മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട അക്രമ സംഭവം: വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍
മങ്കട: മങ്കടയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വാഹിദുള്‍പ്പെടുന്ന സംഘം അക്രമിച്ച് പരുക്കേല്‍പിച്ച കോളജ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍.
മങ്കട പഞ്ചായത്ത് അംഗം കെ.പി അനില്‍കുമാറിന്റെ മകന്‍ യദുകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതോടെ മഞ്ചേരിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. മര്‍ദനത്തെ തുടര്‍ന്ന് മൂത്രതടസം അനുഭവപ്പെട്ട വിദ്യാര്‍ഥിയുടെ അസുഖം കിഡ്‌നിയെ ബാധിച്ചതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
യദുകൃഷ്ണന്‍ മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ അക്രമത്തിനാണ് ഇരയായത്.
മങ്കടയിലെ വിനോദസഞ്ചാര കേന്ദ്രമായ കുരങ്ങന്‍ ചോല സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അക്രമത്തിനിരയായത്. മദ്യ ലഹരിയിലായിരുന്ന സംഘം വാഹനം തടഞ്ഞു നിര്‍ത്തി സിഗരറ്റും കഞ്ചാവും ഉണ്ടോയെന്നു അന്വേഷിച്ചപ്പോള്‍ ഇല്ലെന്നു അറിയിച്ചതോടെയായിരുന്നു മര്‍ദനം. സംഭവത്തില്‍ ഗണ്‍മാന്‍ ഉള്‍പ്പെട്ടതിനാല്‍ പൊലിസ് കേസെടുക്കാന്‍ വൈകിപ്പിച്ചിരുന്നു.
അതേസമയം, അക്രമത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വാഹിദിനു പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്.ഐ സതീഷ് പറഞ്ഞു.
ഒരാളെ കൂടി അറസ്റ്റ് ചെയ്തു
മങ്കട: ഗണ്‍മാന്‍ സംഘം ചേര്‍ന്ന് അക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ മങ്കട പൊലിസ് അറസ്റ്റ് ചെയ്തു. കൂട്ടില്‍ ചേരിയം മറ്റത്തൂര്‍ റിയാസിനെയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലിസ് പറഞ്ഞു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ നേരിട്ട് പങ്കെടുത്ത സംഭവമായിട്ടും പൊലിസ് കേസെടുക്കാന്‍ വൈമുഖ്യം കാണിക്കുന്നതില്‍ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ ഗണ്‍മാനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതും വിവാദത്തിനു തിരികൊളുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."