വ്യാപാരിയെ അക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
കയ്പമംഗലം: ചാമക്കാലയില്‍ വ്യാപാരിയേയും ജീവനക്കാരിയേയും മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ചാമക്കാല സ്വദേശികളായ അന്തിക്കാട്ട് ശ്രീജിത്ത് എന്നു വിളിക്കുന്ന 'കാരി സിജിത്ത് (35 ), ചക്കനാത്ത് വിഷ്ണു (25 ) എന്നിവരേയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി മേസ് വര്‍ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ കെ.ജെ ജിനേഷും സംഘവും പിടികൂടിയത്.
ഒളിവിലായിരുന്ന ഇവരെ ഇന്നലെ രാത്രി കടപ്പുറത്തെ ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാരി സിജിത്ത് സ്റ്റേഷന്‍ റൗഡി ലിസ്റ്റിലുള്ളയാളാണ്. മതിലകം സ്റ്റേഷനില്‍ നാല് കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പിടിയിലായ രണ്ടു പേരും സ്ഥിരമായി മദ്യവും കഞ്ചാവും ഉപയോഗിക്കുന്നവരാണ്.
ഈ മാസം പത്താം തിയതി വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചാമക്കാലയില്‍ പലചരക്ക് കട നടത്തുന്ന കണക്കാട്ട് കൃഷ്ണനേയും കടയിലെ ജീവനക്കാരിയേയും പ്രതികള്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു.
സ്ഥിരമായി മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതികള്‍ കടയില്‍ വരുന്നവരെ മടക്കി അയക്കുന്നത് ചോദ്യം ചെയ്തതതില്‍ പ്രകോപിതരായി അക്രമം നടത്തുകയായിരുന്നു. സംഭവ ദിവസം സംഘമായെത്തിയ ഇവര്‍ കൃഷ്ണന്റെ കടയിലേക്ക് ഇരച്ചു കയറി ഇരുമ്പു പൈപ്പുകൊണ്ട് കൃഷണനെ അടിക്കുകയായിരുന്നു.
സംഭവം കണ്ട് ഭയന്ന് വീട്ടിലേക്കോടിയ ജീവനക്കാരിയെ പിന്‍തുടര്‍ന്നെത്തി അക്രമികള്‍ വീടിനകത്തു കയറി മര്‍ദിച്ചു. തടയാനെത്തിയ ഭര്‍ത്താവ് ഉണ്ണിയേയും അടിച്ചു വീഴ്ത്തി. പരുക്കേറ്റ മൂന്നു പേരും ഇരിങ്ങാലക്കുട ഗവ.ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരകായുധങ്ങളുമായി സ്ഥലത്ത് ഭീഷണി മുഴക്കി നിന്ന പ്രതികള്‍ പരുക്കേറ്റവരെ സഹായിക്കാനെത്തിയ നാട്ടുകാരേയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളില്‍ ചക്കനാത്ത് ജിഷ്ണുവിനെ എസ്.ഐയും സംഘവും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
മതിലകം ഇരിങ്ങാലക്കു സ്റ്റേഷനുകളില്‍ കൊലപാതക ശ്രമകേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ജിഷ്ണു ഇരിങ്ങാലക്കുട സബ് ജയിലില്‍ റിമാന്‍ഡിലാണ്.
എ.എസ്.ഐ അബ്ദുല്‍ സലാം, സീനിയര്‍ സി.പി.ഒമാരായ സജിപാല്‍, സി.കെഷാജു, പി.ആര്‍ തോമസ്, സി.പി.ഒ കെ.ജി ലാല്‍ജി സി.എസ് പ്രബിന്‍ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."