കളിക്കാരന്റെ നോമ്പും നോമ്പുകാരന്റെ കളിയും
വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് 'ദൈവം നിങ്ങളുടെ പുറമേയ്ക്കല്ല, അകത്തേയ്ക്കാണു നോക്കുന്നത് ' എന്നാണ്. പേരുകൊണ്ടോ വേഷംകൊണ്ടോ അല്ല വ്യക്തിയുടെ വിശ്വാസം നിര്‍ണയിക്കപ്പെടേണ്ടത് എന്നര്‍ഥം.
എങ്കിലും പല മതക്കാരും താടി മതചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ മതചിഹ്നം ഒതുക്കി മുറിച്ച മുടിയും നീട്ടിവളര്‍ത്തിയ താടിയുമാണ്. ഹൈന്ദവസന്ന്യാസിമാരും ക്രൈസ്തവപുരോഹിതന്മാരും സിഖുകാര്‍ പൊതുവെയും അവരവരുടേതായ രീതിയില്‍ താടി വളര്‍ത്തുന്നുണ്ട്.
ധരിക്കുന്ന വേഷവുമായി ഒത്തുപോകുന്ന താടി ആര്‍ക്കും അലങ്കാരമാണ്, അതു കറുത്ത താടിയാവാം, നരച്ച താടിയാവാം, മൈലാഞ്ചിയിട്ടു ചുവപ്പിച്ച താടിയുമാകാം. കളിരംഗത്തും താടിക്കാര്‍ വേണ്ടുവോളമുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ താടിക്കാരന്‍ കഴിഞ്ഞനൂറ്റാണ്ടില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന ഡബ്ല്യു.ജി ഗ്രെയ്‌നാണ്. നല്ല കളിക്കാരനും മികച്ച ഡോക്ടറുമൊക്കെയായിരിക്കെത്തന്നെ കറകളഞ്ഞ ക്രിസ്തുമതവിശ്വാസിയായിരുന്നു അദ്ദേഹം.
അതേസമയം, സത്യവിശ്വാസം ഉടുപ്പിലല്ല, നടപ്പിലാണെന്ന യാഥാര്‍ഥ്യം നാം മറക്കരുത്. ഈ റമദാന്‍ നാളുകളില്‍ അക്കാര്യം നമ്മെ ഓര്‍മിപ്പിക്കുന്നതു ക്രൈസ്തവവിശ്വാസികള്‍ ബഹുഭൂരിപക്ഷമുള്ള ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഒരു വാര്‍ത്തയാണ്. അഞ്ചുകോടി ജനങ്ങളുള്ള ആ രാജ്യത്ത് മുസ്‌ലിംകള്‍ ഒന്നര ശതമാനം മാത്രമേയുള്ളൂ. എന്നിട്ടും ഹാഷിം അംല എന്ന മുസ്‌ലിം അവരുടെ ക്രിക്കറ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.
തല മൊട്ടയടിച്ചു താടിനീട്ടിയ ഹാഷിം അംല രാജ്യാന്തരമത്സരത്തില്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കമന്റേറ്റര്‍ ബോക്‌സില്‍ നിന്നു വന്ന ഒരു കമന്റ്,'ആ തീവ്രവാദി വിക്കറ്റെടുത്തിരിക്കുന്നു!' എന്നായിരുന്നു.
ഇതേക്കുറിച്ചുള്ള പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു, 'എനിക്ക് പരാതിയില്ല, പരിഭവവുമില്ല. വിശ്വാസത്തിന്റെ പകുതിയാണു ക്ഷമ എന്ന തത്വത്തില്‍ വിശ്വസിക്കുന്നവനാണു ഞാന്‍.'
ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഫീല്‍ഡില്‍ ഇറങ്ങുന്നത് ടിവിയില്‍ ശ്രദ്ധിച്ചവര്‍ക്ക് അറിയാം ടീമില്‍ രണ്ടുപേരുടെ ജഴ്‌സിയിലെ വ്യത്യാസം. അവരുടെ ജഴ്‌സിയില്‍ മാത്രം വലതുഭാഗത്ത് കാസ്റ്റില്‍ എന്ന ബിവറേജസ് കമ്പനിയുടെ ചിഹ്നം കാണില്ല. മദ്യനിര്‍മാതാക്കളുടെ ലോഗോ ധരിക്കാത്തതിന്റെ പേരില്‍ ഓരോ കളിക്കും അഞ്ഞൂറു ഡോളര്‍ (27,180 രൂപ) പിഴയടക്കണം അംലയും ഇംറാന്‍ താഹിറും.
മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രശസ്ത കായികതാരങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമടക്കം പല രാജ്യങ്ങളിലുമുണ്ട്. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താനും പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ പോയെന്ന വാര്‍ത്തയുണ്ടല്ലോ.
ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് ആത്മകഥയില്‍ കുറിച്ചിട്ട വരികള്‍ ഇങ്ങനെയാണ്: 'കളി കഴിഞ്ഞാല്‍ മിക്കദിവസവും ഞങ്ങള്‍ നിശാക്ലബിലേയ്ക്കു പോകും. ആണ്‍-പെണ്‍ നൃത്തവും മദ്യപാനവും ഒക്കെയായി നേരം പോക്കുന്ന മണിക്കൂറുകള്‍. എന്നാല്‍, അംലയെ ആ വഴിക്കൊന്നും കാണില്ല. അദ്ദേഹം ഹോട്ടല്‍ മുറിയില്‍ പ്രാര്‍ഥനയിലോ ഖുര്‍ആന്‍ പാരായണത്തിലോ ആയിരിക്കും.'
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍മാര്‍ മാത്രമല്ല, ലോകകപ്പ് രംഗത്ത് ഈയിടെ പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷ് താരം മോയിന്‍ അലിയും നീണ്ട താടിവച്ചും മതദീക്ഷകള്‍ ശരിക്കും പാലിച്ചും കായികരംഗത്തുള്ള കളിക്കാരനത്രേ. പാകിസ്താനിലെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പിന്നീട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഇന്‍സമാമുല്‍ ഹഖ് മുതല്‍ പില്‍ക്കാല നായകന്‍ ശഹീദ് അഫ്രീദി വരെ വലിയ താടിക്കാരുണ്ടായിരുന്നു. ഇസ്‌ലാം മതം ആശ്ലേഷിച്ച് മുഹമ്മദ് യൂസുഫ് എന്ന പേരു സ്വീകരിച്ച യൂസുഫ് യോഹന്നാനും താടിക്കാരനാണ്.
ഗുജറാത്തില്‍ ബഗോഡാ സ്വദേശികളായ ഇന്ത്യന്‍ ടെസ്റ്റ് താരങ്ങള്‍ യൂസുഫ് പത്താനും ഇര്‍ഫാന്‍ പത്താനും നാട്ടിലെ പള്ളിയില്‍ പുരോഹിതസ്ഥാനം വഹിക്കുന്ന ഒരു സാത്വികന്റെ മക്കളാണെന്ന പാരമ്പര്യം നിലനിര്‍ത്തുന്നു. കഴിഞ്ഞവര്‍ഷം റിയാദില്‍ ഇര്‍ഫാന്‍ വിവാഹിതനായപ്പോള്‍ വിവാഹഫോട്ടോയ്ക്കായി വധു സഫാ ബെയ്ഗിന്റെ പര്‍ദ മാറ്റാന്‍ പോലും ആ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സന്നദ്ധനായില്ല.
ഐ.എസ്.എല്‍ രൂപത്തില്‍ പ്രഫഷനല്‍ ഫുട്‌ബോള്‍ ഇന്ത്യന്‍ കായികരംഗത്തു കൊടികുത്തിയത് ഈയിടെയാണ്. പുകഴ്‌പെറ്റ കൊല്‍ക്കത്ത ക്ലബുകള്‍ പോലും മികച്ച കളിക്കാരെ ഇറക്കാന്‍ പണമില്ലാതെ കഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച മദ്യനിര്‍മാണ കമ്പനി സഹായവുമായി ഓടിയെത്തി. കളിക്കാര്‍ എല്ലാവരും ജഴ്‌സിയില്‍ തങ്ങളുടെ ലോഗോ വഹിക്കണമെന്നായിരുന്നു നിബന്ധന.
മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ക്ലബിന്റെ പഴക്കം ചെന്ന പ്രസ്തുത പേരുകള്‍ക്കൊപ്പം ബിവറേജസ് കമ്പനിയുടെ പേരും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മദ്യനിര്‍മാണവുമായി ബന്ധപ്പെട്ട ഒന്നിനും തങ്ങള്‍ ഇല്ലെന്ന് പറഞ്ഞ മുഹമ്മദന്‍സ്‌പോര്‍ട്ടിങ് ആ ഓഫര്‍ നിരസിച്ചു. നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ലബ് വില്‍ക്കുന്നിടംവരെ കാര്യമെത്തി. ഒടുവില്‍ ചില പ്രമുഖരുടെ സഹായമാണു രണ്ടാം ഡിവിഷനിലേക്കിറങ്ങിയെങ്കിലും ലീഗ് മത്സരങ്ങളില്‍ തുടരാന്‍ മുഹമ്മദന്‍സിനെ തുണച്ചത്.
