ക്ഷേത്രനഗരിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
ഗുരുവായൂര്‍: നഗരസഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ മൂലം ക്ഷേത്രനഗരിയില്‍ ഗതാഗത ക്കുരുക്ക് രൂക്ഷമാവുന്നു.
പാര്‍ക്കിങ് സ്ഥലങ്ങള്‍ അപര്യാപ്തമായതു മൂലം റോഡരികിലും മറ്റും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു മൂലം ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. നഗരത്തിലെ പ്രധാന പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ ഒന്നായ ദേവസ്വത്തിന്റെ വേണുഗോപാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ മള്‍ട്ടി പാര്‍ക്കിങ് കെട്ടിട നിര്‍മാണം നടക്കുന്നതിനാല്‍ ഇവിടേക്ക് ഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.
ഗുരുവായൂരിലെ വലിയ പാര്‍ക്കിങ് ഗ്രൗണ്ടാണിത്. നഗരസഭയുടെ പടിഞ്ഞാറെ നടയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്കിങ് ഒഴിവാക്കി പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിനായി കെട്ടിടം നിര്‍മിക്കുകയാണ്. ഈ രണ്ടു സ്ഥലങ്ങളിലെയും പാര്‍ക്കിങ് ഒഴിവാക്കിയതിനാല്‍ തിരക്കുള്ള ദിവസങ്ങളില്‍ ദേവസ്വത്തിന്റെയും നഗരസഭയുടെയും മറ്റു പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞ് കവിഞ്ഞ് ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും മറ്റും വാഹനങ്ങള്‍ റോഡരികിലും മറ്റും പാര്‍ക്ക് ചെയ്തു പോവുന്നതാണ് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ദേവസ്വം സമീക്ഷ പറമ്പിലും തിരുത്തിക്കാട്ടെ പറമ്പിലും പഴയ മായാസ്റ്റാന്റ് പറമ്പിലും പാര്‍ക്കിങ് ഒരുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇത് പ്രാബല്യത്തിലായിട്ടില്ല. സമീഷ പറമ്പിലും തിരുത്തിക്കാട്ടെ പറമ്പിലും പാര്‍ക്കിങ് ഒരുക്കിയാലും ഔട്ടര്‍ റിങ് റോഡുകളില്‍ നിന്ന് ഇവിടങ്ങളിലേക്കുള്ള റോഡിന്റെ വീതി കുറവായതിനാല്‍ ഇവിടങ്ങളില്‍ ഗതാഗത കുരുക്കുണ്ടാവുമ്പോള്‍ ഔട്ടര്‍, ഇന്നര്‍ റിങ് റോഡുകളില്‍ ഗതാഗത കുരുക്കിന് കുറവുണ്ടാവില്ല. മണ്ഡലകാലം ശബരിമല നട തുറക്കുന്നതിനു മുമ്പെ സ്വാമിമാര്‍ ഗുരുവായൂരില്‍ എത്തി തുടങ്ങും. നഗരസഭയും ദേവസ്വവും പാര്‍ക്കിങിന് ബദല്‍ മാര്‍ഗങ്ങള്‍ സജ്ജമാക്കിയില്ലെങ്കില്‍ പാര്‍ക്കിങിന് അയ്യപ്പന്മാര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വരും. ഗുരുവായൂരില്‍ പ്രതിദിനം നൂറുകണക്കിന് തീര്‍ഥാടക വാഹനങ്ങളാണ് എത്തുന്നത്. നല്ല വിവാഹ മുഹൂര്‍ത്തങ്ങളുള്ള ദിവസങ്ങളില്‍ ഗതാഗത കുരുക്കൊഴിഞ്ഞ നേരമുണ്ടാവില്ല. നഗരസഭയും, ദേവസ്വവും ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ക്ഷേത്ര നഗരി ഏറെ വീര്‍പ്പുമുട്ടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."