കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാഗ്ദാനം; മാണി സി.കാപ്പന്‍ കോടികള്‍ തട്ടിയതായി മുംബൈയിലെ വ്യവസായി
കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാഗ്ദാനം ചെയ്ത് എന്‍.സി.പി നേതാവും പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാണി സി.കാപ്പന്‍ കോടികള്‍ തട്ടിയതായി ആരോപണം.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ദിനേശ് മേനോനാണ് സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് രംഗത്തുവന്നിട്ടുള്ളത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് താന്‍ തട്ടിപ്പിനിരയായത്. ദുബൈയിലുള്ള തന്റെ മകനില്‍ നിന്ന് മൂന്ന് കോടിയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങിയതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വി.എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റിങ്ങില്‍ തന്നെ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് തുടര്‍നടപടികള്‍ക്കായി മാണി സി.കാപ്പനെ ബന്ധപ്പെട്ടെങ്കിലും ഓഹരി പങ്കാളിത്തം നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനേ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. നിരന്തരം പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയത്. പണം തിരികെ ലഭിക്കുന്നതിനായി സി.ബി.ഐയില്‍ പരാതി നല്‍കിയതോടെ 3.25 കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലവും ഈടായി നല്‍കി.
തുടര്‍ന്ന് നാല് ചെക്കുകളും മടങ്ങിയതോടെ മുംബൈയിലെ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഈ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണ്‍ എടുത്തതായി അറിഞ്ഞു. ഇതോടെ ആ വഴിയും അടയുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു. നിലവില്‍ അഞ്ച് കേസുകള്‍ മാണി സി.കാപ്പനെതിരേ നല്‍കിയിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് വിവരം പുറത്തുപറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."