പത്തുവര്‍ഷം മുന്‍പ് സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന മിനി ലോകകപ്പ് ഫുട്‌ബോള്‍ ഓര്‍മവരുന്നു. കിങ് ഫഹദ് സ്‌റ്റേഡിയത്തില്‍ ഫഌഡ് ലൈറ്റുകള്‍ മിന്നിത്തുടങ്ങുന്നതു മഗ്‌രിബ് ബാങ്ക് വിളികള്‍ക്കു പിന്നാലെയാവും. അതോടെ സ്‌റ്റേഡിയമാകെ പള്ളിയാവും. ഗാലറി നിറഞ്ഞ ജനക്കൂട്ടം അവിടെ ഇരുന്നുതന്നെ നിസ്‌കരിക്കും. അതിനുശേഷം കിക്ക് ഓഫ്.
മതവിശ്വാസികള്‍ക്കപ്പുറത്ത് ഈ വേഷവിധാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇസ്‌ലാമിക് റിപബ്ലിക്കായ ഇറാനില്‍ നിന്നുപോലും ഒരു ചലച്ചിത്രം ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവലിനു എത്തുന്നതു നാം കാണുന്നു. ഒരു രസികന്‍ പറഞ്ഞതു മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് അതിലെ നടിക്കാണു നല്‍കേണ്ടതെന്നാണ്. അതിനദ്ദേഹം കാരണവും പറഞ്ഞു. അവര്‍ പര്‍ദയിട്ടാണ് അഭിനയിക്കുന്നത്. അതിനാല്‍ നമുക്കാ മുഖഭാവം കാണാന്‍ സാധിക്കുന്നില്ലെന്നേയുള്ളൂ.
അഞ്ചുതവണ റോവേഴ്‌സ് കപ്പ് ജയിച്ചു ചരിത്രം സൃഷ്ടിച്ച ഹൈദരാബാദ് സിറ്റി പൊലിസിലെ ഒളിംപ്യന്‍ താരങ്ങളായ അസീസ്, ലത്തീഫ്, മോയിന്‍, നൂര്‍ മുഹമ്മദ്, സുല്‍ഫിക്കര്‍ എന്നിവരൊക്കെയും നിസ്‌കാരവും നോമ്പും മുറയ്ക്കു നടത്തുന്നവരായിരുന്നു. അവരാരും അക്കാലത്ത് യൂസുഫ് ഖാനെപ്പോലെ താടി വളര്‍ത്തിയിരുന്നില്ലെന്നു മാത്രം. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ മുഹമ്മദ് സ്‌പോര്‍ട്ടിങിന്റെ ജഴ്‌സി അണിഞ്ഞു മത്സരിക്കാന്‍ വന്ന കാലത്തും ഹൈദരാബാദുകാരായ യെമാനിയും അഹമ്മദ് ഹുസൈനും മോണ്ടിന്‍ ജൂനിയറും ഹബീബുമൊക്കെ തത്വദീക്ഷയോടെ നിസ്‌കാരവും നോമ്പും നിര്‍വഹിച്ചതു തങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നെന്നു കോഴിക്കോട്ടുകാരനായ ഒളിംപ്യന്‍ ടി.എ റഹ്്മാന്‍ അനുഭവക്കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
1975 ല്‍ ക്വാലാലംപൂരില്‍ ഇന്ത്യക്ക് ഹോക്കിയില്‍ ലോകകപ്പ് ജയിക്കാന്‍ നിര്‍ണായക പെനാല്‍റ്റി കോര്‍ണര്‍ ഗോള്‍ നേടിയ അസ്‌ലം ഷേര്‍ഖാന്‍ എന്ന മുന്‍ ഇന്ത്യന്‍ നായകനെ ഓര്‍ക്കുക. പ്രാര്‍ഥനയ്ക്കുശേഷം കഴുത്തിലെ ഉറുക്കില്‍ മുത്തമിട്ടതിന്‍ പിറകെയാണു താന്‍ ആ സ്‌കോറിങ് നടത്തിയതെന്നു പില്‍ക്കാലത്ത് പാര്‍ലമെന്റംഗം കൂടിയായ ആ ഇന്ത്യന്‍ ബാക്ക് പറയുകയുണ്ടായി. കിരീടം ജയിച്ചപ്പോള്‍ അസ്‌ലം ഷേര്‍ (അദ്ദേഹത്തിന്റെ പിതാവ് അഹമ്മദ് ഷേര്‍ ഖാന്‍ 1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.) മൈതാനത്ത് മുത്തമിടുന്ന പടം പല പത്രങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ചരിത്രവിജയത്തില്‍ താന്‍ ദൈവത്തിന് സുജൂദ് ചെയ്യുകയായിരുന്നുവെന്നാണ് ആ ഭോപാല്‍കാരന്‍ പിന്നീട് പറഞ്ഞത്.
