മന്ത്രി ജലീലിന്റെ സഊദി സന്ദര്‍ശനം: കേന്ദ്രം അനുമതി നിഷേധിച്ചു
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ സഊദി അറേബ്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചത് വിവാദത്തില്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് തദ്ദേശമന്ത്രി കെ.ടി ജലീലിനെ സഊദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എന്നു പോകുമെന്ന് ഒരു വ്യക്തതയും നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. മന്ത്രി ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. അതേ സമയം ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ നിരസിച്ചു. ഇതോടെ ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിലുമായി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് തൊഴില്‍ നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സഊദിയില്‍ തങ്ങുമ്പോള്‍ ഇടതുപക്ഷ പ്രതിനിധിയായ മന്ത്രിക്ക് അനുമതി നല്‍കരുതെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജലീലിനുള്ള ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നിരസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഇന്നലെ രാത്രി ബന്ധപ്പെട്ടുവെങ്കിലും യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
മന്ത്രിക്കൊപ്പം തദ്ദേശ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഡോ. വി.കെ ബേബിയാണ് പോകാന്‍ തീരുമാനിച്ചിരുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്ക വകുപ്പിന് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരുമുണ്ടെങ്കിലും മന്ത്രിയ്‌ക്കൊപ്പം അവരെ ഉള്‍പ്പെടുത്തിയില്ല എന്നതും വിവാദമായിരുന്നു. എത്ര മലയാളികളാണ് ദുരിതത്തില്‍ പെട്ടിരിക്കുന്നതെന്ന് സര്‍ക്കാരിന് ഇപ്പോഴും കണക്കില്ല. നിരവധി ക്യാംപുകളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒരു മലയാളിപോലും ദുരിതവുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ വിളിച്ചിട്ടില്ലെന്നും നോര്‍ക്ക ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലാണ് മന്ത്രിയും തദ്ദേശ സെക്രട്ടറിയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ സഊദിയിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിക്കും സെക്രട്ടറിക്കും അനുമതിയുണ്ടാകില്ല. നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡംഗമായ വിദേശ വ്യവസായികളെ ചുമതലപ്പെടുത്താതെയും നോര്‍ക്ക ഉദ്യോഗസ്ഥരെ പൂര്‍ണമായി ഒഴിവാക്കിയും മന്ത്രിയും തദ്ദേശ സെക്രട്ടറിയും എന്തിനു പോകുന്നു എന്ന ചോദ്യം പ്രവാസികള്‍ തന്നെ ഉന്നയിക്കുന്നു. ഇത് പ്രവാസികള്‍ ഇപ്പോള്‍ സഊദിയിലുള്ള വിദേശകാര്യ സഹമന്ത്രിയോട് പരാതിയായി ഉന്നയിച്ചിരുന്നു. മന്ത്രിക്കുള്ള പാസ്‌പോര്‍ട്ട് നിരസിക്കാന്‍ ഇതും കാരണമായെന്ന് വിവരമുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ പ്രയാസങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ലേബര്‍ ക്യാംപുകളില്‍ ഒളി സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സഊദി അറേബ്യയില്‍ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കില്ലെന്നും അതില്‍ തടസങ്ങള്‍ ഉണ്ടെന്നും അവരുടെ ദുരിതം മനസിലാക്കാന്‍ ഒളി സന്ദര്‍ശനം നടത്തിയാലേ പറ്റൂവെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രി എന്ന നിലയില്‍ ഒളിച്ച് സന്ദര്‍ശിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും നല്‍കിയില്ല. സഊദിയിലെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അതിനാലാണ് തന്നെ അയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പക്ഷേ എത്രപേര്‍ ദുരിതം അനുഭവിക്കുന്നുവെന്ന ഒരുവിവരവും സര്‍ക്കാരിനില്ല.
ഏതാണ്ട് പതിനായിരത്തോളം ഇന്ത്യക്കാര്‍ ദുരിതത്തില്‍പെട്ടിട്ടുണ്ടെന്നു മാത്രമേ നോര്‍ക്ക വഴി വിവരം ലഭിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യും. രണ്ടു ദിവസം സഊദിയില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും തന്റെ യാത്ര ചില മേഖലകളില്‍ നിന്നു വിവാദമാക്കിയതിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."