വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; യുവതിയെ ഓടുന്ന കാറിലിട്ട് നാലര മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി
അഗര്‍ത്തല: ഓടുന്ന കാറിലിട്ട് യുവതിയെ ഒന്‍പതംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച നിര്‍ഭയ കൊലപാതകത്തിന് സമാനമായ കുറ്റകൃത്യമുണ്ടായത്. അസുഖ ബാധിതയായ ആറുവയസ്സുകാരിയായ മകളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന യുവതിയെയാണ് സംഘം ക്രൂരമായി പീഡിപ്പിച്ചത്.
രാത്രി 7.30ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പരിചയക്കാരനായ ഓട്ടോക്കാരന് വീട്ടില്‍ വിടാമെന്ന് പറഞ്ഞ് യുവതിയെ ഓട്ടോയില്‍ കയറ്റുകയായിരുന്നു. പിന്നിട് പരിചയമില്ലാത്ത വഴിയിലേക്ക് ഓട്ടോ തിരിച്ചപ്പോള്‍ യുവതി ചോദ്യം ചെയ്തെങ്കിലും ഈ വഴിപോയാല്‍ ഓട്ടോയില്‍ കയറാന്‍ ഇനിയും യാത്രക്കാരെ കിട്ടുമെന്ന് ഇയാള്‍ മറുപടി നല്കി. എന്നാല്‍ ഇയാളുടെ നിര്‍ദേശത്തിനനുസരിച്ച് വഴിയില്‍ കാത്തുനിന്ന നാലുപേര്‍ ഓട്ടോയില്‍ കയറുകയും യുവതിയുടെ വായും കൈകാലുകളും ബന്ധിച്ച് മറ്റൊരു കാറിലേക്ക് ഇവരെ മാറ്റുകയുമായിരുന്നു.
തുടര്‍ന്ന് 15 കിലോമീറ്ററോളം അകലെയുള്ള നര്സിങ്കര് എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ യുവതിയെ ഇവര്‍ ക്രൂരമായി പീഡിപ്പിച്ചു. സര്സിങ്കറില് വച്ച് വീണ്ടും നാല് പേര് കൂടി കാറില്‍ കയറുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. രാത്രി 11.30ഓടെ സംഘം യുവതിയെ വീടിന് സമിപം റോഡരികില്‍ തള്ളി കടന്നുകളയുകയുമായിരുന്നു. ഇതുവഴി വന്ന നാട്ടുകാരാണ് ഗുരുതരാവസ്ഥയിലായ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ഈസ്റ്റ് അഗര്‍ത്തല വനിതാ പൊലിസ് സ്റ്റേഷനില്‍ സമര്‍പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."