മെഡിക്കല്‍, ദന്തല്‍: സ്വാശ്രയ കോളജുമായി ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളജുകളില്‍ ഈ വര്‍ഷത്തെ പ്രവേശനകാര്യങ്ങളെ കുറിച്ച് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്നു വൈകിട്ട് ചര്‍ച്ച നടത്തും. ഉയര്‍ന്ന ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തെ തുടര്‍ന്നു നേരത്തെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. സ്വാശ്രയ, ദന്തല്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷനെയും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
നീറ്റ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ എം.ബി.ബി.എസിനും ബി.ഡി.എസിനും പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഏകീകൃത അലോട്ട്‌മെന്റ് നടത്തുന്ന സാഹചര്യത്തില്‍ ഏകീകൃത ഫീസ് വേണമെന്നാണു മാനേജ്‌മെന്റുകളുടെ ആവശ്യം. കോളജ് നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഫീസ് വാങ്ങാമെന്നും പി.ജി കോഴ്‌സിനെക്കാള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാനാവില്ലെന്നുമാണു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരുമായി ധാരണയിലെത്തിയില്ലെങ്കിലും ഈ വര്‍ഷം എല്ലാ സീറ്റിലും പ്രവേശനം നടത്തുന്നത് സര്‍ക്കാരായിരിക്കും. ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയിലും ഇത്തവണ സര്‍ക്കാരാണ് പ്രവേശനം നടത്തുക. അമൃതയും പരിയാരവും ഉള്‍പ്പെടെ 24 മെഡിക്കല്‍കോളജുകളില്‍ ആകെ 2,700 എം.ബി.ബി.എസ് സീറ്റും 20 ദന്തല്‍ കോളജുകളിലായി 1,670 ബി.ഡി.എസ് സീറ്റുമാണ് ഉള്ളത്.
എന്‍.ആര്‍.ഐ ഒഴികെ മറ്റൊന്നിലും രണ്ടുതരം ഫീസ് നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാകും. മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയ്ക്ക് തയാറായില്ലെങ്കില്‍ പ്രവേശന മേല്‍നോട്ട സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിര്‍ണയിക്കും. കഴിഞ്ഞ തവണ സര്‍ക്കാരിന് വിട്ടുനല്‍കിയ മെഡിക്കല്‍ സീറ്റുകളില്‍ 20 ശതമാനം സീറ്റില്‍ 25,000 രൂപയും 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയുമായിരുന്നു വാര്‍ഷിക ഫീസ്. എം.ബി.ബി.എസ് മാനേജ്‌മെന്റ് സീറ്റില്‍ 11 ലക്ഷവും എന്‍.ആര്‍.ഐ സീറ്റിന് 15 ലക്ഷവുമാണ് ഫീസ് ഈടാക്കിയത്.
ദന്തല്‍ കോളജുകളില്‍ മെറിറ്റ് സീറ്റില്‍ 23,000 മുതല്‍ 2.10 ലക്ഷം രൂപവരെ വ്യത്യസ്ത രീതിയിലുള്ള ഫീസാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. മാനേജ്‌മെന്റ് സീറ്റിന് അഞ്ചുലക്ഷവും എന്‍.ആര്‍.ഐയില്‍ ആറുലക്ഷവുമാണ് ഫീസ്. എന്നാല്‍, എന്‍.ആര്‍.ഐ ഒഴികെ മറ്റൊന്നിലും വ്യത്യസ്ത ഫീസുകള്‍ ഈ വര്‍ഷം പറ്റില്ല. മാനേജ്‌മെന്റ് സീറ്റുകള്‍ ഇല്ലാതാകുന്നതോടെ മെഡിക്കല്‍കോളജ് നടത്തിപ്പ് പ്രതിസന്ധിയിലാണെന്നു കാണിക്കുന്ന കണക്കുകളുമായാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ചക്കെത്തുക. ആയുര്‍വേദ കോഴ്‌സുകളുടെ ഫീസ് നിര്‍ണയ ചര്‍ച്ചകളും ഇതിനൊപ്പം നടക്കും.
അതിനിടെ, സ്വാശ്രയ എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റ് സര്‍ക്കാരുമായി ഇന്ന് കരാര്‍ ഒപ്പിടും. നേരത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കരാറില്‍ ഒപ്പിട്ടിരുന്നു. ബാക്കിയുള്ള 102 സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളുടേതായിരിക്കും ഇന്ന് കരാര്‍ ഒപ്പിടുന്നത്. 50ശതമാനം സീറ്റ് പങ്കിടാനും കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന തുടരാനും മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."