വാട്‌സ് ആപ്പ് വഴി സ്ത്രീകളെ ഭീഷണിപ്പെടുത്തിയയാള്‍ റിമാന്‍ഡില്‍
നാദാപുരം: വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു പണം തട്ടുന്ന പതിനെട്ടുകാരന്‍ റിമാന്‍ഡില്‍.
കഴിഞ്ഞ ദിവസം കുമ്മങ്കോട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ദേവര്‍ഷോല അന്‍ഷാദിനെ (18) യാണ് ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തത്. കൂട്ടുകാരിയെന്ന വ്യാജേന വാട്‌സ് ആപ്പില്‍ യുവതിയുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ ഫോട്ടോ ശേഖരിച്ച ഇയാള്‍ എഡിറ്റ് ചെയ്ത് തന്റെ ഫോട്ടോയും ചേര്‍ത്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം ആവശ്യപ്പെട്ട അന്‍ഷാദ് യുവതിക്ക് തന്റെ ബാങ്ക് അക്കൗണ്ട് നമ്പരും നല്‍കി. യുവാവിന്റെ നിര്‍ദേശ പ്രകാരം കല്ലാച്ചിയില്‍ കാത്തുനിന്ന യുവതിയും പൊലിസും ചേര്‍ന്നു ഇയാളെ തന്ത്രപൂര്‍വ്വം കെണിയിലാക്കുകയായിരുന്നു.
പണം തരാമെന്ന ഉറപ്പില്‍ കല്ലാച്ചിയില്‍ വിളിച്ചു വരുത്തിയ അന്‍ഷാദിനെ സ്ഥലത്ത് നേരത്തെ നിലയുറപ്പിച്ച പൊലിസ് അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്ന് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് പൊലിസ് നല്‍കുന്ന സൂചന.
ഇയാളുടെ മൊബൈല്‍ ഫോണില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ വഴി ഒളിപ്പിച്ചു വെച്ച കൂടുതല്‍ യുവതികളുടെ പടങ്ങള്‍ പൊലിസ് കണ്ടെത്തി. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പല സ്ഥലങ്ങളില്‍ നിന്ന് നിരവധി യുവതികളില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വാട്‌സ് ആപ് വഴി ചാറ്റിങ്ങിലൂടെ ഇയാള്‍ യുവതികളുമായി ചങ്ങാത്തം കൂടുകയാണ് ചെയ്യുന്നത്. ഇയാള്‍ക്ക് പുറമെ മറ്റു ചിലര്‍ കൂടി സംഘത്തില്‍ ഉണ്ടെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്യാന്‍ പൊലിസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."