തുറമുഖവും ദേശവും
ലോകമെങ്ങും കേളികേട്ടൊരു തുറമുഖം. ചൈനയില്‍ നിന്നും ഇറാഖില്‍ നിന്നും ഈജിപ്തില്‍ നിന്നും യൂറോപില്‍ നിന്നുമൊക്കെയായി വന്ന കപ്പലുകള്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്നു. തുറമുഖത്തിന് അടുത്തു തന്നെ കടപ്പുറത്തെ കുന്നിന് മുകളില്‍ മക്കത്തെ പള്ളിയുടെ മാതൃകയില്‍, ചെമ്പുകൊണ്ട് മേല്‍ക്കൂര പാകിയ വലിയ മുസ്‌ലിംപള്ളി. പള്ളിയോട് ചേര്‍ന്ന് മനോഹരമായ പൂന്തോട്ടം. കടലിന് അഭിമുഖമായുള്ള ഇരിപ്പിടങ്ങള്‍.. പള്ളിയുടെ ചെമ്പോടുകളില്‍ സൂര്യപ്രകാശം വെട്ടിത്തിളങ്ങുന്ന കാഴ്ചകണ്ട് ദൂരെ കടലിലൂടെ പോകുന്ന അറബികപ്പലുകളിലെ യാത്രക്കാര്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കുന്നു.
തുറമുഖത്തോട് ചേര്‍ന്നുള്ള അങ്ങാടിയില്‍ വലിയ പാണ്ടികശാലകള്‍, ഗുദാമുകള്‍, കപ്പലില്‍ വന്ന കപ്പിത്താന്‍മാര്‍ക്കും ജോലിക്കാര്‍ക്കും ചരക്കുടമകള്‍ക്കും അടിമകള്‍ക്കും പാര്‍ക്കാനുള്ള പ്രത്യേകം ഇടങ്ങള്‍.
സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും എത്തിയ യൂറോപ്യന്മാരും അറബികളും ചൈനക്കാരും, ചരക്കുകളേറ്റി പോകുന്ന നീഗ്രോ അടിമകള്‍.
അങ്ങാടിയിലെ എല്ലാ കച്ചവടങ്ങള്‍ക്കും മേല്‍നോട്ടകാരനായി അലാവുദ്ധീന്‍ അവുജി എന്ന ഇറാഖുകാരന്‍.
ഇത്രയും വായിക്കുമ്പോള്‍ ഏതോ വിദേശ രാജ്യത്തെ പഴയകാല തുറമുഖത്തിന്റെയും അതോടനുബന്ധിച്ചുള്ള കച്ചവടകേന്ദ്രത്തിന്റെയും ചിത്രംപോലെ തോന്നുന്നില്ലേ.
എന്നാലിത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള പന്തലായനി കൊല്ലത്തെ (കൊയിലാണ്ടി) കാഴ്ചകള്‍. ഫന്തരീന എന്ന് വിദേശങ്ങളില്‍ പേരുകേട്ട തുറമുഖം. (ഫന്റലൈന, ഫന്തറായി, പാന്‍സരിനി, ഫാന്‍ഡറിയ, ഫാന്റിന, ബന്തര്‍ ഹോയിന്‍ എന്നിങ്ങനെ പലദേശങ്ങളിലും ചെറിയ മാറ്റങ്ങളോടെയാണ് പന്തലായനി അറിയപ്പെട്ടിരുന്നത്).
ഹിപ്പലോസ് എന്ന പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയനുസരിച്ച് അറേബ്യയിലെ സിയാഗ്രുസ് മുനമ്പില്‍ നിന്ന് പന്തലായനി തീരത്തേക്ക് ചരക്കുകളുമായി പുറപ്പെടുന്ന പായക്കപ്പലുകള്‍. മണ്‍സൂണ്‍ കാലം കഴിഞ്ഞ് കാറ്റു തിരിഞ്ഞുവീശുന്ന ആറു മാസത്തോളം കപ്പലും ചരക്കുടമകളും കപ്പലിലെ തൊഴിലാളികളും പന്തലായനിയില്‍ തങ്ങും.
