കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുപ്പ്: ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു
പുതുക്കാട്: വരന്തരപ്പിള്ളി കുന്നത്തുപാടത്ത് വീടുപണിയുടെ മറവില്‍ നടന്നുവന്ന മണ്ണെടുപ്പ് നിര്‍ത്തിവച്ചു. വ്യാഴാഴ്ച സ്ഥലത്തെത്തിയ ജിയോളജി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദിവസങ്ങളായി നടന്നുവന്ന മണ്ണെടുപ്പ് നിര്‍ത്തിയത്. സ്ഥലമുടമ സമര്‍പ്പിച്ച കെട്ടിടത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തിയിരിക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് മണ്ണെടുപ്പ് നിര്‍ത്താന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ എത്തി മണ്ണെടുപ്പ് നിര്‍ത്തിവച്ചിരുന്നു.പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്.
മൂന്നു വര്‍ഷം മുന്‍പ് പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റെ രൂപരേഖ പ്രകാരമാണ് ഇവിടെ മണ്ണെടുക്കാന്‍ അനുമതി നേടിയിരുന്നത്. ഇതിനെതിരേ പൊതുപ്രവര്‍ത്തകനായ ടി.എന്‍ മുകുന്ദന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചാണ് മണ്ണെടുപ്പിന് അനുമതി നേടിയത്. എന്നാല്‍ പ്ലാനില്‍ മാറ്റം വരുത്തി പഞ്ചായത്ത് അധികൃതരേയും ഹൈക്കോടതിയേയും തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലമുടമ ഉത്തരവ് നേടിയതെന്ന് കാണിച്ച് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുകുന്ദന് ആര്.ഡി.ഒക്ക് പരാതി നല്‍കിയിരുന്നു. സ്ഥലമുടമയോട് പഴയ പ്ലാന്‍ പ്രകാരം വീണ്ടും അപേക്ഷ സമര്‍പ്പിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."