അരാംകോ സാധാരണ നിലയില്‍: ഉത്പാദനം 75 ശതമാനത്തിലെത്തി
ജിദ്ദ: ഡ്രോണ്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട സഊദി അരാംകോ തകരാറുകള്‍ പരിഹരിച്ച് തിരിച്ചുവരവിന്റെ പാതയില്‍. തടസപ്പെട്ട എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ചയോടെ ഉത്പാദനം പഴയപടിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സഊദി അരാംകോയുടെ ഖുറൈസ്, അബ്ഖൈഖ് എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ സെപ്തംബര്‍ 14നാണ് ഡ്രോണ്‍ ആക്രമണങ്ങളുണ്ടായത്. യുദ്ധസമാനമായ സാഹചര്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് 5.7 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് കുറഞ്ഞത്. എന്നാല്‍ ഈ മാസം അവസാനത്തോടെതന്നെ എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കുമെന്ന് സഊദി ഊര്‍ജമന്ത്രി വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച ഖുറൈസില്‍ നിന്ന് 1.3 ദശലക്ഷം ബാരലും അബ്ഖൈഖില്‍ നിന്ന് മൂന്ന് ദശലക്ഷം ബാരലും ഉത്പാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി 1.4 ദശലക്ഷം ബാരലിന്റെ കുറവുമാത്രമാണുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ എണ്ണ ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാന്‍ തങ്ങളുടെ കരുതല്‍ ശേഖരമാണ് സഊദി ഉപയോഗിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലും റെക്കോഡ് വേഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആക്രമണത്തിനിരയായെങ്കിലും അരാംകോ പൂര്‍വാധികം ശക്തമാണെന്ന് കമ്പനി മേധാവി അമീന്‍ അല്‍നാസിര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'അരാംകോയുടെ കീര്‍ത്തിയും രാജ്യത്തിന്റെ വിശ്വാസ്യതയും എന്തിനേക്കാളും അമൂല്യമാണ്, നാം മുമ്പത്തേക്കാള്‍ ശക്തരാണിപ്പോഴും' അരാംകോ മേധാവി വ്യക്തമാക്കി.
യുദ്ധസമാനമായ ആക്രമണമാണ് അരാംകോയ്ക്ക് നേരെ നടന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ആള്‍നാശമുണ്ടാക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചിരുന്നില്ല. സുരക്ഷാമികവാണ് ഇത് വ്യക്തമാക്കിയത്. ഏഴ് മണിക്കൂറിനകമാണ് വന്‍ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായത്. അരാംകോ ആക്രമണത്തില്‍ ആഗോളതലത്തില്‍ ഇറാനെതിരെ ശക്തമായ കൂട്ടായ്മയാണ് ഇതിനകം രൂപപ്പെട്ടത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് സഊദിയും കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."