യാത്രക്കാര്‍ക്ക് മനോഹര കാഴ്ചകളൊരുക്കി നിലമ്പൂര്‍- നായാടംപൊയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്
നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് നഷ്ടത്തിലോടുമ്പോഴും മലയോര മേഖലക്ക് ഉണര്‍വേകി നിലമ്പൂര്‍ -നായാടംപൊയില്‍ സര്‍വീസ്. മലയോര പാതയില്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസാണ് ജനകീയമായി മാറിയിരിക്കുകയാണ്. കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിലമ്പൂര്‍ - കോഴിപ്പാറ - തിരുവമ്പാടി സര്‍വീസില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുകയാണ്. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്ത് കുറുവന്‍പുഴക്ക് കുറുകെയുള്ള പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തതോടെയാണ് ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി അനുവദിച്ചത്. ജലടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടത്തിന് 500 മീറ്റര്‍ അകലെ കോഴിപ്പാറ വരെ ഈ സര്‍വീസ് പോകുന്നത് ടൂറിസ്റ്റുകള്‍ക്ക് ഏറെ സഹായകരമാകുകയാണ്. ദിനംപ്രതി നൂറുക്കണക്കിന് വിനോദസഞ്ചാരികളാണ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഇവിടെയെത്തുന്നത്. പ്രതിദിന കളക്ഷന്‍ 13,000 വരെയായി ഉയര്‍ന്നു കഴിഞ്ഞു. രാവിലെ 8.10നും 11.30നും വൈകുന്നേരം 4.40നും ആണ് നിലമ്പൂരില്‍ നിന്നും മറ്റിടങ്ങളിലേക്കുള്ള ബസ് സര്‍വീസ്. കുടിയേറ്റ കുടുംബങ്ങള്‍ക്കും ഒന്‍പത് ആദിവാസി കോളനികള്‍ക്കും ഈ ബസ് സര്‍വീസ് ഏറെ പ്രയോജനപ്പെടും. മൂലേപ്പാടം മുതല്‍ കോഴിപ്പാറ വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തില്‍ പന്തീരായിരം വനഭൂമി അതിരിട്ട് ഒഴുകുന്ന കുറുവന്‍പുഴയില്‍ ചെറുതും വലുതുമായ 12 വെള്ളച്ചാട്ടങ്ങളുമുണ്ട്. കൂടാതെ വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ തോട്ടപ്പള്ളി, വാളാംതോട്, നായാടംപൊയില്‍ എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം കണ്ട് ആസ്വാദിച്ചാണ് യാത്രക്കാര്‍ ഈ ബസില്‍ യാത്ര ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."