വിറപ്പിച്ചു, വിറച്ചു
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യ മറികടന്നത്.
മൂന്ന് ബൗണ്ടറിയും ഒരു സിക്‌സുമടക്കം പുറത്താകാതെ 34 പന്തില്‍ 31 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിജയശില്‍പി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുണാല്‍ പാണ്ഡ്യയും (9 പന്തില്‍ 21) ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു.
ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം മോശമായില്ല. വിന്‍ഡീസ് സ്‌കോര്‍ 16 ല്‍ നില്‍ക്കെ രണ്ട് റണ്‍സെടുത്ത ദിനേശ് രാംദിനെ ഉമേഷ് യാദവ് ഡി.കെയുടെ കൈകളിലെത്തിച്ചു. തെട്ടുപിന്നാലെ 14 റണ്‍സെടുത്ത ഷായ് ഹോപ് റണ്‍ഔട്ടായതോടെ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ ലഭിച്ചു. അഞ്ചാം ഓവറില്‍ ഷിംറോണ്‍ ഹെറ്റ്മയറിനെ (10) ബുംറ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസ് കൂടുതല്‍ പരുങ്ങലിലായി. തൊട്ടു പിന്നാലെയായി പൊള്ളാര്‍ഡ് (10), ഡാരന്‍ ബ്രാവോ (5), റോവ്മാന്‍ പവല്‍ (4), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (4) എന്നിവരും പവലിയനിലേക്ക് തിരിച്ചെത്തി.
ഒരു ഘട്ടത്തില്‍ 63 റണ്‍സിന് എഴു വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ വിന്‍ഡീസിനെ ഫാബിയന്‍ അലന്‍ - കീമോ പോള്‍ കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഫാബിയന്‍ അലന്‍ 20 പന്തില്‍ നാല് ഫോറുകളുമായി 27 റണ്‍സെടുത്താണ് പുറത്തായത്. കീമോ പോള്‍ 13 പന്തില്‍ രണ്ട് ഫോറുകളോടെ പുറത്താകാതെ 15 റണ്‍സ് നേടി. അവസാന ഓവറില്‍ ബുംറയെ ബൗണ്ടറി കടത്തി കാറി പിയറിയും (9) പുറത്താകാതെ കീമോ പോളിന് പിന്തുണ നല്‍കി. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ക്രുണാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ബുംറ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ആറ് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. രോഹിത്തിനെ രാംദിന്റെ കൈകളിലെത്തിച്ച് ഒഷൈന്‍ തോമസാണ് ഇന്ത്യക്ക് ആദ്യ വെല്ലുവിളി ഉയര്‍ത്തിയത്. തൊട്ടുപിന്നാലെ ശിഖര്‍ ധവാനെയും (3) ഒഷൈന്‍ പവലിയനിലേക്കയച്ചു. പിന്നീടെത്തിയ റിഷഭ് പന്തിനെയും (1) ലോകേഷ് രാഹുലിനെയും (16) ബ്രാത് വെയ്റ്റ് ഡാരന്‍ ബ്രാവോയുടെ കൈകളിലെത്തിച്ചു.
45ല്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട് വിന്‍ഡീസിന്റെ വഴിയേ നീങ്ങിയെ ഇന്ത്യയെ ദിനേഷ് കാര്‍ത്തിക് - മനീഷ് പാണ്ഡെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മനീഷ് പാണ്ഡെ 24 പന്തില്‍ 19 റണ്‍സ് നേടി പുറത്തായി. വിന്‍ഡീസിന് വേണ്ടി ഒഷൈന്‍ തോമസ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ രണ്ടും കാറി പിയറി ഒന്നും വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ ലഖ്‌നൗവില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."