പല നാട്ടുകാര്‍ ചേരുന്ന തുറമുഖം
പല നാടുകളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍, കൗതുകവസ്തുക്കള്‍.. പന്തലായനിയിലെ ചന്തകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഇതൊക്കെയും ദൂരെയേതോ നാടുകളിലേക്ക് കൊണ്ടുപോകാന്‍ വാങ്ങിക്കൂട്ടുന്നവര്‍. പയ്യനാട്ടെ കാടുകളില്‍ വിളയുന്ന മികച്ച കുരുമുളകും ഏലവും ഇഞ്ചിയും വയനാട്ടില്‍ നിന്ന് പുഴകളിലൂടെ എത്തിക്കുന്ന ഉരുളന്‍ വീട്ടിത്തടികളും തേക്കിന്‍ തടികളുമൊക്കെ നാനാ ദേശങ്ങളിലും പേരുകേട്ടതും ആവശ്യക്കാര്‍ ഏറെയുള്ളതും. തിരിച്ചുപോവുന്ന ഓരോ കപ്പലിലുമായി എത്തുന്ന ഈ സുഗന്ധവ്യഞ്ജനങ്ങളും മരത്തടികളും കാത്തിരിക്കുന്നവരുണ്ട് പല നാടുകളില്‍. യൂറോപ്പിലും തണുപ്പ് രാജ്യങ്ങളിലും മാംസം കേടുകൂടാതിരിക്കാന്‍ ഏറെ വിശേഷപ്പെട്ടതാണ് ഇവിടെ നിന്ന് കൊണ്ടുപോവുന്ന കറുത്ത പൊന്ന് എന്ന കുരുമുളക്. പന്തലായനി ലോകമെങ്ങും കേളികേട്ടതും കുരുമുളകിലൂടെയാണ്.
പന്തലായനിയെന്ന പേരിനു പിന്നില്‍
ചരക്കുകപ്പലുകള്‍ മാത്രമല്ല ഹജ്ജിന് പോകുന്ന തീര്‍ഥാടകരുമായി യാത്രക്കാപ്പലുകളും ഈ തുറമുഖത്തു നിന്നാണ് പുറപ്പെട്ടിരുന്നത്. പന്തലായനി എന്നും കൊല്ലമെന്നും ഈ നാടിന് പേര് ലഭിച്ചതിനെ കുറിച്ച് ഐതീഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി രേഖപ്പെടുത്തിയ ചരിത്രം പ്രശസ്തമായ പിഷാരികാവ് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. തെക്കന്‍ കൊല്ലത്തെ വിഷഹാരിയായിരുന്ന ഒരു വൈശ്യന്‍ അവിടത്തെ രാജാവിന്റെ അപ്രീതിക്ക് പാത്രമായി നാടുവിടേണ്ടി വന്നപ്പോള്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയായ ശ്രീപോര്‍ക്കലി ഭഗവതിയെ നാന്ദകം വാളില്‍ ആവാഹിച്ച് കൂടെ കൊണ്ടുപോന്നുവത്രെ.
വടക്കോട്ടു പോന്ന അവര്‍ കരയോടു ചേര്‍ന്നു പത്തേമാരി ഓടിച്ചുപോയ സമയം ഒരു സ്ഥലത്തു പശുക്കളും പുലികളും ജാതിവൈരം കൂടാതെ ഒന്നിച്ചു മേഞ്ഞുകൊണ്ടുനില്‍ക്കുന്നതായിക്കണ്ടു. ഈ സ്ഥലം സമാധാനത്തോടുകൂടി താമസിക്കാന്‍ കൊള്ളാവുന്നതാണെന്നു നിശ്ചയിച്ച് അവര്‍ പത്തേമാരികള്‍ അവിടെ അടുപ്പിച്ചു കരയ്ക്കിറങ്ങി. കടലോടടുത്തുള്ള ആ സ്ഥലം അക്കാലത്തു വലിയ വനപ്രദേശമായിരുന്നു.
കരയിലിറങ്ങി ക്ഷേത്രത്തിനും ഗൃഹങ്ങള്‍ക്കും പറ്റിയ സ്ഥലം തേടിപ്പോയ വൈശ്യന്മാര്‍ വെയിലുകൊണ്ട് ക്ഷീണിച്ച് ഒരു അയനിമരത്തിന്റെ ചുവട്ടില്‍ തണല്‍ തേടിയെന്നും പന്തല്‍ പോലെ പടര്‍ന്ന ആ അയനി മരം കാരണം ഈ ദേശത്തിന് പന്തലായനി എന്ന പേര് ലഭിച്ചു എന്നുമാണ് ഐതീഹ്യമാലയില്‍ പറയുന്നത്.
