സഊദി ദേശീയ ദിനം: രാജ്യത്തിന് സമ്മാനമായി മലയാളികളുടെ 'ഹാദല്‍ ബലദു റൂഹീ' ആല്‍ബം
റിയാദ്: അന്നം തരുന്ന നാടിന്റെ ദേശീയ ദിനത്തില്‍ മലയാളികളുടെ സംരംഭം ഏറെ ശ്രദ്ധേയമാകുന്നു. സഊദിയുടെ 89 ആം ദേശീയ ദിനാഘോഷ്ത്തിലാണ് അന്നം തരുന്ന നാടിനോടുള്ള ആത്മബന്ധം വ്യക്തമാക്കി ഒരു സംഘം മലയാളികള്‍ ആല്‍ബം പുറത്തിറക്കിയത്. അറബികള്‍ക്കും മലയാളികള്‍ള്‍ക്കും ഏറെ കൗതുകം നല്‍കുന്ന വരികളുമായെത്തുന്ന ആല്‍ബം ഇതിനകം തന്നെ അറബികള്‍ക്കിടയില്‍ ഹിറ്റ് ആയി ക്കഴിഞ്ഞു. പ്രവാസം ഏറെ വിരഹമാണെങ്കിലും അന്നം തരുന്ന നാടിനോടുള്ള ആത്മ ബന്ധം വ്യക്തമാക്കുന്ന വ്യത്യസ്തമായ അറബിക് മലയാളം വീഡിയോ ആല്‍ബം മലയാളികള്‍ക്ക് ഏറെ അഭിമാനം നല്‍കിയിട്ടുണ്ട്
പ്രമുഖ സഊദി ഗായകനായ ഉമര്‍ അല്‍ ഹബ്‌സിയും ഇശലിന്റെ
സുല്‍ത്താന്‍ കണ്ണൂര്‍ ശരീഫ് എന്നിവരാണ് 'ഹാദല്‍ ബലദു റൂഹീ' (ഈ രാജ്യമാണെന്‍ ജീവന്‍) എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി മലയാളികള്‍ക്ക് താങ്ങും തണലുമായി നിന്ന് കേരളത്തെയും ഊട്ടി വളര്‍ത്തി നാനോന്മുഖ പുരോഗതിയില്‍ മുഖ്യ പങ്കുവഹിച്ച സഊദി അറേബ്യയില്‍ 20 വര്‍ഷക്കാലം ജോലി ചെയ്തു വിടപറയുമ്പോഴുള്ള ഒരു പ്രവാസി സുഹൃത്തിന്റെ സഊദിയോടും സഊദി സുഹൃത്തുക്കളോടുമുള്ള വലിയ കടപ്പാടും അഗാധ സ്‌നേഹവും നന്ദിയുമാണ് വീഡിയോയില്‍ ഉള്‍കൊള്ളിച്ചത്.
ഷാഫി മുണ്ടോട്ടില്‍ ഒരുക്കിയ ഗാനത്തിനു രാജീവ് റാം ആണ് സംഗീതം നിര്‍വഹിച്ചത്.
ഫ്രണ്ട്‌സ് ഓഫ് കാലിക്കറ്റ് ഒരുക്കിയ 'യുംന ഷോ' ഇശല്‍ സന്ധ്യയില്‍ ഇന്ത്യന്‍ എംബസി ഓഫിസര്മാരും ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരും റിയാദിലെ കലാ സാമൂഹിക സാംകാരിക രംഗത്തെ പ്രമുഖകരും അണിനിരന്ന സദസ്സില്‍ പ്രൊഡ്യൂസര്‍ പ്രമുഖ സഊദിപൗരന്‍ അവാദ് ഹസന്‍ അല്‍ ഷെഹ്‌രി ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍മാരായ ഡി ബി ബാട്യ രാകേഷ്‌കുമാര്‍ എന്നിവര്‍ ഗായിക
യുംന അജിന് സി ഡി കൈമാറിയാണ് ആല്‍ബം പ്രകാശനം ചെയ്തത്.
പ്രവാസിഭാരാതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട് നെസ്റ്റോ ഡയറക്റ്റര്‍ നാസര്‍ കല്ലായി ചീഫ് കോഡിനേറ്റര്‍മായ മയിസ് റയീസ് അഷ്‌കര്‍, യുംന ഷോ ഭാരവാഹികളായ മിര്‍ഷാദ് ബക്കര്‍, ഉമര്‍ ശരീഫ്, കബീര്‍ നാലങ്ങാടം തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി.
ഷാരോണ്‍ ശരീഫ് സഊദിയിലും അക്കുതലപ്പാറ ഇന്ത്യയിലും ചിത്ര സംവിധാനം നിര്‍വഹിച്ച ആല്‍ബത്തില്‍ സഊദി സ്‌പോണ്‍സറുടെ റോളില്‍ അഷ്‌റഫ് എടക്കരയും പെര്‍ഫ്യൂം ഷോപ് എംപ്ലോയിയായി ഫഹദ് നീലാഞ്ചേരിയും വേഷമിട്ട് വിശ്വാസത്തിന്റെയും മുഹബ്ബത്തിന്റെയും കാഴ്ചയും ഇശലും ഒരുമിച്ചു പകരുന്നു. ഇനായ സജേഷ് , അലന്‍ ഫാഹിദ് എന്നിവര്‍ കഫീലിന്റെ മക്കളുടെ റോളിലും അര്‍ഷല്‍ അഹ്മദ് ഫഹദിന്റെ കുട്ടിക്കാല റോളില്‍ വേഷമിടുന്നുണ്ട്.
അറബികളും വിദേശികളും വിശിഷ്യാ സഊദികളും ഇന്ത്യക്കാരും തമ്മില്‍ പണ്ട് മുതലേ നിലനിന്ന് പോരുന്ന ആത്മബന്ധംഅരക്കിട്ടുറപ്പിക്കുക അത് പുറം ലോകത്തോട് വ്യക്തമായി ചിത്രീകരിച്ച് സഊദി സഹോദരങ്ങള്‍ കാണിക്കുന്ന സ്‌നേഹം , വാത്സല്യം ആദരവ് അടുപ്പം മുഹബ്ബത്ത് എന്നിവ തുറന്നു കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടിലെയും റിയാദിലെയും കലാകാരന്മാര്‍ ചേര്‍ന്ന് ദേശീയദിനമാഘോഷിക്കുന്ന സഊദിഅറേബ്യക്ക് സ്‌നേഹസമ്മാനമായി സമര്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."