കല്ലമ്പലത്ത് പ്രതിഷേധം; സ്ഥലമെടുപ്പ് നിര്‍ത്തിവച്ചു
കല്ലമ്പലം: ദേശീയപാത വീതികൂട്ടലുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പില്‍ അപാകത ആരോപിച്ച് കല്ലമ്പലത്ത് വ്യാപാരികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവച്ചു. വി. ജോയി എം.എല്‍.എയും ഉദ്യോഗസ്ഥരും വ്യാപാരിവ്യവസായി ഏകോപനസമിതി ഭാരവാഹികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വരെ സര്‍വേ നടപടികള്‍ നിര്‍ത്തിവക്കാന്‍ തീരുമാനിച്ചു.കലക്ടറുടെ നിര്‍ദേശം ലഭിച്ചതിനു ശേഷം മാത്രമേ ഇനി മുന്നോട്ടു പോകാനാകൂവെന്ന് എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10ന് ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. പലഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം വന്നതോടെ ഉദ്യോഗസ്ഥര്‍ പൊലിസ് സഹായത്തോടെയാണ് പണി തുടര്‍ന്നത്.
ഉച്ചയോടെ സ്ഥലമെടുപ്പ് ജങ്ഷന് സമീപത്തെത്തിയപ്പോള്‍ വ്യാപാരികളും നാട്ടുകാരും സംഘടിച്ച് പ്രതിഷേധവുമായി വന്നതോടെയാണ് എം.എല്‍.എ ഇടപെട്ടത്. നിലവിലെ പാതയുടെ നടുക്ക്‌നിന്നും ഇരുവശത്തേക്കും തുല്യമായി സ്ഥലമെടുക്കുമെന്നാണ് നേരത്തെ റവന്യു വകുപ്പ് അറിയിച്ചിരുന്നതെന്നും അതില്‍ നിന്നും വ്യത്യസ്തമായി ഒരുവശത്തേക്ക് മാറി സ്ഥലമെടുക്കാനുള്ള നീക്കത്തിനെതിരേയാണ് പരാതി. കല്ലമ്പലം ദേശീയപാതയോട് ചേര്‍ന്ന് നാവായിക്കുളം ഒറ്റൂര്‍, കുടവൂര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്കാണ് കൂടുതല്‍ ഭൂമി നഷ്ടമാകുന്നത്. 43 വര്‍ഷം മുന്‍പ് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോഴും ഇവരുടെ ഭൂമിയാണ് നഷ്ടമായത്. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിനും താമസത്തിനും തടസമില്ലാത്ത രീതിയില്‍ വികസനം സാധ്യമാക്കാമെന്നിരിക്കെ അനീതി നടപ്പാക്കുന്നത് ശരിയല്ലെന്നാണ് വ്യാപാരികളുടെ പക്ഷം. 2013ല്‍ റോഡ് വികസനത്തിന് തയാറാക്കിയ രേഖയില്‍ കല്ലമ്പലത്ത് പില്ലറില്‍ നില്‍ക്കുന്ന ഫൈളൈഓവര്‍ പണിയുമെന്നും വ്യാപാര സ്ഥാപനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. പുതിയ സ്ഥലമെടുപ്പില്‍ നിരവധി കടകളുടേയും വീടുകളുടേയും പ്രധാന ഭാഗങ്ങളെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇതോടെ ഭൂഉടമകളും തൊഴിലാളികളും കടക്കെണിയില്‍പ്പെടുമെന്നും വ്യാപാരികള്‍ പറയുന്നു. വ്യാഴാഴ്ച കടമ്പാട്ടുകോണത്ത് സ്ഥലമെടുപ്പു തുടങ്ങിയപ്പോഴും പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."