പഞ്ചായത്തുകള്‍ക്ക് മടി; ജീവനില്ലാതെ ഉപജീവനം
എന്‍.സി ഷെരീഫ് കിഴിശ്ശേരി#
മഞ്ചേരി: ജില്ലയില്‍ ചെറുകിട സംരംഭങ്ങളെ വിജയത്തിലെത്തിക്കാന്‍ തുടങ്ങിയ കുടുംബശ്രീയുടെ 'ജീവനം ഉപജീവനം' പദ്ധതി അവതാളത്തില്‍. വനിതാ സംരംഭകര്‍ക്ക് സ്വന്തമായി നേടുന്ന വരുമാനത്തിന് പുറമെ അധിക വരുമാനം ഉണ്ടാക്കാന്‍ കൂടി സാധിക്കുന്നതായിരുന്നു പദ്ധതി.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും പഞ്ചായത്തുകള്‍ പിന്‍വലിഞ്ഞതോടെ ജലരേഖയാവുകയാണ്. നിലവില്‍ ലാഭകരമല്ലാത്ത സംരംഭങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതോടൊപ്പം നൂതന സംരംഭങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 'ജീവനം ഉപജീവനം' രൂപ കല്‍പ്പന ചെയ്തിരുന്നത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ ആയിരത്തോളം സൂക്ഷ്മ സംരംഭങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും വിപണനം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കുമായിരുന്നെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം പദ്ധതി മരവിക്കുകയായിരുന്നു.
പദ്ധതിയുടെ ഭാഗമായി തിരുന്നാവായ, പോത്തുകല്ല്, തൃക്കലങ്ങോട്, കോഡൂര്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ പത്ത് കാന്റിനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പദ്ധതി നടപ്പായിരുന്നെങ്കില്‍ ഓരോ പഞ്ചായത്തിലും ഐ.ടി, വസ്ത്ര നിര്‍മാണം, മാലിന്യസംസ്‌കരണം തുടങ്ങിയ വൈവിധ്യമായ തൊഴില്‍ സംരഭങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമായിരുന്നു. പദ്ധതിയുടെ ഭാഗമായി നിലവിലെ സംരംഭങ്ങളുടെ സമഗ്രമായ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നത് തിരിച്ചടിയായി.
പഞ്ചായത്തുകള്‍ ആവശ്യമായ ശ്രദ്ധ ചെലുത്തിയാല്‍ നിലവിലെ സംരംഭങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ആവശ്യമായ പരിശീലനങ്ങളും ധനസഹായവും ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. സംരഭങ്ങള്‍ വികസിപ്പിക്കുന്നതിനായി സി.ഡി.എസില്‍ നിന്നും വായ്പ നല്‍കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും അധികൃതരുടെ തണുപ്പന്‍ പ്രതികരണം വിലങ്ങുതടിയാകുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഓരോ പഞ്ചായത്തില്‍ നിന്നും വ്യക്തിഗതവും ഗ്രൂപ്പ് ഇനവും ഉള്‍പ്പെടെ രണ്ട് സംരംഭകരെ തെരഞ്ഞെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ പോകുകയായിരുന്നു.
ഇത്തരത്തില്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ 220 സംരഭങ്ങള്‍ തുടങ്ങാനും ജില്ലാ മിഷനില്‍ നിന്ന് സഹായം ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മേല്‍നോട്ടം വഹിക്കാനും ജില്ലാ മിഷന്‍ തയാറാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്തു തലങ്ങളില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ് യാഥാര്‍ത്യം.
സംരഭത്തിനുള്ള വിപണിയും കുടുംബശ്രീ മിഷന്‍ കണ്ടെത്തി തരും എന്നതായിരുന്നു പദ്ധതിയുടെ പ്രത്യേകത. സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി 26 ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
പരിശീലനം നേടുന്ന ദിവസങ്ങളില്‍ 50 രൂപ മുതല്‍ 100 വരെ അലവന്‍സും നല്‍കും. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങാനുള്ള യുവശ്രീ പദ്ധതിയും നടപ്പാക്കും. ജില്ലാ മിഷന്‍ ഇതിനെല്ലാം തയാറായിരുന്നെങ്കിലും പഞ്ചായത്തുകള്‍ നിസംഗതാ ഭാവം പുലര്‍ത്തിയത് തിരിച്ചടിയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."