ജി.എസ്.ടി: സംസ്ഥാനത്തിന് ആശ്വാസത്തോടൊപ്പം ആശങ്കയും
തിരുവനന്തപുരം: ബുധനാഴ്ച രാജ്യസഭ പാസാക്കിയ ഏകീകൃത ചരക്കു സേവനനികുതി (ജി.എസ്.ടി) ബില്‍ കേരളത്തിനു സമ്മാനിക്കുന്നത് ആശ്വാസത്തോടൊപ്പം ആശങ്കകളും. ബില്‍ അവശേഷിക്കുന്ന കടമ്പകള്‍കൂടികടന്ന് ജി.എസ്.ടി സംവിധാനം നിലവില്‍വന്നാല്‍ സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിക്കുകയും അതേസമയം ചില ഉപഭോഗവസ്തുക്കള്‍ക്ക് വില കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ആശ്വാസം പകരുന്നത്. എന്നാല്‍ നികുതിപിരിവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്നെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുകയുമാണ്. ഭരണമുന്നണിയെ നയിക്കുന്ന കക്ഷിയായ സി.പി.എമ്മിന്റെ നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ചുണ്ടായ ഭിന്നാഭിപ്രായങ്ങളില്‍ ഈ പ്രതീക്ഷയും ആശങ്കയും പ്രകടമാണ്.
ഏകീകൃത ചരക്കുനികുതി സംവിധാനം നിലവില്‍ വന്നാല്‍ നികുതിവരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിന് ആശ്വാസം പകരുന്നത്. ഉല്‍പന്നങ്ങളുടെ വിതരണമേഖലയില്‍ നികുതി നിശ്ചയിക്കുന്ന രീതിയായിരിക്കും നിലവില്‍ വരിക. ഇതോടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ നികുതിയുടെ നേട്ടം സംസ്ഥാനത്തിനുതന്നെ ലഭിക്കും. ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഇതുവഴി മികച്ച നേട്ടമുണ്ടാകുമെന്നാണ് സാമ്പത്തികകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന് നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 2000 മുതല്‍ 3000 കോടി വരെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജി.എസ്.ടി നിലവില്‍ വരുന്നതോടെ ഉല്‍പാദകര്‍ നല്‍കുന്ന നികുതിയില്‍ കുറവുംവരും. ഇത് സംസ്ഥാനത്ത് ഉല്‍പാദന മേഖലയില്‍ ഉണര്‍വു സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനാന്തര നികുതികള്‍ ഇല്ലാതാകുന്നതിനാല്‍ ഉല്‍പന്നങ്ങള്‍ക്കുണ്ടാകുന്ന വിലക്കുറവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു ഗുണകരമാകും.
അതേസമയം, ജി.എസ്.ടി നടപ്പാകുന്നതോടെ വില്‍പന നികുതി പിരിച്ചെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കേന്ദ്രം കവര്‍ന്നെടുക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്ന ആശങ്ക വ്യാപകമാണ്. ഇത് സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന വാദം ഉയരുന്നുണ്ട്. പുതിയ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ നികുതിനിര്‍ണയ സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തേണ്ടി വരും. ഇത് സംസ്ഥാന സമ്പദ്ഘടനയുടെ നിലവിലുള്ള ഗതി മാറ്റുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. പുതിയ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞാല്‍ സംസ്ഥാനങ്ങളുടെ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അതു സംസ്ഥാന സമ്പദ്ഘടനകളെ വലിയതോതില്‍ ദോഷകരമായി ബാധിച്ചേക്കും. ഫലത്തില്‍ സാമ്പത്തികരംഗത്ത് സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള ചില അധികാരങ്ങള്‍ ഇല്ലാതാകുന്നതിന് പുതിയ സംവിധാനം വഴിയൊരുക്കുമെന്നുറപ്പാണ്.
ജി.എസ്.ടിയുടെ ഗുണഫലങ്ങള്‍ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും അതിനെ അനുകൂലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ സി.പി.എമ്മിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണ് പിണറായിയുടെയും ഐസക്കിന്റെയും നിലപാടെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ജി.എസ്.ടിയെ പൂര്‍ണമായി അനുകൂലിക്കാനാവില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ജി.എസ്.ടി വിഷയത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഈ ഭിന്നത പ്രകടമാണ്. ജി.എസ്.ടി നടപ്പാക്കുന്നതു സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."