ഗര്‍ഭിണികള്‍ക്ക് അശാസ്ത്രീയ നിര്‍ദേശങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിചരണത്തിനായി ഒരുതരത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ലാത്ത നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഗര്‍ഭകാലയളവില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുരുതെന്നും മാംസാഹാരം ഭക്ഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം രാജ്യത്ത് ഒരാള്‍ എങ്ങനെ ജീവിക്കണമെന്ന കാര്യത്തിന് അടിത്തറയിടുന്ന സര്‍ക്കാര്‍ നീക്കം പൗരന് നല്‍കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാനാണ് ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കാനും മാംസാഹാരം വര്‍ജിക്കാനും കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനായി അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ്മന്ത്രാലയം പ്രസിദ്ധീകരിച്ച ലഘുലേഖയിലാണ് ഈ വിവാദ നിര്‍ദേശം.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ശ്രീപാദ് നായിക് ആണ് ലഖുലേഖ പ്രകാശനംചെയ്തത്. ഇന്ത്യയില്‍ രണ്ടരകോടിയോളം കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും ജനിക്കുന്നത്.
ആയുഷമന്ത്രാലയത്തിനു വേണ്ടി സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതിയാണ് ലഘുലേഖ തയാറാക്കിയത്. ലൈംഗികബന്ധത്തിനൊപ്പം ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കണം.
മഹാന്‍മാരുടെ ജീവചരിത്രപുസ്തകങ്ങള്‍ ഈ സമയത്ത് വായിക്കുക. ശാന്തരായി ഇരിക്കുക. മുറിയില്‍ നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് അനുകൂലമാകും. ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുക, ആത്മീയചിന്തകളില്‍ മാത്രം വ്യാപൃതരാവുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ഗര്‍ഭിണികള്‍ക്ക് ആയുഷ് മന്ത്രാലയം നല്‍കുന്നുണ്ട്.
അതേസമയം, ഗര്‍ഭിണികള്‍ മാംസം കഴിക്കരുത്, ഇക്കാലയളവില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന ആയുഷ് മന്ത്രാലയത്തിന്റെ ആവശ്യത്തിന് ശാസ്ത്രീയ അടിത്തറയെന്താണെന്ന് വിദഗ്ദര്‍ ചോദിക്കുന്നു. ആയുഷ്മന്ത്രാലയത്തിന്റെ ഉപദേശങ്ങള്‍ അശാസ്ത്രീയമാണെന്ന് അപ്പോളോ ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ധ ഡോ. മാളവിക സബര്‍വാള്‍ പറഞ്ഞു.
പ്രോട്ടീനിന്റെയും പോഷകാഹാരകുറവുമാണ് ഗര്‍ഭകാലത്തെ സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ മാംസം ഈ രണ്ടുപ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."