സാമൂഹിക ശാക്തീകരണ പദ്ധതികള്‍ക്ക് കവാടം തുറന്ന് ഹാദിയ സെന്റര്‍
മലപ്പുറം: പഠനത്തിനും സാമൂഹിക നിര്‍മിതിക്കും ബൗദ്ധിക കവാടം തുറന്ന് പാണക്കാട് ഹാദിയ സെന്റര്‍ മുന്നോട്ട്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ ബിരുദധാരികളുടെ കൂട്ടായ്മയാണ് വേറിട്ട കര്‍മപരിപാടികളിലൂടെ രാജ്യത്തിനു മാതൃകയാവുന്നത്. ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് (സി.എസ്.ഇ) എന്ന പേരില്‍ പാണക്കാട് എടയ്പ്പാലത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് ബഹുമുഖ പദ്ധതികളുടെ വിഭവ കേന്ദ്രമൊരുക്കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, നാല് ബില്‍ഡിങുകളിലായി താമസ സൗകര്യം, ഗസ്റ്റ് ലോഞ്ച്, ഓപ്പണ്‍ ഗ്യാലറി, കൗണ്‍സലിങ് സെന്റര്‍ എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക ശാക്തീകരണ പരിപാടികള്‍ സി.എസ്.ഇയുടെ പ്രധാന പദ്ധതിയാണ്. ആന്ധ്രാപ്രദേശ്, കര്‍ണാടക, അസം, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, കശ്മിര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 647 വില്ലേജുകളില്‍ പ്രാഥമിക മദ്‌റസകള്‍ ഇതിനുകീഴില്‍ തുടങ്ങിയിട്ടുണ്ട്. 30,700 വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പഠിതാക്കളാണ്. മഹല്ല് ശാക്തീകരണ പദ്ധതികള്‍, സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ പരിശീലന പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സലിങ്, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പഠന പരിപാടി, ഡിസ്റ്റന്‍സ് ഇസ്‌ലാമിക പഠനം, ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങിയ ഭാഷാപരിശീല പരിപാടികള്‍ തുടങ്ങിയവ സി.എസ്.ഇക്കു കീഴിലുണ്ട്. വിവിധ പരിശീലനങ്ങള്‍ക്കാവശ്യമായ സൗകര്യവും ട്രൈയിനര്‍മാരെയും സി.എസ്.ഇയില്‍ സജ്ജമാക്കിയിട്ടുണ്ട്.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതിയാണ് 2015ല്‍ ആരംഭിച്ച സി.എസ്.ഇയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. സി.എസ്.ഇ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഗസ്റ്റ് ലോഞ്ച്, ഓപ്പണ്‍ഗ്യാലറി, കൗണ്‍സലിങ് സെന്റര്‍ തുടങ്ങിയവയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. പ്രൊജക്ട് ഓഫിസ്, രണ്ട് ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍, സ്റ്റുഡിയോ തുടങ്ങിയവ പ്രധാന കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കോണ്‍റഫറന്‍സ് ഹാളും ഇവിടെയുണ്ട്. ഇന്‍സിറ്റിയൂഷനല്‍ എംപവര്‍മെന്റ്, ദാറുല്‍ഹിക്മ, ബുക് പ്ലസ്, മീഡിയ ലൈന്‍, റിസോഴ്‌സ് ഹബ്, സൈക്കോ-സോഷ്യല്‍ ഹെല്‍ത്ത് ക്ലബ് എന്നീ ആറു വിഭാഗങ്ങളിലായി വിവിധ പദ്ധതികളും നടപ്പിലാക്കുന്നതായി സി.എസ്.ഇ അഡ്മിനിസ്‌ട്രേറ്റര്‍ ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."