അവരെവിടെ
2017 ഏപ്രില്‍ ഏഴ്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മീനച്ചിലാര്‍ ഒന്നുമറിയാതെ അന്നും ശാന്തമായി ഒഴുകി. എന്നാല്‍ കോട്ടയം താഴത്തങ്ങാടി അറുപറ ഗ്രാമം ഉണര്‍ന്നത് ആ ദമ്പതികളെ കാണാനില്ലെന്നു വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ്. മീനച്ചിലാര്‍ തീരത്തെ വീടിനു മുന്‍പില്‍ രണ്ടുമുറികളിലായി നിര്‍മിച്ചിരിക്കുന്ന വാര്‍ക്കകെട്ടിടത്തില്‍ പലചരക്കുകച്ചവടം നടത്തുന്ന ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവര്‍ തലേന്നു രാത്രി കാറില്‍ പുറത്തേക്കു പോയതാണ്.
ഉടന്‍ മടങ്ങിവരുമെന്നു കരുതി രാത്രി ഏറെ കാത്തിരുന്നിട്ടും മക്കളായ ഫിദക്കും ബിലാലിനും ഉമ്മയേയും വാപ്പയേയും കാണാനായില്ല. കാരണം അവര്‍ മടങ്ങിവന്നില്ല. എവിടെ എന്ന ചോദ്യം ഹാഷിമിന്റെ പിതാവ് വന്ദ്യവയോധികനായ അബ്ദുല്‍ഖാദറും ചെറുമക്കളും പരസ്പരം ചോദിച്ചതൊഴിച്ചാല്‍ ആര്‍ക്കും ഒരറിവുമില്ല. രാത്രി അന്വേഷിക്കാവുന്നിടങ്ങളിലെല്ലാം എല്ലാവരും അന്വേഷിച്ചു. ഒരു ഫലവുമുണ്ടായില്ല. അവരെ അന്വേഷിച്ചിറങ്ങിയ പൊലിസ് ഉദ്യോഗസ്ഥരും ഒടുവില്‍ കൈമലര്‍ത്തി. അവര്‍ക്കു പറയാനും ഇത്രമാത്രം. 'ദമ്പതികളെ കണ്ടെത്താനാകുന്നില്ല.'
മാഞ്ഞതെങ്ങോട്ട്?
ഏപ്രില്‍ ആറ്. അന്നൊരു ഹര്‍ത്താല്‍ ദിനവും കൂടിയായിരുന്നു. ഇടക്കിടക്കു ഹോട്ടല്‍ ഭക്ഷണം വാങ്ങാന്‍പോകാറുള്ള ഹാഷിം പതിവുപോലെ കാറും എടുത്ത് അന്നും പുറത്തേക്കു പോയത് ഭക്ഷണം വാങ്ങാന്‍ എന്നു പറഞ്ഞായിരുന്നു. രാത്രി ഒന്‍പതോടെയായിരുന്ന യാത്ര. പതിവിനു വിപരീതമായി അന്നു ഭാര്യ ഹബീബയേയും കൂട്ടി. ആ യാത്രയില്‍ വീട്ടിലുള്ളവര്‍ക്ക് ഒരു പുതുമയും തോന്നിയില്ല. മക്കളായ ഫാത്തിമ (ഫിദ-13), ബിലാല്‍ (9) എന്നിവരെ പിതാവായ അബ്ദുല്‍ഖാദറിനെ ഏല്‍പ്പിച്ചായിരുന്നു പുതുതായി വാങ്ങിയ ഗ്രേ നിറമുള്ള മാരുതി വാഗണര്‍കാറില്‍ പോയത്. മൊബൈല്‍ഫോണ്‍, പഴ്‌സ്, എ.ടി.എം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ വീട്ടില്‍ തന്നെ വച്ചിരുന്നു. രാത്രി വളരെ വൈകിയിട്ടും ഇവരെ കാണാതായതിനെത്തുടര്‍ന്നു വിഷമിച്ച അബ്ദുല്‍ഖാദര്‍ ഹാഷിമിന്റെ സുഹൃത്തുക്കളേയും മറ്റു ബന്ധുക്കളേയും വിളിച്ച് അന്വേഷിച്ചെങ്കിലും ആര്‍ക്കും ഒരറിവും ഇല്ലായിരുന്നു. പിറ്റേന്നു രാവിലെ തന്നെ കുമരകം പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്നു പൊലിസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് ഒരു അറിവും ആര്‍ക്കും തന്നെ ലഭിച്ചതുമില്ല.
