മേഴ്‌സിക്കുട്ടന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒഫീഷ്യല്‍സിനെ വിട്ടുനല്‍കുമെന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്റെ പ്രസ്താവന വിവാദത്തില്‍. മേഴ്‌സിക്കുട്ടനെതിരേ കായികാധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പ്രതിഷേധമാണ് നടത്തുന്നത്.
കായികാധ്യാപകര്‍ ആരംഭിച്ച ചട്ടപ്പടി സമരം ഒത്തുതീര്‍പ്പാക്കാനാവാത്തത് സംസ്ഥാന സ്‌കൂള്‍ കായിക മേള നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയ സാഹചര്യത്തിലാണ് കായികമേള നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒഫീഷ്യല്‍സിനെ വിട്ടുനല്‍കും എന്ന് മേഴ്‌സിക്കുട്ടന്‍ അറിയിച്ചത്. എന്നാല്‍ ജില്ലാ കായികമേള മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പിന്തുണ ആവശ്യമാണെന്നും അതത് ജില്ലകളിലെ അസോസിയേഷന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ ഡയരക്ടറുടെ സര്‍ക്കുലര്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒഫീഷ്യല്‍സിനെ വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് മേഴ്‌സികുട്ടന്‍ സുപ്രഭാതത്തോട് പ്രതികരിച്ചു.
കായികാധ്യാപകരും സര്‍ക്കാരുമായുള്ള പ്രശ്‌നത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെടില്ലെന്നും കുട്ടികളുടെ ഭാവിയെ ഓര്‍ത്താണ് ഒരു മുന്‍ കായികതാരമെന്ന നിലയില്‍ കായികമേളകള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതെന്നും മേഴ്‌സിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.
യു.പി, ഹൈസ്‌കൂള്‍ കായികാധ്യാപകരുടെ തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹയര്‍സെക്കന്‍ഡറിയില്‍ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനും നടപ്പാക്കുക, തുല്യജോലിക്ക് തുല്യവേതനം അനുവദിക്കുക, സ്‌പെഷലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറല്‍ അധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകര്‍ ചട്ടപ്പടി സമരം നടത്തുന്നത്. കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കായികാധ്യാപകരുടെ സമരം ഇപ്പോഴും തുടരുന്നതാണ് കായികമേള നടത്തിപ്പിനെ ബാധിച്ചിരിക്കുന്നത്.
ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് 2017ല്‍ കായികാധ്യാപകര്‍ സമരം നടത്തിയിരുന്നെങ്കിലും സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ വീണ്ടും സമരം തുടങ്ങുകയായിരുന്നു. സമരം നടത്തുന്ന അധ്യാപകരുമായി വിദ്യാഭ്യാസ മന്ത്രിയും ഡി.പി.ഐയും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കായികമേള നടത്തിപ്പിനെയും ഇത് ബാധിച്ചിരിക്കുന്നത്.
നവംബര്‍ 14 മുതല്‍ 17 വരെ കണ്ണൂരിലാണ് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് നടക്കുന്നത്. നവംബറില്‍ തന്നെയാണ് ദേശീയ സ്‌കൂള്‍ കായികമേളയും. അധ്യാപകരുടെ സമരം വിദ്യാര്‍ഥികളുടെ പരിശീലനത്തെയും ബാധിക്കുന്നുണ്ട്. നിലവില്‍ സമരം തുടരുന്നതിനാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ മാത്രമാണ് കായികാധ്യാപകര്‍ പരിശീലിപ്പിക്കുന്നത്. ക്ലാസ് പരിധി ഒഴിവാക്കി പ്രായപരിധി നടപ്പിലാക്കാനുള്ള സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരാര്‍ഥികള്‍ കൂടുതലും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ കായികാധ്യാപകരില്ലാത്തതും ഇവരുടെ പരിശീലനത്തെ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."