പാലാ കോട്ട തകര്‍ത്തത് സി.പി.എമ്മിന്റെ കൃത്യമായ ആസൂത്രണം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നല്‍കിയ പാഠം ഉള്‍ക്കൊണ്ട് എല്‍.ഡി.എഫിനും സര്‍ക്കാരിനും തിരിച്ചുകയറാനുള്ള പിടിവള്ളിയായി മാറ്റിയ പാലായിലെ തെരഞ്ഞെടുപ്പ് ജയം സി.പി.എമ്മിന്റെ കൃത്യമായ ആസൂത്രണത്തെ തുടര്‍ന്ന്. രൂപീകരണ കാലം മുതല്‍ കെ.എം മാണിയെന്ന അതികായനൊപ്പം നിന്ന പാലാ മണ്ഡലത്തില്‍ അരനൂറ്റാണ്ടിനുശേഷം യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്ത് പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ചെങ്ങന്നൂര്‍ മോഡല്‍ പദ്ധതി. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതും എപ്പോഴും അതില്‍ ഉറച്ചുനിന്നതും പാലായിലെ വിജയം ഉറപ്പിച്ചതിനു ശേഷമായിരുന്നു. ഘടകകക്ഷിയായിരുന്നിട്ടും ഒരു മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി മത്സരിക്കുകയാണെങ്കില്‍ സ്വീകരിക്കുന്ന അതേ പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണി പാലായിലും പുറത്തെടുത്തത്.
അഭിമാന പോരാട്ടമെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ സി.പി.എം നേരിട്ട് ഏറ്റെടുത്തു. മൂന്ന് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല.
വൈക്കം വിശ്വന്‍, കെ.ജെ തോമസ്, മന്ത്രി എം.എം മണി എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചു. ഓരോ പഞ്ചായത്തുകളുടെയും ചുമതല ഓരോ എം.എല്‍.എമാരെ ഏല്‍പ്പിച്ചു. എല്ലായിടത്തും കുടുംബയോഗങ്ങള്‍ നടത്തി. ഓരോ വോട്ടര്‍മാരെയും മൂന്ന് തവണയെങ്കിലും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. കാതടപ്പിച്ചുള്ള പ്രചാരണത്തേക്കാള്‍ വീടുകള്‍ കയറിയിറങ്ങിയാണ് എല്‍.ഡി.എഫ് പ്രചാരണം നടത്തിയത്. മന്ത്രിമാര്‍ കൂട്ടത്തോടെ പാലായിലെത്തി കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. മന്ത്രിസഭാ യോഗം മാറ്റിവച്ച് മുഖ്യമന്ത്രിയും പാലായിലെത്തി.
പാലാ സി.പി.എം ഏറ്റെടുക്കും എന്നുവരെയുള്ള പ്രചാരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഉണ്ടായിരുന്നെങ്കിലും ഘടകകക്ഷിയ്ക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും അവര്‍തന്നെ മത്സരിക്കട്ടെ എന്ന നിലപാടെടുത്തു സി.പി.എം സെക്രട്ടേറിയറ്റ്. സ്ഥാനാര്‍ഥിയെ ചൊല്ലി എന്‍.സി.പിയില്‍ കലഹമുണ്ടായപ്പോള്‍ അതിലും സി.പി.എം ഇടപെട്ടു. മത്സരിക്കുന്നെങ്കില്‍ മാണി സി. കാപ്പനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.സി.പി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍.സി.പി മാണി സി. കാപ്പനെ തന്നെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇടതുമുന്നണി പ്രചാരണ പരിപാടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പത്രിക സമര്‍പ്പിക്കുന്നത് കഴിഞ്ഞിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ന്നിരുന്നില്ല.
തെരഞ്ഞെടുപ്പ് ചിഹ്നത്തെച്ചൊല്ലി അവസാന ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം തര്‍ക്കിക്കുമ്പോള്‍ മാണി.സി കാപ്പന്‍ ഒന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം നേട്ടങ്ങള്‍ മാത്രം പറഞ്ഞു എതിര്‍ സ്ഥാനാര്‍ഥിക്കെതിരേ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി അവരെ പ്രശസ്തരാക്കുന്ന നടപടിയില്‍നിന്നും ഇത്തവണ ഇടതുനേതാക്കള്‍ വിട്ടുനിന്നതും മാണി സി. കാപ്പന്റെ വിജയത്തിന് കാരണമായി. എതിര്‍ സ്ഥാനാര്‍ഥിക്കെതിരേ പരസ്യആരോപണങ്ങള്‍ ഉന്നയിക്കാതെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ട് മാത്രമായിരുന്നു എല്‍.ഡി.എഫ് പ്രചാരണം.
ശബരിമല വിഷയത്തില്‍ അടക്കം തെറ്റി നിന്ന സാമുദായിക സംഘടനകളെയും വിശ്വാസികളെയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനും ഇടതുമുന്നണിക്കായി.
തന്റെ വിജയത്തിന് പിന്നില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയുണ്ടായിരുന്നുവെന്നും ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാണി സി.കാപ്പനും, എസ്.എന്‍.ഡി.പിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുറന്നു സമ്മതിച്ചിട്ടുണ്ട്.
പാലായിലെ ട്രെന്‍ഡുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണെന്നും ജനങ്ങള്‍ക്കിടയില്‍ മാണി.സി കാപ്പനോട് സഹതാപ തരംഗമുണ്ടെന്നും നേരത്തെ വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. അഞ്ച് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലവിലെ സാഹചര്യത്തില്‍ പാലായില്‍ നേടിയ അട്ടിമറി വിജയം എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും നല്‍കുന്ന ആശ്വാസം ചെറുതല്ല, പ്രത്യേകിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍. പാലായില്‍ സ്വീകരിച്ച അതേ ഫോര്‍മുലയുമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചുമണ്ഡലങ്ങളിലും ഇനി സി.പി.എം സ്വീകരിക്കുക. അതിനാല്‍ തന്നെ കോണ്‍ഗ്രസിനു മുന്‍പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സി.പി.എം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."