ഈ നാട്ടില്‍ ഇവര്‍ ക്ഷേത്രം നിര്‍മിക്കുകയും ഭഗവതി പ്രതിഷ്ഠയോടൊപ്പം നാന്ദകം വാള്‍ സ്ഥാപിക്കുകയും, ക്ഷേത്രത്തിനു പഴയ പേരുതന്നെയായ പിഷാരികാവ് ക്ഷേത്രം എന്ന് തന്നെ പേര് നല്‍കുകയും ചെയ്തു.
പാറപ്പള്ളിയും രണ്ടാം പൊന്നാനിയും
പിഷാരികാവ് ക്ഷേത്രത്തിന് തൊട്ടടുത്തു തന്നെ കടലോരത്താണ് നേരത്തെ പറഞ്ഞ, അറേബ്യയില്‍ നിന്ന് ഇസ്‌ലാം മത പ്രചാരണാര്‍ഥം എത്തിയ മാലിക് ദീനാറും കൂട്ടരും കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച പള്ളികളില്‍ ഒന്നായ പ്രശസ്തമായ പാറപ്പള്ളി സ്ഥിതിചെയ്യുന്നതും. പള്ളിയുടെ അടുത്തു തന്നെയാണ് ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹസ്രത് തമീമുല്‍ അന്‍സാരി എന്ന സ്വഹാബിയുടേത് എന്ന് വിശ്വസിക്കപ്പെടുന്ന മഖ്ബറ. മാലിക് ദീനാറും സംഘവും കേരളത്തില്‍ എത്തുന്നതിനും മുന്‍പ് ഹിജ്‌റ എട്ടാം കൊല്ലം തന്നെ അദ്ദേഹം ഇവിടെ വന്നിരുന്നു എന്ന് ചരിത്രകാരന്മാര്‍ ഊഹിക്കുന്നു. പള്ളിക്ക് സമീപം പാറപ്പുറത്ത് പാദമുദ്രയോട് സാമ്യമുള്ള കുഴി ആദം നബിയുടെ കാലടിപ്പാടാണ് എന്ന് കരുതുന്നവരുമുണ്ട്.
ഈ തുറമുഖ പട്ടണത്തില്‍ എ.ഡി 68 മുതല്‍ ആറാം നൂറ്റാണ്ട് വരെ ജൂതന്മാര്‍ താമസിച്ച വലിയ പ്രദേശങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ രണ്ടാം ശതകം മുതലാണ് ഇസ്‌ലാം മതം ഇവിടെ കൂടുതലായി പ്രചാരത്തിലാവുന്നത്. അതിനും മുന്‍പേ അറബികളുമായി കച്ചവടബന്ധം നിലനിന്നിരുന്നു. കച്ചവടത്തിനായി വന്ന് ഈ മണ്ണില്‍ ആദ്യമായി സ്ഥിരതാമസമാക്കിയത് ഒമാനില്‍ നിന്ന് വന്ന അറബികളാണ്. രണ്ടാം പൊന്നാനി എന്ന് അറിയപ്പെടുന്ന കാപ്പാട് ജുമുഅത്ത് പള്ളി മാലിക് ഇബ്‌നു ദീനാറിനു രണ്ടു നൂറ്റാണ്ടിനു ശേഷം സ്ഥാപിക്കപ്പെട്ടതത്രേ.
ചൈനക്കാരുടെ ചീനപ്പള്ളി
ചൈനക്കാരായ മുസ്‌ലിം വ്യാപാരികള്‍ പതിനാലാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ചീനപ്പള്ളിയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലിയ ജുമുഅത്ത് പള്ളിയും ഇന്നും കൊയിലാണ്ടിയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചൈനീസ് പാത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇവിടുത്തെ ചില പറമ്പുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചീനന്മാരകം, ചീനവളപ്പ് തുടങ്ങിയ വീട്ടുപേരുകള്‍ സൂചിപ്പിക്കുന്നത് ആ കാലത്ത് ഈ നാട്ടിലെ ചീനക്കാരുടെ സാന്നിധ്യമാണ്.
