പെരുംതോട് വലിയതോട് രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
കയ്പമംഗലം: നിയോജകമണ്ഡലത്തിലെ പെരുംതോട് വലിയതോട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം.
മതിലകം ബ്ലോക്കിന് കീഴിലുള്ള പെരിഞ്ഞനം, മതിലകം, എസ്.എന്‍.പുരം, എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ ശുദ്ധജല സ്രോതസായ പെരുംതോട് വലിയതോട് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ചെയര്‍മാനായും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി ജനറല്‍ കണ്‍വീനറുമായും അഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ കണ്‍വീനര്‍മാരുമായും ഉള്ള ജനകീയ സമിതിയുടെ മേല്‍നോട്ടത്തിലാണ് രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിട്ടുള്ളത്. എറിയാട് പഞ്ചായത്തില്‍ നിന്നാണ് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. കുടുംബശ്രി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹാര്‍മണി റിസ്‌ക്യൂ ഗ്രൂപ്പ് മെംബര്‍മാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍ അധ്യക്ഷയായിരുന്നു. ജനപ്രതിനിധികളായ ബേബി ജനാര്‍ദനന്‍, അസീസ്, ഫാത്തിമ, സിദ്ധിഖ്, സുഗത, അംബിക സംബന്ധിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യവും ചെളിയും നിറഞ്ഞ 5.97 കിലോ മീറ്റര്‍ തോട് വൃത്തിയാക്കി. 4.17 കിലോ മീറ്റര്‍ തോട് കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. 26428 തൊഴില്‍ ദിനങ്ങള്‍ സാധ്യമാക്കി. കയറിനും കൂലി ഇനത്തിലും 88, 14,943 രൂപ ചെലവ് വന്നു. ഇതിന് പുറമെ യന്ത്ര സംവിധാനം ഉപയോഗിക്കുന്നതിനായി എറിയാട് പഞ്ചായത്തില്‍ മാത്രം 2 ലക്ഷം രൂപ ജനങ്ങളില്‍ നിന്ന് സമാഹരിച്ചു. ലൂയിസ് കനാല്‍ ഉള്‍പ്പെടെ മത്സ്യ കൃഷി, താറാവ് കൃഷി തുടങ്ങിയ നിരവധി പദ്ധതികള്‍ ഉല്‍പെടുത്തിയാണ് രണ്ടാംഘട്ടത്തിന് തുടക്കമിട്ടത്. കയര്‍ഭൂവസ്ത്രം പുതച്ച് സുന്ദരിയായി മാറിയ ഇരു തോടിന്റെ കഥ ഡോക്യൂമെന്ററിയാവുകയും ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും ക്ലബുകളും സന്നദ്ധ സംഘങ്ങളും വിദ്യാര്‍ഥികളും പെരുംതോടിന്റെ നവീകരണങ്ങളില്‍ പങ്കാളികളായ ഈ പദ്ധതി കേരളത്തിലെ തന്നെ ഏറ്റവും വലിയ കയര്‍ ഭൂവസ്ത്രം അണിഞ്ഞ പദ്ധതിയാണെന്നും മന്ത്രി തോമസ് ഐസക്ക് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."