സാക് നിലവില്‍വരുമ്പോള്‍: വേണോ നമുക്ക് രണ്ട് ഏജന്‍സികള്‍
നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന് (നാക്) അനുരൂപമായി സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (സാക്) എന്ന പേരില്‍ ഏജന്‍സി തുടങ്ങാന്‍ കേരള ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു.
തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടോയെന്ന സംശയം ആമുഖമായി പറയട്ടെ!
ഇന്ത്യയില്‍ എവിടെയുമുള്ള കോളജുകളുടെയും സര്‍വകലാശാലകളുടെയും നിലവാരവും അവസ്ഥയും പരിശോധിച്ചു ഗ്രേഡ് നല്‍കുന്നതില്‍ നാക് ഒരു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നു പറയാതെ വയ്യ.
ചില പിഴവുകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഏറക്കുറേ കുറ്റമറ്റാണ് ഈ ദേശീയ ഏജന്‍സിയുടെ പ്രവര്‍ത്തനം.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു ഫണ്ട് ലഭ്യമാക്കുന്നതിനു മാനവ വിഭവശേഷി മന്ത്രാലയവും യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനുമൊക്കെ മാനദണ്ഡമാക്കുന്നത് ഇപ്പോഴും ഈ പരിശോധക സെന്ററുകള്‍ സമ്മാനിക്കുന്ന ഗ്രേഡിനെ അടിസ്ഥാനപ്പെടുത്തിയാണ്. രാഷ്ട്രീയ ഉച്ഛതര്‍ ശിക്ഷാ അഭിയാന്‍ (റുസ) വഴിയാണു സംസ്ഥാന തലത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ഫണ്ട് ലഭ്യമാക്കുന്നത്.
സാക് നിലവില്‍ വന്നാല്‍ ഇവിടത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രണ്ടുതരം പരിശോധനകള്‍ക്കു വിധേയമാകേണ്ടിവരും.
കേന്ദ്രഫണ്ട് നല്‍കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ആശ്രയിക്കുന്നത് യു.ജി.സിയടക്കമുള്ള ഏജന്‍സികളെയാണ്, ആ രീതിയില്‍ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുമെന്നു കരുതാനാവില്ല. അതിനാല്‍ത്തന്നെ നാക്, എന്‍.ഐ.ആര്‍.എഫ് എന്നീ ഏജന്‍സികളെ ഒഴിവാക്കി ഒരു സംസ്ഥാനത്തിനും ഒന്നും ചെയ്യാന്‍ സാധിക്കില്ല.
യു.ജി.സി അംഗീകാരത്തോടു കൂടി നാകിനു പകരമായി നിര്‍ദിഷ്ട സാകിനെ പരിവര്‍ത്തിക്കാന്‍(അതിവിദൂരമായ സാധ്യത മാത്രമുള്ള കാര്യമാണെങ്കിലും) കഴിയുകയും അതിന്റെ റിപ്പോര്‍ട്ടിങ് അനുസരിച്ച് ഫണ്ട് ലഭ്യതയടക്കമുള്ള കാര്യങ്ങള്‍ സാധ്യമാകുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു തീരുമാനം കൊണ്ട് ഗുണമുണ്ടാകൂ.
അംഗീകൃതമല്ലാത്ത സ്റ്റേറ്റ് ഏജന്‍സിക്കു വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ സാധിക്കുമായിരിക്കാം. എന്നാല്‍, അക്രഡിറ്റേഷന്‍ നല്‍കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവയ്ക്കില്ല.
ഒന്നുകില്‍, നിര്‍ദിഷ്ട ഏജന്‍സിയെ അക്രഡിറ്റേഷന്‍ നല്‍കാന്‍ അധികാരമുള്ള സ്ഥാപനമാക്കി രജിസ്റ്റര്‍ ചെയ്യണം. അത് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
സാകിനെ പ്രാഥമിക പരിശോധക ഏജന്‍സിയാക്കുന്നതായിരിക്കും സംസ്ഥാനസര്‍ക്കാരിന് അഭികാമ്യം. അതിനുശേഷം, ദേശീയ അക്രഡിറ്റേഷനുകള്‍ക്ക് ഒരുങ്ങുന്നതിനു മുമ്പ്, സാക് നടത്തുന്ന പ്രാഥമികപരിശോധനയില്‍ കുറഞ്ഞത് ഇത്രയെങ്കിലും സ്‌കോര്‍ നേടിയിരിക്കണമെന്ന നിയമനിര്‍മാണം കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍, നിലവാരത്തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതു പിടിവള്ളിയായി മാറും.
ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിക്കാനെന്ന പേരില്‍ നമ്മുടെ സംസ്ഥാനത്തു നടക്കുന്ന ഒട്ടുമിക്ക പരിഷ്‌കാരപദ്ധതികളും തകര്‍ന്നുപോകുന്നത് ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റാന്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നതുകൊണ്ടും വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്തതുകൊണ്ടും ആവശ്യത്തിനു ഗൃഹപാഠം ചെയ്യാത്തതുകൊണ്ടുമാണെന്ന് എല്ലാവര്‍ക്കുമറിയാം.
പഴയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു പുതിയതിലേയ്ക്കു പ്രവേശിക്കുകയെന്നത് ആപ്തവാക്യമായി സ്വീകരിച്ചില്ലെങ്കില്‍ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നു മാത്രമല്ല, തൊഴിലഭിരുചി ഇല്ലാത്ത തലമുറകള്‍ ഭാവിയില്‍ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിക്കു ഭീഷണിയായി മാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."