ലോക സഞ്ചാരികളിലൂടെ
സഞ്ചാരികളായ ഇബ്‌നു ഖുര്‍ദ്ദാദും (അഉ 869885), അബുസയ്യിദും (അഉ 916) പന്തലായനിയിലെ കച്ചവടങ്ങളെ കുറിച്ചും കച്ചവടകേന്ദ്രങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. 1343 ല്‍ പന്തലായനി സന്ദര്‍ശിച്ച ലോകപ്രശസ്ത സഞ്ചാരിയായ ഇബ്‌നുബത്തൂത്ത ഈ നാടിനെ കുറിച്ച് എഴുതിയത് കായ്കനികളുടെയും പൂക്കളുടെയും തോട്ടങ്ങള്‍ ഉള്ള ഒരു വലിയ പട്ടണമെന്നാണ്. ഇവര്‍ക്ക് പുറമെ ലോകപ്രശസ്ത സഞ്ചാരികളായിരുന്ന ഇദ്‌രീസും അല്‍ബിറൂനിയും ഒഡോറിക് ഓഫ് ഫോര്‍ഡിനൂന്‍ എന്ന യൂറോപ്യന്‍ സഞ്ചാരിയും പിന്നീട് സൈനുദ്ധീന്‍ മഖ്ദൂമും വില്യം ലോഗനും ഈ ദേശത്തെക്കുറിച്ച് പ്രാധാന്യപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുക്കളും മുസ്‌ലിംകളുമായ കച്ചവടക്കാര്‍ വളരെ സ്‌നേഹത്തോടെയും ഐക്യത്തോടെയുമാണ് ഇവിടെ കച്ചവടം ചെയ്തിരുന്നത്. തെക്ക് പടിഞ്ഞാറ് മുസ്‌ലിംകളുടെ കച്ചവടകേന്ദ്രവും, വടക്ക് കിഴക്ക് ഹിന്ദുക്കളുടെ വ്യാപാരസ്ഥാപനങ്ങളും ആയിരുന്നു. പള്ളികളും ക്ഷേത്രങ്ങളും നിര്‍മിക്കുന്നതിന് പ്രമാണിമാരായ ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം സഹായിച്ചിരുന്നുവത്രെ.
പന്തലായനി കൊല്ലത്തെ ഓണാഘോഷത്തെ പറ്റി സഞ്ചാരിയായ അല്‍ബിറൂനി വിവരിച്ചത് ശ്രദ്ധേയമാണ്. എല്ലാ ദേവാലയങ്ങളും അതോടനുബന്ധിച്ച് അലങ്കരിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല കോഴിക്കോട്ടെയും പരിസരങ്ങളിലെയും മുസ്‌ലിംകള്‍ ആ ആഘോഷങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുത്തതായും അദ്ദേഹം രേഖപ്പെടുത്തുന്നു.
1498 ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡഗാമയും കൂട്ടരും ആദ്യമായി കപ്പലിറങ്ങുന്നത് പന്തലായനി തുറമുഖത്താണ്. അവിടെ നിന്നുമാണ് അടുത്ത പ്രദേശമായ കാപ്പാട്ടേക്ക് പോവുന്നത്.
യമനിലെ സയ്യിദന്മാര്‍
പതിനഞ്ചാം നൂറ്റാണ്ടു മുതലാണ് കൊയിലാണ്ടി ഒരു പട്ടണമായി വളരാന്‍ ആരംഭിച്ചത്. യമനില്‍ നിന്നും അറേബ്യയില്‍ നിന്നും വന്ന കച്ചവടക്കാരും ഇസ്‌ലാം മത പ്രചാരകരും ധാരാളമായി ഇവിടെ കുടിയേറി. സയ്യിദ് വംശജരായ ബാഹസന്‍, ബാഅലവി, ജിഫ്രി, ബാഫഖി, സഖാഫ്, ജമാലുലൈലി, അഹ്ദല്‍, മൗലദ്ദവീല, ഐദീദ്, മുനഫര്‍, ഐദറൂസ് എന്നീ കുടുംബങ്ങള്‍ അങ്ങനെ എത്തിയവരാണ്.
