പ്രകോപനത്തിന് തിരിച്ചടി; രണ്ട് പാക് സൈനികരെ വധിച്ചു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി.
അതിര്‍ത്തിയില്‍ രണ്ട് പാകിസ്താന് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി ജമ്മു കശ്മിരിലെ രജൗരി, പൂഞ്ച് ജില്ലകളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
ബിംബര്‍ ഗാലി സെക്ടറിലാണ് പാക് സൈനികര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ ബിംബര്‍ ഗാലി സെക്ടറിലും രജൗരിയിലെ നൗഷേറ സെക്ടറിലും പാക് സൈന്യം നടത്തിയ നിരന്തര ആക്രമണത്തിന് തിരിച്ചടിയായാണ് സൈന്യത്തിന്റെ നടപടിയെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ മനീഷ് മേത്ത പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചാണ് പാക് സൈന്യം മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയത്.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഇത് മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് സൈന്യം അറിയിച്ചു. ജനുവരി മുതല്‍ ഇതുവരെയായി പാക് സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഒരു തദ്ദേശവാസി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."