തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം, ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്നില്‍
കൊണ്ടോട്ടി: ഈവര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ മുന്നേറ്റം. ഈ വര്‍ഷം ഇന്നലെ വരെയായി സംസ്ഥാനത്തെ 1,200 തദ്ദേശ സ്ഥാപനങ്ങളിലെ 37.26 ശതമാനം പദ്ധതികളും പൂര്‍ത്തിയായി. ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ കൂടി ലഭിക്കുന്നതോടെ പൂര്‍ത്തിയായ പ്രവൃത്തികള്‍ 38.34 ശതമാനമായി ഉയരും. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 26.99 ശതമാനം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിരുന്നത്.
ഈ സാമ്പത്തിക വര്‍ഷം 6721.95 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇതില്‍ 2504.40 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. 2,906 കോടിയുടെ പ്രവൃത്തികളുടെ ബില്ല് ട്രഷറികളില്‍നിന്ന് മാറ്റിയെടുക്കാനുമുണ്ട്. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പ്രളയക്കെടുതിയിലും തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ മുന്നേറ്റം നടത്തി. ജൂലൈയില്‍ 18.96 ശതമാനവും ഓഗസ്റ്റില്‍ 23.54 ശതമാനവും പൂര്‍ത്തിയാക്കി. തൊട്ടുമുന്‍പുളള സാമ്പത്തിക വര്‍ഷത്തിലിത് 10.19 ശതമാനവും 17.07 ശതമാനവുമായിരുന്നു.
പദ്ധതി നിര്‍വഹണത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളാണ് മുന്നേറ്റം നടത്തുന്നത്. കോര്‍പറേഷനുകള്‍ ഏറെ പിറകിലും. ബ്ലോക്ക് പഞ്ചായത്തുകള്‍ ഇതിനകം 40.83 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. 893.47 കോടിയുടെ പദ്ധതികളില്‍ ഇതുവരെ 364.76 കോടിയുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം സ്ഥാനത്ത് ജില്ലാപഞ്ചായത്തുകള്‍ 37.87 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 892.21 കോടി രൂപയുടെ പദ്ധതികളില്‍ 337.84 കോടിരൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
ഗ്രാമപഞ്ചായത്തുകള്‍ 35.94 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. 3310.56 കോടി രൂപയുടെ പദ്ധതികളില്‍ 1189.65 കോടിയും ചെലവഴിച്ചു.
നഗരസഭകള്‍ 909 കോടിരൂപയുടെ പദ്ധതികളില്‍ 299.55 കോടിയുടെ പദ്ധതികളും പൂര്‍ത്തീകരിച്ച് 32.95 ശതമാനത്തിലെത്തി. കോര്‍പറേഷനുകള്‍ ഇതുവരെ 24.6 ശതമാനത്തിന്റെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.716.71 കോടിയില്‍ 176.33 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
സാമ്പത്തിക വര്‍ഷാവസാനത്തില്‍ പദ്ധതികള്‍ കൂട്ടത്തോടെ പൂര്‍ത്തീകരിക്കുന്ന പ്രവണതയാണ് നേരത്തെയുണ്ടായിരുന്നത്. ഇത് ട്രഷറി സ്തംഭനത്തിനും പദ്ധതികള്‍ സ്പില്‍ ഓവര്‍ ആകുന്നതിനും കാരണമായിരുന്നു.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പിടിമുറുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."