ആത്മീയ നേതാക്കളും, ഇസ്‌ലാംമത പ്രബോധകരുമായ പല പുണ്യാത്മാക്കളുടെയും അന്ത്യവിശ്രമ സ്ഥാനമാണ് കൊയിലാണ്ടി. വലിയ കുഞ്ഞി സീതിക്കോയ തങ്ങളുടെ മഖ്ബറ ഏറെ പ്രശസ്തമാണ്. കൊയിലാണ്ടി താഴങ്ങാടി ഖുബ്ബ മഖ്ബറയില്‍ പണ്ഡിതനും സൂഫീവര്യനുമായ സയ്യിദ് ശരീഫ് ഉമര്‍ മുഹളാര്‍ എന്ന ദിവ്യന്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ഏറെ പേരുകേട്ട മഹാനായിരുന്നു അദ്ദേഹം. ഹിജ്‌റ 1200 ല്‍ മലബാറിലെ ഇസ്‌ലാം മത കേന്ദ്രം കാണാന്‍ വന്ന ആര്‍ക്കോട് നവാബ് മദാരി മുലുക്ക് നൈസുല്‍സൗജ ബാദുഷാ ആലം സയ്യിദ് മുഹളാറിന്റെ ശിഷ്യനായി. ഗുരുവിനെ തന്റെ രാജ്യത്തേക്ക് എല്ലാ സൗകര്യങ്ങളും നല്‍കി സ്വീകരിക്കാന്‍ നവാബ് ആശിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാതെ കൊയിലാണ്ടിയില്‍ തന്നെ സ്ഥിരതാമസമാക്കി. ഗുരുവിന്റെ ആവശ്യങ്ങള്‍ക്കായി തൃശിനാപ്പള്ളിയിലെ മുക്കണ്ടയിലെ ചന്തസ്ഥലത്തെ വരുമാനം നവാബ് ദാനം ചെയ്തു. നവാബ്, ഗുരുവിന്റെ ആഗ്രഹപ്രകാരം നിര്‍മിച്ചതാണ് താഴങ്ങാടിപ്പള്ളി.
പത്താം നൂറ്റാണ്ടിന്റെ അവസാനം കേരളം ഭരിച്ചിരുന്ന ഭാസ്‌കരപ്പെരുമാളുടെ പേര് പറയുന്ന ഒരു ലിഖിതം കൊയിലാണ്ടി വലിയ ജുമുഅത്ത് പള്ളിയില്‍ നിന്ന് ചരിത്രകാരന്‍മാരായ എം.ജി.എസ് നാരായണനും രാഘവവാര്യരും കണ്ടെടുക്കുകയുണ്ടായി. ഈ പ്രദേശത്തെ കുറിച്ചും ഇവിടെ ഉണ്ടായിരുന്ന വളഞ്ചിയര്‍, മണിഗ്രാമം തുടങ്ങിയ കച്ചവട സംഘങ്ങളെ കുറിച്ചുമുള്ള വിവരങ്ങളായിരുന്നു ഇതില്‍.
ചരിത്ര നഷ്ടം
കേരളത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ഒരു ദേശമായിരുന്നു പന്തലായനി കൊല്ലവും കൊയിലാണ്ടിയും എന്ന് കാണാം. കേരളചരിത്രത്തെ കുറിച്ചുള്ള ആദ്യഗ്രന്ഥമായ സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച 'തുഫത്തുല്‍ മുജാഹിദീനി' ല്‍ ഈ ദേശത്തെ കുറിച്ച് പലയിടങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്.
പുരാതനമായ പള്ളികളും നീണ്ടു കിടക്കുന്ന ഖബര്‍ സ്ഥാനുകളും വമ്പന്‍ പടിപ്പുരകള്‍ക്ക് പിറകില്‍ കാലം തളംകെട്ടി നില്‍ക്കുന്ന പോലെ ജീര്‍ണിച്ച് തീരുന്ന തറവാടുകളും ഇപ്പോഴും പ്രൗഢമായ ഇന്നലകളെ വിളിച്ചുപറയുന്നു. പള്ളിക്കുളങ്ങളും ഇടുങ്ങിയ ഇടവഴികളും അടുത്തടുത്ത വീടുകളും ചേര്‍ന്ന് ഏതോ കാലത്തിലേക്ക് നമ്മെ കൊണ്ടുപോകും. ഇത്രയേറെ ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന, ഏറെ പ്രതാപമുണ്ടായിരുന്ന ഈ ദേശത്തെ കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നതാണ് ഖേദകരം.
