ട്രാന്‍സ്ഗ്രിഡ്: തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം നല്‍കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബി വഴി വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ നിര്‍മാണ കരാറുകള്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് തന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതിയെയും ക്രമക്കേടുകളെയും കുറിച്ച് പത്ത് ചോദ്യങ്ങള്‍ പ്രതിക്ഷ നേതാവ് ഉന്നയിച്ചത്.
കിഫ്ബി വഴി നടപ്പാക്കുന്ന കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായ കോട്ടയം, കോലത്തുനാട് ലൈന്‍സ് പദ്ധതികളുടെ നിര്‍മാണ കരാര്‍ നിശ്ചയിച്ച ടെന്‍ഡര്‍ നിരക്കിന്റെ 50 മുതല്‍ 65 ശതമാനം വരെ ഉയര്‍ന്ന നിരക്കില്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കിയതില്‍ വന്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കുന്നു. എന്നാല്‍, വളരെ ദുരൂഹമായ മറുപടികളും വസ്തുതാപരമല്ലാത്ത വിശദീകരണങ്ങളുമാണ് തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി കെ.എസ്.ഇ.ബിയുടെ പേരില്‍ പുറത്തിറക്കിയത്. വസ്തുതകളും രേഖകളും മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവെന്ന നിലയില്‍ അതീവ ഗൗരവത്തോടെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും ഒഴിഞ്ഞുമാറിയതിലുള്ള ശക്തമായ പ്രതിഷേധവും ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരെക്കൊണ്ട് അഴകൊഴമ്പന്‍ മറുപടി പറയിച്ച് തടിതപ്പാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം കത്തില്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."