ഡെങ്കിപ്പനിക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: മാരകമായി മാറാവുന്ന ഡെങ്കിപ്പനി ജില്ലയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ ആണ് രോഗം പകര്‍ത്തുന്നതെന്നതിനാല്‍ ഇവയെ തടയുകയാണ് പ്രധാനമായും ചെയ്യേണ്ടത്.
കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ള ചിരട്ടകള്‍ കളിപ്പാട്ടങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പുറക് വശം തുടങ്ങിയ ഇടങ്ങളിലെ വെള്ളക്കെട്ട് ഇല്ലാതാക്കുക. രാവിലെയും വൈകുന്നേരവും വീട്ടിനുള്ളില്‍ ലിക്വഡൈസര്‍മാറ്റ് രൂപത്തിലുള്ള കൊതുക് നാശിനികള്‍ ഉപയോഗിക്കാവുന്നതാണ്. ഈ സമയങ്ങളില്‍ മുറികള്‍ക്കുള്ളില്‍ പുകയ്ക്കുന്നതിലൂടെയും കൊതുക് ശല്യം ഒഴിവാക്കാം. ഉണങ്ങിയ വേപ്പില, തുളസിയില, കുന്തിരിക്കം തുടങ്ങിയ വസ്തുക്കള്‍ പുകയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
വീട്ടിലുള്ളവര്‍ പ്രത്യേകിച്ചും കുട്ടികള്‍ കഴിവതും കൈകാലുകള്‍ മറയുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ ശീലിക്കുക. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ വസ്ത്രങ്ങള്‍ ആവരണം ചെയ്യാന്‍ കഴിയാത്ത ശരീരഭാഗങ്ങളില്‍ കൊതുകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ലേപനങ്ങള്‍ പുരട്ടുക. വീട്ടില്‍ പനിബാധിതരുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും കൊതുക് വലയ്ക്കുള്ളില്‍ തന്നെ കിടത്തുക.
ഭൂരിഭാഗം രോഗികളിലും ഡെങ്കിപ്പനി സാധാരണ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും കഠിമായ വയറുവേദന, വയറിളക്കം, ഛര്‍ദില്‍, ശ്വാസ തടസം, മലത്തില്‍ രക്തം പോകുക, കറുത്ത നിറത്തിലുള്ള മലം, അമിത ക്ഷീണം തുടങ്ങിയവ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നപക്ഷം അടിയന്തരമായി ചികിത്സതേടണമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."