കുറുമ്പ്രനാടില്‍പെട്ട കൊയിലാണ്ടിക്ക് പയ്യനാട് എന്നുകൂടി പേരുണ്ടായിരുന്നു. കോയില്‍കണ്ടി എന്ന സ്ഥലനാമം ലോപിച്ചാണ് കൊയിലാണ്ടി ആയി മാറുന്നത്. പഴയകാലത്ത് പ്രമാണിമാരെ 'കോയില്‍' എന്ന് ആദരവോടെ സംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ തിങ്ങിപ്പാര്‍ത്ത പ്രദേശം കോയില്‍കണ്ടിയും കൊയിലാണ്ടിയും ആയി മാറിയതാവാം. പന്തലായനിയുടെ, കൊയിലാണ്ടിയുടെ ചരിത്രം എവിടെയും ക്രോഡീകരിക്കപ്പെടാതെ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. പള്ളികളും തറവാടുകളും അടക്കമുള്ള പഴയകാല നിര്‍മിതികള്‍ പലതും പുതുക്കിപ്പണിതപ്പോള്‍ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ അമൂല്യമായ വസ്തുക്കളും രേഖകളും നഷ്ടമായി. മുന്‍പ് ജുമുഅത്ത് പള്ളിയും പരിസരവും പരിശോധിച്ചപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വട്ടെഴുത്ത് ശില ലഭിച്ചുവെങ്കിലും, ഒന്നും വായിക്കാനാവാത്ത വിധം ഇത് പൊട്ടിപ്പോയിരുന്നു. പള്ളിയുടെ ഹൗള് പുതുക്കിപ്പണിയുമ്പോള്‍ ഏതാനും പൂര്‍വ്വികശിലകള്‍ അതിനടിയില്‍ പെട്ടുപോയത് പിന്നീടാണ് തിരിച്ചറിഞ്ഞത്.
താഴങ്ങാടി, കണ്ണാടിച്ചന്ത, കോട്ടവാതുക്കല്‍, പാണ്ടികശാലവളപ്പ് തുടങ്ങിയ ഇടങ്ങളും വീട്ടുപേരുകളും സൂചിപ്പിക്കുന്നത് പഴയകാലത്തിന്റെ പ്രതാപം നിറഞ്ഞ ചരിത്രത്തെയാണ്.
ഹുക്ക
നിര്‍മിക്കുന്ന നാട്
'ബൈത്ത്' എന്ന അറബികാവ്യ ശാഖക്ക് കേരളമണ്ണില്‍ തുടക്കമിടുന്നതും കൊയിലാണ്ടിയില്‍ നിന്നാണ്. യമനിലെ ഹളര്‍മൗത്തില്‍ നിന്നെത്തി കൊയിലാണ്ടിയില്‍ സ്ഥിരതാമസമാക്കിയവരില്‍നിന്നാണ് ഇതിന്റെ തുടക്കം. 'ഹളറമി' ബൈത്തുകള്‍ ചിലയിടങ്ങളില്‍ 'കൊയിലാണ്ടി ബൈത്ത്' എന്നും അറിയപ്പെടുന്നു. വിദേശങ്ങളില്‍ ഏറെ പ്രിയങ്കരമായ ഹുക്കകള്‍ നിര്‍മ്മിക്കുന്ന ഏക സ്ഥലം കേരളത്തില്‍ കൊയിലാണ്ടി മാത്രമാണ്. യമനികളിലൂടെയാണ് ഈ നാട്ടില്‍ ഹുക്ക നിര്‍മാണം ആരംഭിക്കുന്നത്.
