മഞ്ചേരിയില്‍ മാലിന്യനിര്‍മാര്‍ജനം പാളി; നോക്കുകുത്തിയായി ബയോഗ്യാസ് പ്ലാന്റ്
മഞ്ചേരി: മാലിന്യപ്രശ്‌നം രൂക്ഷമായി തുടരുന്ന മഞ്ചേരിയില്‍ മത്സ്യ മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയാവുന്നു. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരിക്കുകയും സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമങ്ങളില്ലാത്തതും കാരണം പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളാണു പാഴാകുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിനോടുചേര്‍ന്നുള്ള മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റ് ഒരുക്കിയത്. 19 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സംവിധാനം ആദ്യ ഘട്ടത്തിനുശേഷം കേടുപാടുകള്‍ കാരണം ഉപയോഗശൂന്യമാവുകയായിരുന്നു. അറ്റകുറ്റപണികള്‍ക്കായി വീണ്ടും ലക്ഷങ്ങള്‍ ചെലവിട്ടെങ്കിലും പദ്ധതി പ്രയോജനപ്പെടുത്താനായില്ല. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്ന അവസ്ഥ പരിഹരിക്കുക എന്നായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ശാസ്ത്രീയമായി ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ചു പാചകവാതകം ഉല്‍പാദിപ്പിച്ചു സമീപത്തെ ഭക്ഷ്യശാലകള്‍ക്കു വിതരണം ചെയ്യാനും പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. കാല്‍ലക്ഷം രൂപ പാഴായി എന്നല്ലാതെ പദ്ധതി കൊണ്ട് മഞ്ചേരിക്കു യാതൊരു ഉപകാരവും ലഭിച്ചില്ല. ഇതിനിടെ കേടായ സംവിധാനത്തില്‍ മാലിന്യം തള്ളുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതു തടയാന്‍ വേണ്ട നടപടികളാണ് ഇപ്പോള്‍ നഗരസഭ കൈക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."