വിഴിഞ്ഞം പദ്ധതിയെ ചൊല്ലി കെ.പി.സി.സി യോഗത്തില്‍ തര്‍ക്കം
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ ചൊല്ലി കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ തര്‍ക്കം. മുന്‍ അധ്യക്ഷന്‍ വി.എം സുധീരനും കെ. മുരളീധരനും തമ്മിലാണ് വാക് പോരുണ്ടായത്. പാര്‍ട്ടി വേദിയില്‍ വിഴിഞ്ഞം കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞതോടെയാണ് വാക് തര്‍ക്കം ഉടലെടുത്തത്.
സുധീരന്റ പരാമര്‍ശത്തെ കെ. മുരളീധരന്‍ എതിര്‍ത്തു. പാര്‍ട്ടി വേദിയില്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തതാണെന്നും വിഴിഞ്ഞം കരാര്‍ ഉയര്‍ത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചതെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചന നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ആരോപണങ്ങള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. അദാനിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരാറുണ്ടാക്കുന്നതിന് ഹൈക്കമാന്‍ഡിനും എതിരഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും സുധീരന്‍ അറിയിച്ചു.
രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പല തവണ കത്ത് നല്‍കിയിട്ടും വി.എം സുധീരന്‍ അതിന് തയാറായിട്ടില്ലെന്ന് മുരളീധരന്‍ തിരിച്ചടിച്ചു. ചര്‍ച്ച നടന്നിട്ടില്ലെങ്കില്‍ അതായിരിക്കും അതിനുള്ള കാരണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. കരാറില്‍ സംശയം തോന്നിയിരുന്നതായി പി.സി ചാക്കോയും അഭിപ്രായപ്പെട്ടു. ഒറ്റ ടെന്‍ഡര്‍ മാത്രം വന്നതാണ് സംശയത്തിനിടയാക്കിയതെന്നും രാഷ്ട്രീയ കാര്യ സമിതിയില്‍ പി.സി ചാക്കോ വിശദീകരിച്ചു. ബഹളത്തില്‍ കലാശിച്ചതോടെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഇടപെട്ടു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് വിഴുപ്പലക്കേണ്ടതില്ലെന്ന് ഹസന്‍ പറഞ്ഞു.
എന്നാല്‍ കരാറിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അനുമതി വാങ്ങിയതാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. ഉമ്മന്‍ ചാണ്ടിയ്ക്ക് പിന്തുണ നല്‍കിയാണ് ചര്‍ച്ചകള്‍ അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."