മലബാറിന്റെ രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കുന്നതിലും കേളികേട്ടവരാണ് കൊയിലാണ്ടിക്കാര്‍. ചട്ടിപ്പത്തിരി, മുട്ടമാല മുട്ടസുര്‍ക്ക, മടക്കിപ്പത്തല്‍, പഞ്ചാരപ്പാറ്റ, ഉന്നക്കായ്, കോഴി നിറച്ചത്.. അങ്ങനെ കൊതിയൂറുന്ന എമ്പാടും വിഭവങ്ങള്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വന്ന കച്ചവടക്കാരിലൂടെ അവരുടെ രുചിശീലങ്ങളും ഈ മണ്ണിലേക്ക് പകര്‍ന്നതാവണം. അതിഥി സല്‍ക്കാരത്തില്‍ ഏറ്റവും ആഹ്ലാദം അനുഭവിക്കുന്നവരാണ് ഈ നാട്ടുകാര്‍. റമദാന്‍ 27 നുള്ള പാറപ്പള്ളിയിലെ 'ഓത്തി'ന് എത്തുന്ന സമീപപ്രദേശങ്ങളില്‍ ഉള്ളവരെ പള്ളിയുടെ പരിസരത്തുള്ള വീട്ടുകാര്‍ നോമ്പു തുറക്കാനായി ക്ഷണിച്ചുകൊണ്ടുപോവുന്ന കാഴ്ച മദീനത്തെ പള്ളിയിലെ നോമ്പുതുറകളെ ഓര്‍മിപ്പിക്കും. പഴയകാല തുറമുഖ കച്ചവടകേന്ദ്രങ്ങളിലെ മാപ്പിളമാര്‍ക്കിടയില്‍ കണ്ടുവരുന്ന പുതിയാപ്പിളമാര്‍ ഭാര്യവീട്ടില്‍ കൂടുന്ന സമ്പ്രദായം ഇവിടെയുമുണ്ട്.
പ്രശസ്തരുടെ കാലടയാളങ്ങള്‍
കുഞ്ഞാലിമരക്കാര്‍ ഒന്നാമനെ പോലുള്ള ചരിത്രപുരുഷന്മാരും, ഖാന്‍ സാഹിബ് ആറ്റക്കോയ തങ്ങള്‍, കേളപ്പജി, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ഹാഷിം ബാഫഖി തുടങ്ങിയ മഹാരഥന്മാരും ജനിച്ചതും ജീവിച്ചതും ഈ മണ്ണിലാണ്. വി.ആര്‍ കൃഷ്ണയ്യരും യു.എ ഖാദറും അടക്കം ഏറെ പ്രശസ്തരുടെ നാട് കൂടിയാണ് കൊയിലാണ്ടി. മലയാളത്തിലെ ആദ്യ നോവലിസ്റ്റ് ചന്തുമേനോന്റെ വിദ്യാരംഭവും ബാല്യവും ഈ നാട്ടിലായിരുന്നു എന്നത് പലര്‍ക്കും അറിയില്ല.
ചരിത്രങ്ങളൊക്കെ തിരുത്തപ്പെടുകയും ചരിത്രപുരുഷന്മാരുടെ പേരുകള്‍ ബോധപൂര്‍വ്വം മായ്ക്കപ്പെടുകയും ചെയ്യുന്നൊരു കാലത്ത് വേരുകളെ കുറിച്ച് കൃത്യമായ ബോധമുണ്ടാവുകയും ഇന്നലെകളുടെ ശരിയായ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുക എന്നത് ഓരോ ദേശവും സമൂഹവും കാണിക്കേണ്ട ജാഗ്രതയാണ്. കെട്ടിപ്പൊക്കിയതൊക്കെ തകര്‍ന്നു തരിപ്പണമായാലും വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി കാത്തുവയ്ക്കാന്‍ ശരിയായി രേഖപ്പെടുത്തപ്പെട്ട ചരിത്രം മാത്രമേ ഉണ്ടാവുകയുള്ളൂ. എഴുതിവയ്ക്കുക എന്നതുപോലും ഏറ്റവും ശ്രമകരമായിരുന്ന ഒരു കാലത്ത് വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി അതൊക്കെയും രേഖപ്പെടുത്തി വച്ച മഹാമനീഷികളോട്, മുന്നില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടും പിറന്നുവീണ മണ്ണിന്റെ ചരിത്രം അലസമായി തള്ളിക്കളയുന്ന നാം എന്താണ് മറുപടി പറയുക! ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉറങ്ങിക്കിടക്കുന്ന ഈ ദേശവും എങ്ങും അടയാളപ്പെടുത്തപ്പെടാതെ പോകാതിരിക്കട്ടെ എന്ന് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."