ഇഅ്തികാഫ്: പ്രതിഫലം പെയ്തിറങ്ങുന്ന നിമിഷങ്ങള്‍
അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചു അവന്റെ ഭവനമായ പള്ളിയില്‍ ഭജനമിരിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പുണ്യകര്‍മമാണ്. ഇതു പ്രവാചകചര്യയാണ്. എല്ലാകാലത്തും പുണ്യമുള്ള ആരാധനാകര്‍മമാണിത്. ഇഅ്തികാഫിനെ ഉദ്ദേശിച്ചു പള്ളിയില്‍ ചെലവിടുന്ന ഓരോ നിമിഷങ്ങളും അനേകം പ്രതിഫലങ്ങള്‍ക്കാണ് മാര്‍ഗമാകുന്നത്.
വിശുദ്ധ രാപകലുകളായ റമദാന്‍ മാസത്തില്‍ ഭജനമിരിക്കുന്നതിന്റെ പ്രാധാന്യം ഏറെയാണ്. സ്രഷ്ടാവിന്റെ ഭവനമായ പള്ളിയില്‍ ചെലവിടുന്ന സമയമെത്രെയും എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്കു വഴിയൊരുങ്ങുന്നു. അതിനാല്‍ റമദാനിലെ ആരാധനാകര്‍മങ്ങളില്‍ ഇഅ്തികാഫിന് ഏറെ പ്രാധാന്യമുണ്ട്. അനസ് (റ)ല്‍നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: 'റമദാനിലെ അവസാനത്തെ പത്ത് തുടങ്ങിയാല്‍ നബി (സ) തന്റെ ഉടുതുണി മുറുക്കിക്കെട്ടുകയും രാത്രി ഉറക്കമൊഴിച്ചു സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു. നബി(സ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. വഫാതായ വര്‍ഷം ഇരുപതു ദിവസമായിരുന്നു ഇഅ്തികാഫ് ഇരുന്നത് '(ബുഖാരി).
ദൈവസാമീപ്യവും അനുഗ്രഹവും കൂടുതല്‍ അര്‍ഹിക്കുന്ന റമദാന്‍ രാപകലുകളിലെ ഇഅ്തികാഫിനുവേണ്ടി ചെലവഴിക്കുന്നതില്‍ റസൂല്‍ (സ്വ) കാണിച്ച ആവേശം ഹദീസുകളില്‍നിന്നു വ്യക്തമാണ്. ചിന്തകളും കര്‍മങ്ങളും സ്രഷ്ടാവിനു സമര്‍പ്പിച്ചുള്ള ആത്മീയാനുഭൂതിയാണ് ഭജനമിരിക്കുന്നതിലൂടെ കരസ്ഥമാക്കാനാകുക. 'ഒരാള്‍ ഇഅ്തികാഫ് ഇരുന്നാല്‍ പാപങ്ങളില്‍നിന്നു തടയപ്പെടുകയും എല്ലാ സല്‍കര്‍മങ്ങളും അനുഷ്ഠിച്ചവനെപ്പോലെയുള്ള നന്മ അയാളുടെ പേരില്‍ എഴുതപ്പെടുകയും ചെയ്യുന്നതാണ് ' എന്നാണ് ഹദീസ്. ഒരാള്‍ റമദാനില്‍ പത്തു ദിവസം ഇഅ്തികാഫ് ഇരുന്നാല്‍ രണ്ട് ഹജ്ജും ഉംറയും നിര്‍വഹിച്ചതിനു തുല്യമാണെന്നു തിരുനബി (സ) പഠിപ്പിക്കുന്നു.
'റമദാന്‍ മാസം പത്തു ദിവസം ഇഅ്തികാഫിരിക്കുന്നവര്‍ക്കു രണ്ടു ഹജ്ജും രണ്ട് ഉംറയും ചെയ്ത പ്രതിഫലം സ്വായത്തമാക്കാവുന്നതാണ് ' (ബൈഹഖി). ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം നേടിയെടുക്കാമെന്നതിനാലാണ് ഖദ്‌റിന്റെ രാത്രിക്കു ഏറെ സാധ്യതയേറിയ റമദാനിലെ അവസാന പത്ത് ഇഅ്തികാഫിനായി തെരഞ്ഞെടുക്കുന്നത്. അനാവശ്യ സംസാരം, പരദൂഷണം, ചീത്ത സംസാരം,നിഷിദ്ധമായവ ഭക്ഷിക്കല്‍ എന്നിവ ഉപേക്ഷിക്കല്‍ ഇഅ്തികാഫില്‍ പുലര്‍ത്തണം. വിശുദ്ധ ഖുര്‍ആന്‍ പാരായണം, നിസ്‌കാരം, ദിക്‌റ്, സ്വലാത്ത് തുടങ്ങി ആത്മീയ ചിന്തകളില്‍ മുഖരിതമാകുകയാണ് വേണ്ടത്. അറിവ് സമ്പാദിക്കുന്നതിനും സദുപദേശം കേള്‍ക്കുന്നതിനുമെല്ലാം ഉപയോഗിക്കാം. ഇഅ്തികാഫിന്റെ ഉദ്ദേശത്തോടെ മസ്ജിദില്‍ കഴിയുന്ന സമയമെത്രയും പ്രതിഫലം ലഭിക്കുന്നതില്‍ നിന്നുതന്നെ ഈ ആരാധനയുടെ പവിത്രത മനസിലാക്കാം.
വിലമതിക്കാനാകാത്ത റമദാനിലെ അവസാന പത്ത് സമാഗതമായിരിക്കുന്നു. ഇനിയുള്ള ഓരോ നിമിഷങ്ങളും പവിത്രതയേറിയതാണ്. മനസും ശരീരവും സ്രഷ്ടാവിനു മുന്നില്‍ അനുസരണയോടെ സമര്‍പ്പിച്ചു കേഴുന്ന നാളുകളാകണം ഓരോ നിമിഷങ്ങളും. സംസ്‌കരിച്ച ഹൃദയത്തോടെ വിശുദ്ധിയുടെ തുടര്‍ ജീവിതം ഉറപ്പാക്കുന്നതിനുള്ള വേളയാണിത്. അവസാന പത്തിലെ ഓരോ നിമിഷങ്ങളും ഫലപ്രദമായി വിനിയോഗിക്കുക. തിരുനബി(സ)യുടെ ജീവിത ശൈലിയെ പൂര്‍ണമായി ഉള്‍ക്കൊണ്ട് ഇഅ്തികാഫിനായി ഇനിയുള്ള പവിത്രദിനങ്ങളെ ഉപയോഗപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."