മരടിലെ റിസോര്‍ട്ട് ഉടമകളുടെ പള്ളിവാസലിലെ അനധികൃത റിസോര്‍ട്ടിനും പഞ്ചായത്ത് ലൈസന്‍സ്, വീണ്ടും വലിയ പിഴ
സ്വന്തം ലേഖകന്‍
തൊടുപുഴ: മരടിലെ വിവാദ ഫ്‌ളാറ്റ് ഉടമകളുടെ പള്ളിവാസലിലെ അനധികൃത റിസോര്‍ട്ടിന് പഞ്ചായത്ത് ലൈസന്‍സ്. മരടില്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവുള്ള ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയ ഉടമകളായ കെ.പി. വര്‍ക്കി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പള്ളിവാസല്‍ ചിത്തിരപുരത്തെ ഗോള്‍ഡന്‍ മൂന്നാര്‍ പാലസ് റിസോര്‍ട്ടിനാണ് അനധികൃതമായി ലൈസന്‍സ് നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
2016ല്‍ പള്ളിവാസല്‍ വില്ലേജ് ഓഫിസര്‍ കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം കെ.എസ്.ഇ.ബി ഭൂമിയാണെന്ന് മുന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാനത്തെ ആദ്യ വൈദ്യുതി നിലയമായ പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വൈദ്യുതി ബോര്‍ഡിന് 500 ഏക്കറോളം ഭൂമി ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ 200 ഏക്കറോളം കൈയേറ്റം മൂലം അന്യാധീനപ്പെട്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയും ഗോള്‍ഡന്‍ മൂന്നാര്‍ പാലസ് റിസോര്‍ട്ടിനില്ല. എന്നിട്ടും കെട്ടിടത്തിന് കഴിഞ്ഞ ജൂണില്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതാണ് വിവാദമാകുന്നത്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ കളികളാണ് ഇതിനു പിന്നിലെന്നുമാണ് പ്രസിഡന്റ് തുളസീഭായ് കൃഷ്ണന്‍ പറയുന്നത്. ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരുടെ മേല്‍ പഴിചാരി രക്ഷപ്പെടാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായി. പെര്‍മിറ്റ് കൊടുക്കുന്നതില്‍ പഞ്ചായത്ത് സെക്രട്ടറിക്കും വലിയ ഉത്തരവാദിത്വമുണ്ടെന്നാണ് പഞ്ചായത്ത് ഭരണസമിതി അധികൃതരുടെ ഭാഷ്യം.
പഞ്ചായത്തംഗങ്ങള്‍ ഒറ്റക്കെട്ടായാണ് റിസോര്‍ട്ട് ഉടമകള്‍ക്ക് അനുകൂല തീരുമാനമെടുത്തതെന്ന് രേഖകളില്‍ വ്യക്തമാണ്. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പള്ളിവാസല്‍ സ്വദേശി ദേവികുളം സബ് കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."