ബാര്‍ലൈസന്‍സില്‍ വിജിലന്‍സിനു പിന്നാലെ അക്കൗണ്ടന്റ് ജനറലും പരിശോധന തുടങ്ങി
തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനുമേല്‍ കുരുക്കുമുറുക്കി അക്കൗണ്ട് ജനറല്‍ ഓഫിസും. 2011 മുതല്‍ 2016വരെ അനുവദിച്ച ബാര്‍ ലൈസന്‍സിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് ഔട്ട്‌ലറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും എ.ജി പരിശോധന തുടങ്ങി. എക്കണോമിക് റവന്യൂ സെക്ടര്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ട് ജനറല്‍ അമര്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് ഫയലുകള്‍ പരിശോധിയ്ക്കുന്നത്.
ബാര്‍ ലൈസന്‍സ് നല്‍കിയതിലൂടെ സംസ്ഥാനത്ത് എത്രമാത്രം റവന്യൂ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പരിശോധനയുടെ പ്രധാനലക്ഷ്യം. കഴിഞ്ഞ ജൂലൈ 21ന് ബാബുവിനെതിരേ ഇതേ വിഷയത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ബാര്‍ലൈസന്‍സ് അനുവദിച്ചത് ഏതുവിധമാണെന്നും മുന്‍ഗണനാ ക്രമത്തിലാണോ അനുവദിച്ചിട്ടുള്ളതെന്നും യോഗ്യതയുള്ളവര്‍ക്കാണോ ലൈസന്‍സ് അനുവദിച്ചിട്ടുള്ളതെന്നുമാണ് എ.ജി പ്രധാനമായും പരിശോധിക്കുന്നത്.
അപേക്ഷകള്‍ നിരസിച്ചതിനുള്ള കാരണവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഫയലുകള്‍ എക്‌സൈസ് കമ്മിഷണറില്‍ നിന്നും എ.ജി ശേഖരിച്ചു. ഇതു പരിശോധിച്ചതിനു ശേഷം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഹോട്ടലുകളുടെ ക്ലാസിഫിക്കേഷന്‍ തീരുമാനിച്ചതില്‍ സര്‍ക്കാരിന് റവന്യു നഷ്ടം സംഭവിച്ചിട്ടുണ്ടോയെന്നും ഓഡിറ്റേഴ്‌സ് പരിശോധിക്കുന്നുണ്ട്. കൂടാതെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ വഴി സര്‍ക്കാരിനു ലഭിയ്‌ക്കേണ്ട നികുതിയില്‍ കുറവ് വന്നിട്ടുണ്ടോയെന്നും അത് എത്രയെന്നും ഓഡിറ്റേഴ്‌സ് പരിശോധിയ്ക്കും. ഇതു സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാന്‍ എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്പലങ്ങളുടെയും പള്ളികളുടെയും മറ്റു മത സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും ആദിവാസി, പട്ടികജാതി കോളനികളുടെയും സമീപം ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടോയെന്നും അക്കൗണ്ടന്റ് ജനറല്‍ പരിശോധിയ്ക്കുന്നുണ്ട്. ഇവിടെ നിയമപരമായി 200 മീറ്ററിനുള്ളില്‍ ലൈസന്‍സ് അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരത്തില്‍ പലസ്ഥലങ്ങളിലും ബാര്‍, ബിയര്‍ പാര്‍ലര്‍, ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളതായി എ.ജിയുടെ പരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്.
പ്രാഥമിക പരിശോധനയില്‍ 94 ബാറുകളും 100 ബിയര്‍ പാര്‍ലറുകളും അനധികൃതമായി ലൈസന്‍സ് അനുവദിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവ വിശദമായി പരിശോധിക്കാനാണ് എ.ജിയുടെ തീരുമാനം. കൂടാതെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനവും പരിശോധിയ്ക്കും. ബാറുകളില്‍ നിന്നു സാംപിള്‍ ശേഖരിക്കുന്നത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ്.
എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ബാറുകളില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സാംപിള്‍ ശേഖരിച്ചുള്ള പരിശോധനയ്ക്ക് ലൈസന്‍സികളില്‍ നിന്നും പ്രത്യേക ഫീസ് ഈടാക്കാത്തതും സര്‍ക്കാരിന് റവന്യു നഷ്ടമുണ്ടാക്കിയതായി എ.ജിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കള്ളുഷാപ്പുകള്‍ അനുവദിച്ചതിലും സര്‍ക്കാരിന് റവന്യൂ നഷ്ടമുണ്ടായതായി എ.ജി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."