ചെറിയ സാമ്പത്തിക തിരിമറികള്‍ വന്‍ വിനയായി; മൈക്രോഫിനാന്‍സ് തട്ടിപ്പ് പുതിയ വഴിത്തിരിവിലേക്ക്
കൊച്ചി : ചെറിയ സാമ്പത്തിക തിരിമറികള്‍ എസ്. എന്‍.ഡി.പി യോഗത്തിന് വലിയ വിനയായി മാറിയെന്ന് സൂചന. യോഗത്തിന്റെ മൗനാനുവാദത്തോടെ ശാഖാതലങ്ങളില്‍ രൂപപ്പെട്ട സൊസൈറ്റികളാണ് ചെറിയ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും രൂപപ്പെട്ട ശാഖകള്‍ പൊതുജനങ്ങളില്‍നിന്നും യോഗാംഗങ്ങളില്‍നിന്നുമായി വന്‍ നിക്ഷേപമാണ് സ്വീകരിച്ചിരുന്നത്. പത്തനംതിട്ടയിലെ റാന്നിയിലും കോന്നിയിലും ആലപ്പുഴയിലെ തോട്ടപ്പളളിയിലും അമ്പലപ്പുഴയിലെ വളഞ്ഞവഴിയിലും കൊമ്മാടി ശ്രീപാദം യൂനിറ്റിലും കാഞ്ഞിറംചിറയിലെ മുന്നോടി ക്ഷേത്രശാഖയിലും എസ്.എന്‍ ട്രസ്റ്റിന്റെ പേരില്‍ തുടക്കമിട്ട സൊസൈറ്റികളിലാണ് വന്‍ സാമ്പത്തിക തിരിമറി നടന്നത്.
ഏകദേശം 250 കോടിയോളം രൂപയുടെ തിരിമറിയാണ് നടന്നിട്ടുളളത്. പണം നിക്ഷേപിച്ചവരില്‍ അധികവും സാധാരണക്കാരായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുമായാണ് പലരും പണം ശാഖകളില്‍ ഏല്‍പ്പിച്ചത്. ആകര്‍ഷകമായ പലിശ ഓഫര്‍ നല്‍കിയതിനാല്‍ നിക്ഷേപകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. എന്നാല്‍ ലാഭവിഹിതം മാസങ്ങളോളം കുടിശികയായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ദിവസേന പ്രശ്‌നങ്ങള്‍ അധികരിച്ചതോടെ ശാഖാ പ്രതിനിധികള്‍ മുങ്ങി.
പണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ മാനസികവിഷമം താങ്ങാനാവാതെ മരണപ്പെട്ടു. നിക്ഷേപകര്‍ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇവരുടെ മൃതദേഹവുമായി നേതാക്കളുടെ വീട്ടുപടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി. ചിലര്‍ സ്ഥാവരജംഗമ വസ്തുക്കള്‍ കൈയേറി. ചിലര്‍ കോടതിയെ സമീപിച്ചു. അതേസമയം പ്രശ്‌ന പരിഹാരത്തിനായി ചിലര്‍ യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വെളളാപളളി നടേശനെ നേരിട്ട്് കണ്ടു. പക്ഷെ മറുപടി നിരാശാജനകമായിരുന്നു. ശാഖകളില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളില്‍ യോഗത്തിന് പങ്കില്ലെന്ന് അറിയിച്ച് വെളളാപളളി കൈകഴുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക തിരിമറികള്‍ നടത്തിയവരില്‍ അധികവും വെളളാപളളിയുടെ അനുയായികളായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ ആരോപിച്ചു. ചെറിയ തിരിമറികള്‍ നടത്താന്‍ യോഗം സെക്രട്ടറി മൗനാനുവാദം നല്‍കിയതാണ് ഇപ്പോള്‍ ഇവര്‍ക്ക് വന്‍ തട്ടിപ്പ് നടത്താന്‍ പ്രചോദനമായതെന്നും ഇവര്‍ പറഞ്ഞു.
മുങ്ങിയ നേതാക്കള്‍ കോടതി ഉത്തരവ് വഴി പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം ശാഖകള്‍ വഴി പണം നഷ്ടപ്പെട്ടവര്‍ സംഘടിച്ച് പ്രക്ഷോഭം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. അതേസമയം പണം നിക്ഷേപിച്ചവര്‍ക്ക് അതത് ശാഖകളുടെ കീഴിലുളള വസ്തുവകകള്‍ വിറ്റ് പണം തിരികെ നില്‍ക്കാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ യോഗനേതൃത്വം ഇതിനെതിരെ കോടതിയെ സമീപിച്ചത് നിക്ഷേപകരെ ചൊടിപ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന വെളളാപ്പളളിയുടെ നിലപാട് ഇതോടെ ഇരട്ടത്താപ്പായതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."