ശ്രീറാം സിങ്, ശിവനാഥ് സിങ് എന്നീ ഒളിംപ്യന്മാരെ സൃഷ്ടിച്ച ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ പ്രശസ്ത ഇന്ത്യന്‍ അത്‌ലറ്റിക് കോച്ച് ഇല്യാസ് ബാബറിന്റെ കഥയും വ്യത്യസ്തമല്ല. ഏതു കാലാവസ്ഥയിലും ക്യാംപ് നടത്തിവന്ന ഈ കര്‍ണാടകക്കാരന്‍ തൊട്ടടുത്ത പള്ളിയില്‍നിന്നു ബാങ്ക് വിളി കേട്ടാല്‍ എല്ലാം നിര്‍ത്തിവച്ച് അങ്ങോട്ടേയ്‌ക്കോടും. പത്തുവര്‍ഷം മുന്‍പ് തലശ്ശേരിയില്‍ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റ് നടന്നപ്പോള്‍ നിരീക്ഷകനായി എത്തിയ ഈ താടിക്കാരന്‍ സമീപത്തെ സ്റ്റേഡിയം പള്ളിയിലേയ്ക്ക് ഓടുന്നതു കണ്ട ഒരാളാണ് ഇതെഴുതുന്നത്.
വനിതാ താരങ്ങള്‍ക്ക് തലമറച്ച് കളികളില്‍ പങ്കെടുക്കാനാവില്ലെന്ന നിര്‍ബന്ധം വന്നപ്പോള്‍ 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഖത്തര്‍ ഇറങ്ങിപ്പോയത് ഓര്‍ക്കുന്നു. അതില്‍ പിന്നീട് ഫുട്‌ബോളിലും ബാസ്‌കറ്റ് ബോളിലും ഒക്കെ ഹിജാബ് ആവാമെന്ന അവയുടെ രാജ്യാന്തര സംഘടനകള്‍ ഈയിടെ അംഗീകാരം നല്‍കി.
ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങില്‍ 370 കി.ഗ്രാം ഉയര്‍ത്തി വെള്ളി മെഡല്‍ നേടിയ വടകര ഓര്‍ക്കാട്ടേരി സ്വദേശി മജിസിയ ബാനുവിനെ ഓര്‍മവരുന്നു. പതിനാലു രാജ്യങ്ങള്‍ മത്സരിച്ചിടത്ത് ഈ പെണ്‍കുട്ടി രണ്ടാംസ്ഥാനം നേടിയത് ഹിജാബ് ധരിച്ചായിരുന്നു. ഫ്രഞ്ച് ഗ്രാന്‍സ്‌ലാം ടെന്നിസില്‍ ഇത്തവണ മൂന്നാം റൗണ്ടിലെത്തിയ ആദ്യ അറബ് വനിതയായ ഓണ്‍സ് ജാബിയറിന്റെ കഥ കേള്‍ക്കുക:
''റമദാന്‍ മാസമായതിനാല്‍ കളി ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, താനത് ഈ വര്‍ഷം തന്നെ നോറ്റുവീട്ടും.''
നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുന്നൂറോളം മത്സരങ്ങള്‍ നിയന്ത്രിച്ച് റെക്കോര്‍ഡിട്ട കോഴിക്കോട്ടുകാരന്‍ നാഷനല്‍ റഫറി പി. ജമാലുദ്ദീന്‍ പല കാലങ്ങളിലായി ഗ്രൗണ്ടിലിറങ്ങിയത് റമദാനില്‍ നോമ്പനുഷ്ടിച്ചുകൊണ്ടായിരുന്നു. വിസിലുമായി ഇറങ്ങും മുന്‍പ് രണ്ടു റകഅത്ത് നിസ്‌കരിക്കാന്‍ പാകത്തില്‍ ഒരു മുസ്വല്ല സ്‌റ്റേഡിയം ഓഫീസിലെ അലമാരിയില്‍ ഭദ്രമായി വയ്ക്കാറുണ്ടായിരുന്നു ആ പഴയകാല സ്റ്റേറ്റ് ബാങ്ക് ഓഫീസര്‍ എന്ന് പലര്‍ക്കും അറിയാത്ത കഥ അദ്ദേഹത്തോടൊപ്പം മാത്തോട്ടം പള്ളി ഖബര്‍സ്ഥാനില്‍ അലിഞ്ഞു ചേരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."