ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനുനേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണ വ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ പ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറിച്ച്, അത് ജനമനസുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍വേണ്ടി മാത്രമാണ് മറുപടി പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്രാന്‍സ്ഗ്രിഡില്‍ വിജിലന്‍സ് ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടെന്‍ഡര്‍ നടപടിയില്‍ ക്വാട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയുടെ പത്തുശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത് റീടെന്‍ഡര്‍ ചെയ്യണമെന്നും അതിനുശേഷവും ഇതുതന്നെ സംഭവിക്കുകയാണെങ്കില്‍ എസ്റ്റിമേറ്റ് തുക പുതുക്കണമെന്നും വ്യവസ്ഥയില്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് ടെന്‍ഡറിനുവേണ്ടി തയാറാക്കിയ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതലാണ് ടെന്‍ഡര്‍ തുകയെങ്കില്‍ ഈ ടെന്‍ഡര്‍ അംഗീകരിക്കണോ വേണ്ടയോ എന്നത് പരിശോധിക്കാന്‍ സര്‍ക്കാര്‍ സെക്രട്ടറിതല സമിതിക്കും ക്യാബിനറ്റിനും അധികാരമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഓരോ തലത്തിലും ടെന്‍ഡര്‍ എക്‌സസ് നല്‍കാവുന്നതിന് പരിധിയും നിര്‍ണയിച്ചിട്ടുണ്ട്. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടെന്‍ഡര്‍ സ്വീകരിക്കുക. പത്തുശതമാനത്തിലേറെ തുക ക്വാട്ട് ചെയ്തുകൊണ്ട് മാത്രം ടെന്‍ഡര്‍ അസാധുവാക്കപ്പെടണമെന്നില്ല. കെ.എസ്.ഇ.ബിയില്‍ ഇത്തരത്തിലുള്ള പരിശോധനയും അംഗീകാരവും നല്‍കാനുള്ള പൂര്‍ണ അധികാരം ഫുള്‍ ബോര്‍ഡിനാണ്. ഇത് സര്‍ക്കാരിന്റെ പരിഗണനക്ക് വരികയേ ഇല്ല. ഇത് ഇപ്പോള്‍ മാത്രമല്ല, മുന്‍പും ഇങ്ങനെ തന്നെയാണ്. ലൈന്‍ നിര്‍മാണ ജോലികളുടെ ലേബര്‍ ഡേറ്റയില്‍ തൊഴിലാളിക്ക് കൂലി 450-500 രൂപയാണ്. എന്നാല്‍, പ്രായോഗികതലത്തില്‍ ഒരു തൊഴിലാളിയെ ഇത്തരം വൈദഗ്ധ്യം ആവശ്യമുള്ള പണിക്ക് കിട്ടണമെങ്കില്‍ അതിന്റെ ഇരട്ടിയോ അതിലധികമോ കൂലി കൊടുക്കേണ്ടിവരും. ഇതാണ് ലേബര്‍ ടെന്‍ഡര്‍ നിരക്ക് വലിയതോതില്‍ കൂടാന്‍ ഇടയാക്കുന്നത്.
പൊതുവേ ലേബര്‍ ഇന്റന്‍സീവായ ജോലികളാണ് പ്രസരണ ലൈന്‍ നിര്‍മാണവും മറ്റും. അതിനാല്‍ തന്നെ മെറ്റീരിയലും ലേബറും ചേര്‍ത്ത് 60 ശതമാനത്തിലേറെ ഉയര്‍ന്ന നിരക്കാണ് ഈ രംഗത്ത് ക്വാട്ട് ചെയ്യപ്പെടാറ്. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ അങ്ങനെതന്നെ നടപ്പാക്കുന്ന രീതി ഇല്ലാത്തതിന്റെ പശ്ചാത്തലം ഇതാണ്. അഡോപ്റ്റ് ചെയ്യാവുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ മാത്രം അഡോപ്റ്റ് ചെയ്യുന്ന നടപടിക്രമം മാത്രമാണ് അവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാക്കുന്നത് കിഫ്ബി, പവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കെ.എസ്.ഇ.ബി ലിമിറ്റഡ് എന്നിവ ചേര്‍ന്നു വെച്ചിട്ടുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ്. ഇത് പൊതുമണ്ഡലത്തിലുള്ള രേഖയാണ്, രഹസ്യമല്ല. പ്രതിപക്ഷ നേതാവിന് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. അതിന് സന്നദ്ധനാവുകയാണ് വേണ്ടത്. പലിശ ഒഴിവാക്കി വായ്പ നല്‍കാന്‍ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കാം എന്നാണ് കെ.എസ്.ഇ.ബി-കിഫ്ബി ചര്‍ച്ചകളില്‍ ഉയര്‍ന്ന അഭിപ്രായം. എല്ലായിടത്തും വൈദ്യുതിലഭ്യത ഉറപ്പുവരുത്തുക എന്നത് സാമൂഹ്യപ്രാധാന്യമുള്ള കാര്യമായതിനാലാണ് മസാലാബോണ്ട് അടക്കമുള്ള മാര്‍ഗങ്ങളിലൂടെ കിഫ്ബി സ്വരൂപിക്കുന്ന തുകക്ക് പത്തുശതമാനം പലിശ ഈടാക്കുന്നതാകും ഉചിതം എന്നു നിശ്ചയിച്ചശേഷം എട്ട്, ഒമ്പത് ശതമാനം പലിശക്ക് വായ്പ നല്‍കാമെന്ന് ആലോചിക്കുന്നത്.
ചിത്തിരപുരം യാര്‍ഡില്‍ തറ നിര്‍മാണത്തിന് 11 ലക്ഷം രൂപയുടെ ഐറ്റം ജോലി 1,100 ലക്ഷം രൂപയുടേതാക്കി മാറ്റിയതെങ്ങനെയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് ഈ തറ നിര്‍മാണത്തിന് 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഒരിക്കലും ആരും ഉണ്ടാക്കിയിട്ടില്ല.
11 കോടി 18 ലക്ഷം രൂപയ്ക്കാണ് യാര്‍ഡ് ലെവലിങ് ജോലിക്ക് എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി നല്‍കിയത്. ടെന്‍ഡറില്‍ 8.25 കോടിക്കാണ് ലോവസ്റ്റ് ബിഡ് ലഭിച്ചത്. ഈ തുകയ്ക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചതും പണി പൂര്‍ത്തിയാക്കിയതും എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."