അതിദി വധക്കേസില്‍ വിചാരണ തുടങ്ങി
കോഴിക്കോട്: തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് ഏഴുവയസുകാരിയായ അതിദിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി. കുട്ടിയുടെ സഹോദരനെയും മാതൃസഹോദരനേയും അയല്‍വാസികളെയും കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ശങ്കരന്‍ നായര്‍ മുന്‍പാകെ വിസ്തരിച്ചു. അതിദിയെയും തന്നെയും പ്രതികളായ പിതാവും രണ്ടാനമ്മയും മര്‍ദിച്ചിരുന്നതായി സഹോദരന്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. പ്രതികള്‍ രണ്ട് കുട്ടികളെയും ക്രൂരമായ രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായി അതിദിയുടെ അമ്മ ശ്രീജയുടെ സഹോദരന്‍ ശ്രീജിത്ത് കോടതിയെ അറിയിച്ചു.
പ്രതികളായ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഭാര്യ റംല ബീഗം എന്ന ദേവിക എന്നിവര്‍ മക്കളെ ശാരീരികമായി ഉപദ്രവിക്കുന്നത് പലതവണ കണ്ടതായും ഇതു സംബന്ധിച്ച് റസിഡന്‍സ് അസോസിയേഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അയല്‍വാസികളായ രമേശ് കുറുപ്പ്, മുരളി, സുഭാഷ് എന്നിവരും മൊഴി നല്‍കി.
ബാക്കിയുള്ള സാക്ഷികളുടെ വിസ്താരം ഇന്നു നടക്കും. 2013 ഏപ്രില്‍ 29നാണ് ബിലാത്തിക്കുളം ബി.ഇ.എം.യു.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന അതിദി മരിച്ചത്. പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളലേറ്റ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലത്തെിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അറസ്റ്റിലായ സുബ്രഹ്മണ്യനും റംലാ ബീഗവും നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നുവെങ്കിലും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ദിവസം തന്നെ സുബ്രഹ്മണ്യന്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് പിടിയിലാകുകയായിരുന്നു. ഉടന്‍ റംലാ ബീഗവും കീഴടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."