കരിപ്പൂര്‍ വിമാനത്താവളം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമര സംഗമം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാന്‍ ജില്ലാ പഞ്ചായത്തു തയ്യാറെടുക്കുന്നു. ജില്ലയിലെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും അണിനിരത്തി കൊണ്ടുള്ള ജനപ്രതിനിധികളുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്തു ഭരണ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്തംഗങ്ങായ മുസ്‌ലിംലീഗിലെ സറീന ഹസീബും കോണ്‍ഗ്രസിലെ എ.കെ അബ്ദുറഹ്മാനും വിമാനത്താവള പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചിരുന്നു. സി.പി.എമ്മിലെ അഡ്വ. ടി.കെ റഷീദലിയും ഈ പ്രശ്‌നത്തില്‍ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി. തുടര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം തന്നെ വേണമെന്നും കേവലം പ്രമേയത്തിലൂടെയുള്ള പ്രതിഷേധം പോരെന്നും അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അംഗങ്ങളുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ തല നേതാക്കളുടെ യോഗം വിളിച്ചു കൂട്ടി എല്ലാ ജനപ്രതിനിധികളെയും അണിനിരത്തി ജില്ലയിലെ 42 ലക്ഷം ജനങ്ങളുടെയും പ്രതിഷേധം പ്രതീകാത്മകമായി എയര്‍പോര്‍ട്ട് അതോറിറ്റിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിമാനത്താവള വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളും അതിനെതിരെ ഭൂഉടമകള്‍ നടത്തുന്ന ചെറുത്തു നില്‍പ്പും വിമാനത്താവളത്തിന്റെ പൂര്‍വ്വ സ്ഥിതി പുന:സ്ഥാപിക്കുന്നതിന് ഒരിക്കലും തടസ്സമാവേണ്ടതില്ല. കാരണം നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചു നടത്തിയിരുന്ന സര്‍വിസുകളാണ് ഇപ്പോള്‍ വെട്ടിചുരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിനു നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം പുന:സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പൂര്‍വസ്ഥിതി പുന:സ്ഥാപിക്കുന്നതിനു വേണ്ടിയാണു ജില്ലാ പഞ്ചായത്തു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്. ഇതിന് വേണ്ടി ഗ്രാമ-ബ്ലോക്ക്-പഞ്ചായത്ത് അധ്യക്ഷന്മാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കുന്നതാണെന്ന് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."