ഇനി ക്യൂ നില്‍ക്കാതെ വൈദ്യുതി ബില്ലടയ്ക്കാം
കോഴിക്കോട്: വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് ക്യൂ നില്‍ക്കേണ്ട. അല്‍പ്പം സമയം വൈകിപ്പോയാല്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന ഭയക്കുകയും വേണ്ട. അവധി ദിവസങ്ങളിലും വൈദ്യുതി ബില്ലടയ്ക്കാം. ഉപഭോക്താക്കള്‍ക്ക് ഓണസമ്മാനമായി കെ.എസ്.ഇ.ബിയുടെ എ.ടി.എം മാതൃകയില്‍ വൈദ്യുതി ബില്ലടയ്ക്കാനുള്ള കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സി.ഡി.എം മെഷീന്‍) അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ റീ സ്ട്രക്‌ച്ചേഡ് ആക്‌സിലറേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോംസ് പ്രോഗ്രാമിന്റെ (ആര്‍.എ.പി.ഡി.ആര്‍.പി) ഭാഗമായാണ് സംസ്ഥാനത്തെ മറ്റ് അഞ്ച് ജില്ലകളോടൊപ്പം കോഴിക്കോട്ടും പദ്ധതി നടപ്പാക്കുന്നത്.
കോവൂര്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫിസിലാണ് ജില്ലയില്‍ ആദ്യ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സി.ഡി.എം) സ്ഥാപിക്കുന്നത്. ഇതിനായുള്ള റൂമിന്റെ പ്രവൃത്തികളും സിവില്‍ വര്‍ക്കുകളുമെല്ലാം ഇതിനകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി മെഷീന്‍ സ്ഥാപിക്കുക മാത്രമാണ് ബാക്കിയുള്ളത്. അഞ്ചുദിവസത്തിനുള്ളില്‍ ഈ പ്രവൃത്തിയും പൂര്‍ത്തിയാകും. കോവൂര്‍ ഓഫിസിലെ കാഷ് കൗണ്ടറിനോട് ചേര്‍ന്ന് പുറത്തുനിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് മെഷീന്‍ സ്ഥാപിക്കുക. തിരുവനന്തപുരത്തെ കേന്ദ്രീകൃത സെര്‍വറുമായി മെഷീന്‍ ബന്ധപ്പെടുത്താനുള്ള ഇന്റര്‍നെറ്റ് സൗകര്യം പരിഗണിച്ചാണ് കോവൂരിലെ ഓഫിസിനോട് ചേര്‍ന്ന് സി.ഡി.എം സ്ഥാപിക്കുന്നത്. മെഷീന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ളതാണ് മെഷീന്‍. യന്ത്രത്തില്‍ നോട്ടും നാണയവും നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ചെക്കായും ബില്ലടയ്ക്കാം.
വൈദ്യുതി ബില്‍ യന്ത്രത്തിലെ പ്രത്യേക ഭാഗത്ത് സ്‌കാന്‍ ചെയ്യുമ്പോള്‍ അടയ്‌ക്കേണ്ട തുക സ്‌ക്രീനില്‍ തെളിയും. പണം നിക്ഷേപിക്കേണ്ട ഭാഗത്ത് പച്ച വെളിച്ചം വന്നാല്‍ നോട്ടുകള്‍ ഓരോന്നായി നിക്ഷേപിക്കണം. ആവശ്യമായ മുഴുവന്‍ നോട്ടുകളും നിക്ഷേപിച്ചു കഴിയുമ്പോള്‍ തുക കംപ്യൂട്ടറില്‍ തെളിയും. ഓ.കെ ബട്ടണ്‍ പ്രസ് ചെയ്താല്‍ രസീത് ലഭിക്കും. ചെക്ക് നല്‍കുമ്പോള്‍ മെഷീന്‍ സ്‌കാന്‍ ചെയ്ത് സ്‌ക്രീനില്‍ ദൃശ്യമാക്കും. സര്‍വിസ് ചാര്‍ജിന്റെ ആവശ്യവുമില്ല. ബില്‍ തുകയെക്കാള്‍ കൂടുതല്‍ പണമടച്ചാല്‍ അധികമുള്ള തുക അടുത്ത ബില്ലിലേക്ക് ചേര്‍ക്കും.സ്‌പോട്ട് ബില്ലിങ് മെഷീന്‍ (എസ്.ബി.എം) ഉപയോഗിച്ച് മീറ്റര്‍ റീഡിങ് നടത്തി നല്‍കുന്ന ബില്ലുകളും സി.ഡി.എം സ്വീകരിക്കും. ബില്‍ അടയ്ക്കുന്നയാളിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മെഷീനില്‍ കാമറയുണ്ട്. അധികം വൈകാതെ ബസ് സ്റ്റാന്‍ഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സി.ഡി.എം സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ (ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് ) പി. കുമാരന്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."