ജില്ലയില്‍ ഭരണഭാഷാ വാരാചരണത്തിന് തുടക്കം
കോഴിക്കോട്: എത്രദൂരെ പോയാലും ഏതു ഭാഷ സംസാരിച്ചാലും മലയാളികള്‍ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മലയാളത്തിലാണെന്ന് അസി. കലക്ടര്‍ കെ.എസ് അഞ്ജു പറഞ്ഞു. മാതൃഭാഷയുടെ മഹത്വം നാം മനസിലാക്കുന്നത് അതില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴാണ്. ആദ്യം സംസാരിച്ച ഭാഷയ്ക്കും പിറന്ന നാടിനും ഏറെ പ്രാധാന്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മലയാളദിന, ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സിവില്‍ സര്‍വിസ് പരിശീലന സമയത്തെ അനുഭവങ്ങളും അസി. കലക്ടര്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.കെ ഗോപി 'കവിയോടൊപ്പം കുട്ടികള്‍' എന്ന പരിപാടിയില്‍ കുട്ടികളുമായി സംവദിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍ അദ്ദേഹത്തെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഉപഹാരം നല്‍കി ആദരിച്ചു. ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. ടി.ഐ ജയിംസ് അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ മുരളീ ഡെന്നീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."