പിന്നീട് ദമ്പതികളുടെ തിരോധാനത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായതിനെത്തുടര്‍ന്നു ജില്ലാ പൊലിസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. അതിന്റെ ഭാഗമായി ബസ്സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷന്‍, പാര്‍ക്കിങ് ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം കേന്ദ്രീകരിച്ചും, കാര്‍ വെള്ളത്തില്‍വീണു മരണപ്പെട്ടതാകാം എന്ന നിഗമനത്തില്‍ മീനച്ചിലാറു മുതല്‍ വേമ്പനാടു കായല്‍വരെയും തെരച്ചിലും നടത്തി. എന്നിട്ടും ഇവരെ സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. വിവരമറിഞ്ഞ് മസ്‌ക്കറ്റിലായിരുന്ന അടുത്ത ബന്ധുക്കളായ സിദ്ദീക്ക്, സഹോദരി റഹ്മത്ത്, ഭര്‍ത്താവ് അബ്ദുല്‍ ഖാദിര്‍ എന്നിവരും സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പൊലിസിന്റെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.
തുടര്‍ന്നു വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം തന്നെ വീണ്ടും അന്വേഷണവും പരിശോധനയും നടത്തി. 2017 നവംബര്‍ ഒന്നിന് അത്യാധുനി
ക ക്യാമറയുമായി കുമരകം ബോട്ടുജെട്ടിയില്‍നിന്നു വേമ്പനാടു കായല്‍വരെയും അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും നേരത്തെ നടത്തിയ അന്വേഷണത്തില്‍ നിന്ന് ഒട്ടും മുന്നോട്ടുപോകാനും കഴിഞ്ഞില്ല.
കൂടാതെ നാല്‍പതോളം സി.സി ക്യാമറകളും പരിശോധനക്കു വിധേയമാക്കി. വീടിനു സമീപം മണിക്കുന്നത്തുള്ള ഒരു വീട്ടിലെ സി.സി ക്യാമറയില്‍ ഇവരുടെ കാറിനു സമാനമായ ഒരുകാറില്‍ സ്ത്രീയും പുരുഷനും ഈ സമയത്ത് കോട്ടയംഭാഗത്തേക്കു പോകുന്നതായി കണ്ടെത്താനായി. മറ്റൊരു ക്യാമറയിലും ഇതിനു തുടര്‍ച്ചയായിട്ടുള്ള മറ്റൊന്നും കണ്ടെത്താനുമായില്ല. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഹാഷിം തലേദിവസം പീരുമേട്ടില്‍ പോയതായി അവിടെയുള്ള സി.സി ക്യാമറയില്‍ നിന്നു കണ്ടെത്താനായതായി പൊലിസ് പറയുന്നു. എന്നാല്‍ താന്‍ കോട്ടയത്തുതന്നെയുണ്ടായിരുന്നതായി തലേദിവസം ഹാഷിം വീട്ടുകാരോടു പറഞ്ഞിരുന്നു. ഇതു ശരിയല്ലെന്നാണ് പൊലിസിന്റെ നിഗമനം.
ഉത്തരംകിട്ടാ ചോദ്യങ്ങള്‍
പ്രത്യേകിച്ച് ശത്രുക്കള്‍ ആരുമില്ലാതിരുന്ന ഇവര്‍ പിന്നെ എവിടെപ്പോയി എന്ന ചോദ്യം അവശേഷിക്കുമ്പോള്‍ ഇരുവരും ആത്മഹത്യ ചെയ്തിരിക്കാം എന്ന നിഗമനവും ഉയര്‍ന്നിട്ടുണ്ടെങ്കിലും എവിടെ എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനാകുന്നില്ല. എന്നാല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇവര്‍ക്കില്ലായിരുന്നുവെന്നു വീട്ടുകാര്‍ വിശ്വസിക്കുന്നു. തലേദിവസം പീരുമേട്ടില്‍ ഹാഷിം ഉണ്ടായിരുന്നതായി പൊലിസ് കണ്ടെത്തിയെങ്കിലും താന്‍ കോട്ടയെത്തുതന്നെ ഉണ്ടായിരുന്നതായി ഹാഷിം വീട്ടുകാരോട് എന്തിനു പറഞ്ഞു എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനായിട്ടില്ല.
ഇതിനിടയില്‍ തിരോധാനത്തിന് ഒരു വര്‍ഷം തികഞ്ഞനാളില്‍, കോട്ടയം ഗാന്ധിപ്രതിമക്കു മുന്‍പില്‍ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഹബീബയുടെ വീട്ടുകാര്‍ സമരം ചെയ്‌തെങ്കിലും അന്ന് ഒപ്പമുണ്ടായിരുന്നവരാരും ഇപ്പോള്‍ സമരത്തിനും ഇല്ലാതായി.
ഇവരുടെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ പറയാനുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ ആരുമില്ലെന്ന നിരാശയിലുമാണ് അവര്‍. 'എന്റെ ഒന്‍പതുമക്കളില്‍ ഇളയവളാണ് ഹബീബയുടെ ഉമ്മ സുഹറാ ബീവി. അവള്‍ക്ക് ഇങ്ങനെയൊരു ആപത്തുവരാനുള്ള ഒരു കാരണവുമില്ല. എന്നാല്‍ ആരൊക്കെയോ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു. അതാണ് അന്വേഷണം എങ്ങും എത്താത്തതെന്നാണ് ഞാന്‍ കരുതുന്നത്.' ഇതുപറയുമ്പോള്‍ പിന്നെയും പറയാന്‍ അവര്‍ എന്തൊക്കെയോ ബാക്കിവയ്ക്കുന്നതായി തോന്നുന്നു. എങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ ഉയരുമ്പോള്‍ ആ ദമ്പതികള്‍ എവിടെ എന്ന ചോദ്യത്തിനു മാത്രം ഒരു തുമ്പുപോലും കണ്ടെത്താന്‍ പൊലിസിനാകുന്നില്ല.
ജസ്‌ന മറിയം ജെയിംസ്
പത്തനംതിട്ട കൊല്ലമല കുന്നത്തുവീട്ടില്‍ ജസ്‌നയുടെ തിരോധാനവും ഇതിനു സമാനമാണ്. 2018 മാര്‍ച്ച് 22നു മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടില്‍ പോകുന്നുവെന്നു പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നു പുറപ്പെട്ടത്. പോകുമ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. എന്നാല്‍ ജസ്‌ന ബന്ധുവീട്ടില്‍ എത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. ശക്തമായ അന്വേഷണം പൊലിസ് നടത്തി. തമിഴ്‌നാട്ടിലും ബംഗളൂരുവിലും വടക്കേന്ത്യയിലുമൊക്കെ അന്വേഷണം വ്യാപിപ്പിച്ചു. ആയിരത്തിലധികം ഫോണ്‍വിളികളും പരിശോധിച്ചു. ജസ്‌നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പൊലിസിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷണം തുടരുമ്പോഴും ജസ്‌ന എവിടെ എന്ന ചോദ്യത്തിനു മാത്രം ഉത്തരം കണ്ടെത്താന്‍ അവര്‍ക്കാകുന്നില്ല. അപസര്‍പ്പക കഥകളെപ്പോലെ ആ അന്വേഷണവും എങ്ങും എത്താതെ നീണ്ടുപോകുന്നു.
രാഹുല്‍
ആലപ്പുഴയില്‍ നിന്നു രാഹുല്‍ എന്ന ഏഴുവയസുകാരനെ കാണാതായത് 2005 മേയ് 18ന്. രാവിലെ ട്യൂഷനുപോയി മടങ്ങിവന്നശേഷം ഉച്ചക്കു രണ്ടുമണിയോടെ കൂട്ടുകാരുമൊത്തു ക്രിക്കറ്റുകളിക്കുകയായിരുന്ന രാഹുല്‍ വെള്ളംകുടിക്കാനെന്നു പറഞ്ഞ് കളിക്കളത്തില്‍ നിന്നു പോയതാണ്. എന്നാല്‍ വീട്ടില്‍ എത്തിയില്ല. നാലുമണിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും രാഹുല്‍ എവിടെയെന്നു കണ്ടെത്താനായില്ല. തുടക്കത്തില്‍ ലോക്കല്‍പൊലിസ് ആയിരുന്നു അന്വേഷണം നടത്തിയത്. പ്രയോജനമില്ലാതായപ്പോള്‍ സി.ബി.ഐ ആയി അന്വേഷണം. ഒടുവില്‍ 2014 ആയപ്പോഴേക്കും സി.ബി.ഐയും പറഞ്ഞു രാഹുലിനെ കണ്ടെത്താനാകുന്നില്ലെന്ന്. സര്‍ക്കാര്‍ അന്‍പതിനായിരം രൂപ വരെ ഇനാം പ്രഖ്യാപിച്ചെങ്കിലും അതും വെറുതെയായി. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും രാഹുല്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ബന്ധുക്കള്‍.
ഇത്തരം നിരവധി തിരോധാനങ്ങള്‍ നടക്കുമ്പോഴും സാധാരണക്കാരുടെ മനസില്‍ അവരറിയാതെ ഒരു ചോദ്യം ഉയരുന്നു. ലോകത്തെ ഏറ്റവും നല്ല അന്വേഷണ സംവിധാനമുള്ള ഇന്ത്യയില്‍ ഇത്തരം തിരോധാനങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ ഇനി എവിടെയാണ് ഇതിന് ഉത്തരം തേടുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."