പുതിയ വിഗ്രഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന കാലം: ടി. പത്മനാഭന്‍
ചെറുവത്തൂര്‍: പുതിയ വിഗ്രഹങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പഴയവ തച്ചുടക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് കഥാകാരന്‍ ടി. പത്മനാഭന്‍. സാംസ്‌കാരിക വകുപ്പ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നെഹ്റു സ്മൃതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുട്ടമത്ത് സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ പ്രതിമ സ്ഥാപിച്ചതില്‍ ദുരൂഹതയില്ലേ എന്നാണ് ആലോചിക്കേണ്ടത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പ്രതിമകള്‍ അന്തര്‍ധാനം ചെയ്യപ്പെടുമ്പോള്‍ ഗോഡ്സെയുടെ പ്രതിമകള്‍ ഉയര്‍ന്നുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. നമ്മള്‍ സ്വതന്ത്രമായി ചിന്തിച്ച് തുടങ്ങേണ്ട കാലമായിരിക്കുന്നു. ഇപ്പോള്‍ ചിന്തിച്ചില്ലെങ്കില്‍ പിന്നീട് എത്തപ്പെടുന്നത് ഇരുട്ടിലേക്കായിരിക്കും.
അവിടെ വഴി തെളിക്കാന്‍ ആരുമുണ്ടാവില്ല എന്നത് തിരിച്ചറിയണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി. മൃദുലഭായിയുടെ കിളിപറന്ന വഴിയെ, എം.കെ സിജേഷിന്റെ കുഞ്ഞുണ്ണിയുടെ വര്‍ണലോകം എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ടി. സുമതി ഏറ്റുവാങ്ങി. ഡി.ഇ.ഒ കെ.വി പുഷ്പ, സന്തോഷ് സക്കറിയ, കെ. സത്യഭാമ, വാസു ചോറോട്, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, പി. വേണുഗോപാലന്‍, ടി. ജനാര്‍ദനന്‍, കെ.വി ലതിക, ജയചന്ദ്രന്‍ കുട്ടമത്ത്, എം.കെ സിജേഷ്, മൃദുലഭായ്, പി. സത്യനാഥന്‍, പി. സുകുമാരന്‍, ടി.വി രഘുനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."