിക രംഗം കൂടുതല്‍ തകിടം മറിയുമെന്നും വിലയിരുത്തുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ തളര്‍ച്ച പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും ഇതോടെ പാളുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."