വാളുമുക്ക് കോളനിക്കാര്‍ ത്രിശങ്കുവില്‍
കേളകം: പതിച്ചു കിട്ടിയ ആറളം പുനരധിവാസ മേഖലയിലെ ഭൂമിയിലും മണ്ണിന്റെ മക്കള്‍ക്ക് രക്ഷയില്ല. ആനമതില്‍ തകര്‍ന്നതോടെയാണ് അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിലെ 34 ഓളം കുടുംബങ്ങള്‍ ആശങ്കയുടെ മുള്‍മുനയില്‍ ജീവിക്കുന്നത്.
കാട്ടാനയാക്രമണത്തില്‍ കഴിഞ്ഞ ദിവസം കുടിലില്‍ കിടന്നുറങ്ങുകയായിരുന്ന വയോധിക കൊല്ലപ്പെട്ട സാഹചര്യത്തില്‍ അവിടെപോയി താമസിക്കാന്‍ കഴിയില്ലെന്നാണ് ആദിവാസികളുടെ നിലപാട്. എന്നാല്‍ പതിച്ചു നല്കിയ സ്ഥലത്ത് കുടില്‍ കെട്ടി താമസമാരംഭിച്ചില്ലെങ്കില് ഈ സ്ഥലം തിരിച്ചെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ ആദിവാസികള്‍ക്ക് നോട്ടിസ് നല്‍കിയിരിക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന ആന മതില് രണ്ടുമാസത്തിനകം പുനസ്ഥാപിക്കുമെന്നായിരുന്നു ബന്ധപ്പെട്ട അധികാരികള്‍ വാക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കിയിട്ടിലെന്നും ആദിവാസികള്‍ പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന ആന മതിലിനിടയിലൂടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടാന ഇവരുടെ കോളനിയിലെത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ആദിവാസികള്‍ ഭീതിയിലായത്. കാട്ടാന ജനവാസ കേന്ദ്രത്തില്‍ എത്തിയ വിവരം വനപാലകരെ അറിയിച്ചെങ്കിലും വനപാലകര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. കോളനിയിലെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ആറളം പുനരധിവാസ മേഖലയില്‍ സ്ഥലം ലഭിച്ചിട്ടുണ്ട്. സ്ഥലം ലഭിച്ചത് വനാതിര്‍ഥി പ്രദേശങ്ങളിലായതിനാല്‍ കാട്ടാനയാക്രമണം രൂക്ഷമാണ്. ഒരു വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി കോളനിയില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റ് മൂന്നു ദിവസം മാത്രമാണ് പ്രകാശിച്ചതെന്നും ആദിവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."